നമ്മുടെ ആസിഡ്
അച്ചാറിനുള്ളില്‍ ആസിഡ്
കൂട്ടുകാര്‍ക്കെല്ലാം അച്ചാര്‍ ഇഷ്ടമാണല്ലോ. പുളിയച്ചാര്‍ തൊട്ട് കടുമാങ്ങ അച്ചാര്‍ വരെ വിവിധ തരത്തിലുള്ള അച്ചാറുകള്‍ നിങ്ങള്‍ക്ക് സുപരിചിതമായിരിക്കും. അച്ചാറിടാനുപയോഗിക്കുന്ന ഫലവര്‍ഗങ്ങളിലെല്ലാം വിവിധ തരത്തിലുള്ള ആസിഡുകള്‍ കാണാം. എന്നാല്‍ അച്ചാറിടാനും ഒരു ആസിഡ് ഉപയോഗിക്കാറുണ്ട്. അച്ചാറുകളില്‍ പ്രിസര്‍വേറ്റീവായി ഉപയോഗിക്കുന്ന ആസിഡിന്റെ പേരാണ് അസറ്റിക് ആസിഡ്. എഥനോയിക് ആസിഡ് എന്ന പേരും ഈ ആസിഡിനുണ്ട്. നൂറുശതമാനം അസറ്റിക് ആസിഡിനെ ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് എന്നാണു വിളിക്കുന്നത്. ഇതിന്റെ അഞ്ചു മുതല്‍ എട്ടു ശതമാനം വരെ ഗാഢതയുള്ള ജലീയ ലായനിയാണ് നമ്മള്‍ അച്ചാറിടാന്‍ ഉപയോഗിക്കുന്ന വിനാഗിരി.
അമ്പടാ... പുളിയാ
പുളിയുള്ള പല വസ്തുക്കളും കൂട്ടുകാര്‍ രുചിക്കാറുണ്ടല്ലോ. പല വസ്തുക്കളുടെ പേരു പറയുമ്പോഴേക്കും വായില്‍ കപ്പലോടിക്കാനുള്ള വെള്ളം നിറയും അല്ലേ. പുളിരുചിയുള്ള പ്രകൃതി ജന്യവസ്തുക്കളില്‍ പലതിലും കാര്‍ബോസിലിക് ആസിഡുകള്‍ കാണും. പുളിയില്‍ ടാര്‍ടാറിക് ആസിഡ്, നാരങ്ങയില്‍ സിട്രിക് ആസിഡ്, മോരില്‍ ലാക്ടിക് ആസിഡ് എന്നിങ്ങനെ പോകുന്നു ആ നിര.
തട്ടിപ്പുകാരുടെ സ്വന്തം ആസിഡ്
സ്വര്‍ണത്തിന്റെ മാലിന്യം നീക്കം ചെയ്യും എന്ന് അവകാശപ്പെട്ടു ചില വിരുതന്മാര്‍ വീട്ടില്‍വരും. എന്നിട്ടു വീട്ടുകാരുടെ പക്കലുള്ള സ്വര്‍ണമാല ഒരു പാത്രത്തിലേക്കിടും കുറച്ചുസമയം കഴിഞ്ഞ് മാലിന്യം നീക്കം ചെയ്ത തിളങ്ങുന്ന സ്വര്‍ണാഭരണം തിരികെ ഏല്‍പ്പിച്ച് ചെറിയൊരു തുകയും വാങ്ങി വിരുതന്മാര്‍ സ്ഥലം വിടും. എന്നാല്‍ വീട്ടില്‍ വന്ന വിരുതന്മാര്‍ സ്വര്‍ണത്തിന്റെ മാലിന്യത്തോടൊപ്പം സ്വര്‍ണത്തേയും അലിയിപ്പിച്ച കാര്യം പല വീട്ടുകാര്‍ക്കും അറിയില്ല. തൂക്കി നോക്കിയാല്‍ ഈ കാര്യം കൃത്യമായും മനസിലാകും. സ്വര്‍ണത്തിന്റെ മാലിന്യം നീക്കം ചെയ്യാന്‍ സഹായിക്കുന്ന ലായനിയുടെ പേരാണ് അക്വാറീജിയ. സ്വര്‍ണം, പ്ലാറ്റിനം എന്നിവയെ പോലെയുള്ള കൂലീന ലോഹങ്ങളെ അലിയിപ്പിക്കാന്‍ കഴിയുന്ന അക്വാറീജിയ എന്ന രാജകീയ ദ്രാവകത്തിന്റെ ചേരുവ ഗാഢ നൈട്രിക് ആസിഡും ഹൈഡ്രോക്ലോറിക് ആസിഡുമാണ്. സ്വര്‍ണം ശുദ്ധീകരിച്ചെടുക്കുന്ന വോള്‍വില്‍ പ്രക്രിയയിലും അക്വാറീജിയ ഉപയോഗിക്കാറുണ്ട്.
