വീടാണ് ലോകം
റോം: ലോകത്തെ നടുക്കി, കൊവിഡ് ഭീതി വിട്ടൊഴിയാതെ തുടരുന്നു. ചൈനയില്‍നിന്നു തുടങ്ങി ഇപ്പോള്‍ യൂറോപ്പില്‍ സംഹാരതാണ്ഡവമാടുന്ന രോഗത്തെ ചെറുക്കാന്‍ ലോകം വീടുകളിലേക്ക് ഒതുങ്ങുകയാണ്. ഒട്ടുമിക്ക രാജ്യങ്ങളും പൗരന്‍മാരോട് വീടുകളില്‍ തുടരാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവശ്യ സര്‍വിസുകള്‍ മാത്രമാണ് ഇപ്പോള്‍ പല രാജ്യങ്ങളിലും നല്‍കപ്പെടുന്നത്.
രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈന വലിയ പ്രതിസന്ധിയില്‍നിന്നു കരകയറിയെങ്കിലും യൂറോപ്പും അമേരിക്കയും ഏഷ്യയുമെല്ലാം ഇപ്പോഴും പ്രതിസന്ധിയില്‍തന്നെയാണ്. ഇതില്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ് കൂടുതല്‍ ഭീതി നിലനില്‍ക്കുന്നത്. കൊവിഡ് ബാധിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നതും കൂടുതല്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതും യൂറോപ്യന്‍ രാജ്യമായ ഇറ്റലിയിലാണ്.
ഇവിടെ കഴിഞ്ഞ ദിവസം മാത്രം എണ്ണൂറിലേറെ പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ഇറ്റലിയില്‍ മാത്രം നാലായിരത്തി എണ്ണൂറ്റി അന്‍പതോളം പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. ചൈനയില്‍ കഴിഞ്ഞ ദിവസങ്ങളിലൊന്നും പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 3,248 പേരാണ് ചൈനയില്‍ മരിച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനം തടയുന്നതില്‍ ആദ്യ ഘട്ടം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇറ്റലിയില്‍ കഴിഞ്ഞ ദിവസം കര്‍ശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. അവശ്യ സര്‍വിസുകളെല്ലാത്തവയെല്ലാം ഏപ്രില്‍ മൂന്നുവരെ നിര്‍ത്തിവയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അവശ്യസര്‍വിസുകളില്‍ തന്നെ സര്‍ക്കാര്‍ മേല്‍നോട്ടവുമുണ്ട്. അതേസമയം, ഇറ്റലിയെ സാമ്പത്തികമായും അല്ലാതെയും സഹായിക്കാമെന്ന വാഗ്ദാനവുമായി റഷ്യ രംഗത്തെത്തിയിട്ടുണ്ട്.
ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും സര്‍ക്കാരുകള്‍ കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. സ്‌പെയിനില്‍ 394 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 1,720 ആയി. ഇരുപത്തി ഒന്‍പതിനായിരത്തേളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഒമാന്‍ അടക്കമുള്ള അറബ് രാജ്യങ്ങളിലും നിയന്ത്രണങ്ങളുണ്ട്. ഒമാനില്‍ 55 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഇറാനില്‍ മരണസംഖ്യ 1,685 ആയി. കഴിഞ്ഞ ദിവസം മാത്രം 129 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 1,028 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം എണ്ണായിരത്തോളമായി. മലേഷ്യയില്‍ 1,306 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 123 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പത്തുപേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്. ഇന്തോനേഷ്യയില്‍ രോഗം ബാധിച്ച് ഇതുവരെ 48 പേരാണ് മരിച്ചത്. ഇന്നലെമാത്രം പത്തുപേര്‍ മരിച്ചു. ആകെ 514 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
റൊമാനിയ, കൊസോവോ എന്നിവയും ഇന്നലെ രോഗം ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. 367 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, പുറത്തുനിന്നു രാജ്യത്തു തിരിച്ചെത്തിയ കൂടുതല്‍ ചൈനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 46 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരെല്ലാം വിദേശത്തുനിന്ന് തിരിച്ചെത്തിയവരായിരുന്നു.
തുര്‍ക്കി, അമേരിക്ക, ജര്‍മനി, സ്‌പെയിന്‍, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇന്നലെയും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ 348 പേരാണ് ഇതുവരെ മരിച്ചിരിക്കുന്നത്. മുപ്പതിനായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, പലസ്തീനിലെ ഗസയിലും ഇന്നലെ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ പാകിസ്താനില്‍നിന്നു തിരിച്ചെത്തിയവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."