വാട്‌സ്ആപ്പ് കൂട്ടായ്മയുടെ തണലില്‍ നിര്‍ധന കുടുംബത്തിന് വീടൊരുങ്ങുന്നു
കയ്പമംഗലം: നന്മയുടെ പാഠം പകര്‍ന്ന് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ തണലില്‍ നിര്‍ധന കുടുംബത്തിന് വീടൊരുങ്ങുന്നു. കയ്പമംഗലം പുത്തന്‍പള്ളി മഹല്ലിലെ ഉദാരമതികളും നാട്ടുകാരും ചേര്‍ന്നാണ് 'ഒരു കൈതാങ്ങ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിലൂടെ പണം കണ്ടെത്തി പാവപ്പെട്ട ഒരു കുടുംബത്തിന്റെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ മുന്നിട്ടിറങ്ങുന്നത്. നിര്‍ധന കുടുംബം താമസിക്കുന്ന വീടിന്റെ ശോചനീയാവസ്ഥ നേരിട്ടു മനസ്സിലാക്കിയ നാട്ടുകാര്‍ നന്‍മയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിലൂടെ വീട് നിര്‍മിച്ചു നല്‍കാനുള്ള സംഖ്യ സ്വരൂപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുത്തന്‍പള്ളി മഹല്ലില്‍ എം.ഐ .സി.സ്‌കൂളിന് സമീപം നിര്‍മിക്കാനുദ്ദേശിക്കുന്ന വീടിന് നാട്ടുകാരുടെ ഭാഗത്ത് എല്ലാവിധ സഹകരണവുമുണ്ടെന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന മുന്‍ കയ്പമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ പി.ബി താജുദ്ദീന്‍ പറഞ്ഞു.വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഇതുവരെ ലഭ്യമായ തുക ഉപയോഗിച്ച് വീടിന്റെ പണി ആരംഭിക്കാനാണ് ഗ്രൂപ്പ് അംഗങ്ങളുടെ തീരുമാനം. ഇന്ന് വൈകീട്ട് 4.30ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം സയ്യിദ് മുഹമ്മദ് കോയ ബാഅലവി അല്‍ഖാസിമി വാട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിന് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."