ഉറുമ്പു കടിച്ചാല്‍ ആസിഡ്
ഉറുമ്പു കടിച്ചാല്‍ വേദനിക്കാനുള്ള കാരണങ്ങളിലൊന്ന് ഉറുമ്പിന്റെ ശരീരത്തിലെ ആസിഡ് കുത്തി വയ്ക്കുന്നത് കൊണ്ടാണ്. ഫോര്‍മിക്കാസിഡാണ് ഉറുമ്പിന്റെ ശരീരത്തിലുള്ള ആസിഡ്. മെഥനോയിക് ആസിഡ് എന്ന പേരും ഈ ആസിഡിനുണ്ട്. റബര്‍ ടാപ്പ് ചെയ്‌തെടുത്താല്‍ ലഭിക്കുന്ന റബര്‍ പാല്‍ ഉറച്ചു കട്ടിയാകാന്‍ ചേര്‍ക്കുന്നത് ഫോര്‍മിക്കാസിഡാണ്.
ബോറനല്ല ബോറിക് ആസിഡ്
പല പഴവര്‍ഗങ്ങളില്‍ കാണപ്പെടുന്ന ആസിഡാണ് ബോറിക് ആസിഡ്. ഹൈഡ്രജന്‍ ബോറേറ്റ് എന്ന പേരും ഈ ആസിഡിനുണ്ട്. കൂട്ടുകാര്‍ കാരംസ് കളിക്കാറില്ലേ. കാരംബോഡിന്റെ മിനുസം കൂട്ടാന്‍ ബോറിക് ആസിഡ് ഉപയോഗിക്കാറുണ്ട്.
മൂത്രത്തിലും ആസിഡ്
നമ്മുടെ മൂത്രത്തിലും ഒരു ആസിഡുണ്ട്. അതാണ് യൂറിക്ക് ആസിഡ്. മനുഷ്യരില്‍ മാത്രമല്ല പല തരത്തിലുള്ള ജീവി വര്‍ഗങ്ങളുടേയും മൂത്രത്തില്‍ ഈ ആഡിഡ് കാണപ്പെടുന്നു. യൂറിക് ആസിഡ് ശരീരത്തിലെ വൃക്കകളാണ് ശരീരത്തില്‍നിന്നു പുറംതള്ളുന്നത്.
പഴങ്ങളുടെ മണം ആസിഡ് വഴി
പഴുത്ത പഴങ്ങളുടെ മണത്തിനു കാരണം ഒരു ആസിഡാണ്. പേര് മാലിക് ആസിഡ്. പഴുക്കാത്ത ആപ്പിളുകളില്‍ ഇവ ധാരാളമായുണ്ട്.
ആമാശയത്തിലും ആസിഡ്
ഭക്ഷണത്തിന്റെ കൃത്യസമയങ്ങളില്‍ നമ്മുടെ ആമാശയത്തില്‍ ഒരു ആസിഡ് രൂപപ്പെടാറുണ്ട്. പേര് ഹൈഡ്രോക്ലോറിക് ആസിഡ്. പെപ്‌സിന്‍, ഹൈഡ്രോക്ലോറിക് ആസിഡ്, ശ്ലേഷ്മം എന്നിവയാണ് ആമാശയ രസത്തിലെ ഘടകങ്ങള്‍. പെപ്‌സിന്‍ പ്രോട്ടീനിനെ ഭാഗികമായി പെപ്‌റ്റോണാക്കുന്നു. ഭക്ഷണത്തിലെ രോഗാണുക്കളെ ദഹിപ്പിക്കുകയും പി.എച്ച് മൂല്യത്തെ ക്രമപ്പെടുത്തുകയുമാണ് ഹൈഡ്രോക്ലോറിക് ആസിഡ് ചെയ്യുന്നത്. ശ്ലേഷ്മം ദഹന രസങ്ങളുടെ പ്രവര്‍ത്തനത്തില്‍നിന്ന് ആമാശയ ഭിത്തിയെ സംരക്ഷിക്കുന്നു.
മരച്ചീനിയിലെ ആസിഡ്
മരച്ചീനിയും മീനും പഴയ തലമുറയുടെ ഇഷ്ടഭക്ഷണമാണ്. മരച്ചീനിയില്‍ കാണപ്പെടുന്ന ആസിഡാണ് പ്രൂസിക് ആസിഡ്. യഥാര്‍ഥത്തില്‍ ഇത് ഹൈഡ്രജന്‍ സയനൈഡ് എന്ന വിഷവസ്തുവാണ്.
ചൊറിയനായ ആസിഡ്
ചേന, ചേമ്പ് തുടങ്ങിയ ഭക്ഷ്യവിഭവങ്ങള്‍ മുറിക്കുമ്പോള്‍ പലരുടേയും ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. ഓക്‌സാലിക് ആസിഡ് എന്ന വിരുതനാണ് ഇവയിലെ ചൊറിച്ചിലിന് കാരണമാകുന്നത്.
