കൈരേഖ പതിയുന്നില്ല; അലന് പെന്‍ഷന്‍ കിട്ടാന്‍ അധികൃതര്‍ കനിയണം
ആലക്കോട്: രോഗിയായ മകന് ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍. ജന്മനാ സെറിബ്രല്‍ പാള്‍സി രോഗം പിടിപെട്ട് ശരീരം തളര്‍ന്നു കിടക്കുന്ന പതിനൊന്നു വയസുകാരനു വേണ്ടിയാണ് മാതാപിതാക്കള്‍ ജില്ലാ ഭരണകൂടത്തെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
നടുവില്‍ പഞ്ചായത്തിലെ താവുകുന്നിലാണ് സെറിബ്രല്‍ പാള്‍സി എന്ന അപൂര്‍വ രോഗം പിടിപെട്ട് അലന്‍ താമസിക്കുന്നത്.വര്‍ഷങ്ങളായി ചികിത്സ നടത്തുന്നുണ്ടെങ്കിലും യാതൊരു ഫലവുമില്ല. ഓട്ടോ ഡ്രൈവറായ മൂത്തേടത്ത് സുനിലിന്റെയും എല്‍സിയുടെയും രണ്ടു മക്കളില്‍ ഇളയവനാണ് അലന്‍. രോഗിയായ ഭാര്യയെയും മകനെയും ചികിത്സിക്കുന്നതിന് ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന തുച്ചമായ വരുമാനം മാത്രമാണ് ഏക ആശ്രയം.
മുന്‍കാലങ്ങളില്‍ അലന് ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷന്‍ തുക ഇവര്‍ക്ക് ഒരനുഗ്രഹമായിരുന്നു. എന്നാല്‍ ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യണമെന്ന നിര്‍ദേശം വന്നതോടെയാണ് പെന്‍ഷനും മുടങ്ങിയത്. ആധാര്‍ കാര്‍ഡ് സ്വന്തമായുണ്ടെങ്കിലും കൈ രേഖകള്‍ പതിയാത്തതിനാല്‍ ഒരാവശ്യത്തിനും കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുന്നില്ല. ആധാര്‍ കാര്‍ഡ് സാധുവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപെട്ട് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാരുടെ കാരുണ്യം കൊണ്ടാണ് കേറികിടക്കാന്‍ ഒരു വീടെങ്കിലും ഇന്നിവര്‍ക്ക് സ്വന്തമായിട്ടുള്ളത്. മകന് മരുന്ന് മേടിക്കാനെങ്കിലും പെന്‍ഷന്‍ വഴി സാഹചര്യമൊരുങ്ങിയാല്‍ ഈ നിര്‍ധന കുടുംബത്തിന് അതൊരു ആശ്വാസമായിരിക്കും. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഇതിനായി ശ്രമിക്കുന്നുണ്ടെങ്കിലും നിയമത്തിന്റെ നൂലാമാലകളില്‍പെട്ട് അലന്റെ പെന്‍ഷന്‍ ഇന്നും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. സാഹചര്യം മനസിലാക്കിയെങ്കിലും കലക്ടര്‍ ഇടപെട്ട് അലന് പെന്‍ഷന്‍ ലഭ്യമാക്കുമെന്ന പ്രതീഷയിലാണ് കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."