ടേസ്റ്റാണ് ആസിഡ്
കൂട്ടുകാര്‍ക്ക് സോഡയും അനുബന്ധമായ കോളയും ഇഷ്ടമാണല്ലോ. സോഡയിലുള്ള ആസിഡാണ് കാര്‍ബോണിക് ആസിഡ്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ജലത്തില്‍ ലയിപ്പിച്ചാണ് ഈ ആസിഡ് ഉണ്ടാകുന്നത്. കോളകളില്‍ ഉപയോഗിക്കുന്ന ആസിഡാണ് ഫോസ്‌ഫോറിക് ആസിഡ്. ഇരുമ്പുകളില്‍ കാണപ്പെടുന്ന തുരുമ്പ് നീക്കം ചെയ്യാന്‍ ഫോസ്‌ഫോറിക് ആസിഡ് ഉപയോഗിക്കാറുണ്ട്.
കരയിപ്പിക്കുന്ന ആസിഡ്
ഉള്ളി മുറിക്കുമ്പോള്‍ കരച്ചില്‍ വരുന്നതിനു പിന്നിലെ രഹസ്യമെന്താണെന്ന് കൂട്ടുകാര്‍ക്കറിയാം. ഉള്ളിയിലടങ്ങിയിരിക്കുന്ന സള്‍ഫീനിക് ആസിഡിന്റെ പ്രവര്‍ത്തന ഫലമായി സിന്‍ പ്രൊപന്തെയ്ന്‍ എസ് ഓക്‌സൈഡ് എന്നൊരു രാസവസ്തുവുണ്ടാകുന്നുണ്ട്. ഈ രാസവസ്തുവുണ്ടാക്കുന്ന എരിച്ചില്‍ കുറച്ച് കണ്ണിനെ രക്ഷിക്കാനാണ് കണ്ണുനീര്‍ഗ്രന്ഥികള്‍ കണ്ണുനീര്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
ശുക്രനിലെ മഴ
ശുക്രഗ്രഹത്തില്‍ ഒരു ആസിഡ് മഴയായി പെയ്യാറുണ്ടെന്നാണ് ഗവേഷകരുടെ വാദം. സള്‍ഫ്യൂരിക് ആസിഡ് ആണത്രേ ഇങ്ങനെ മഴയായി ശുക്രനില്‍ പെയ്യുന്നത്. എന്നാല്‍ ഇങ്ങനെ മഴയായി പെയ്യുന്ന ആസിഡ് താഴെയെത്തുന്നതിനു മുമ്പുതന്നെ ബാഷ്പീകരിച്ചു പോകുമത്രേ.
അസ്‌കോര്‍ബിക് ആസിഡ്
വൈറ്റമിന്‍ എന്ന് നമ്മള്‍ വിളിക്കുന്ന ഘടകം രാസപരമായി അസ്‌കോര്‍ബിക് ആസിഡ് എന്നാണ് അറിയപ്പെടുന്നത്. പുളി രുചിയുള്ള പഴവര്‍ഗങ്ങളില്‍ ഈ ആസിഡ് ധാരാളമായുണ്ട്.
ആസിഡുകളിലെ രാജാവ്
ആസിഡുകളിലെ രാജാവ് എന്ന പ്രയോഗത്തേക്കാള്‍ രാസവസ്തുക്കളുടെ രാജാവ് എന്ന അംഗീകാരമാണ് സള്‍ഫ്യൂരിക് ആസിഡിന് ഉള്ളത്. ഓയില്‍ ഓഫ് വിട്രിയോള്‍ എന്ന പേരും ഇദ്ദേഹത്തിനുണ്ട്. വീര്യം കൂടിയ ഈ ആസിഡ് ചര്‍മവുമായി ചേര്‍ന്നാല്‍ പൊള്ളലേല്‍ക്കും. രാസവളങ്ങള്‍, ഫൈബറുകള്‍, ഡൈകള്‍, പെയിന്റ്, തുകല്‍ സംസ്‌കരണം എന്നീ മേഖലകളില്‍ സള്‍ഫ്യൂരിക് ആസിഡ് ഉപയോഗിക്കുന്നു.
പി.എച്ച് പേപ്പര്‍
പി.എച്ച് പേപ്പര്‍ എന്നോ പി.എച്ച് ഇന്‍ഡിക്കേറ്റര്‍ എന്നോ കൂട്ടുകാര്‍ കേട്ടിട്ടുണ്ടോ. ആസിഡും ആല്‍ക്കലിയും വേര്‍തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന വസ്തുക്കളാണിവ. പി.എച്ച് മൂല്യം ഏഴില്‍ കുറഞ്ഞവയാണ് ആഡിഡുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. പി.എച്ച് പേപ്പറിനെയോ ഇന്‍ഡിക്കേറ്ററിനെയോ പോലെ ആസിഡുകളും ആല്‍ക്കലികളും തമ്മില്‍ വേര്‍തിരിച്ചറിയാനാണ് ലിറ്റ്മസ് പേപ്പര്‍. ആസിഡുകള്‍ നീല ലിറ്റ് മസ് പേപ്പറിനെ ചുവപ്പ് നിറമുള്ളതാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."