രൂപ കൂടുതല്‍ ദുര്‍ബലമാകുന്നു; ആശ്വസിക്കാന്‍ വകയില്ലാതെ പ്രവാസികള്‍
ജിദ്ദ: കൊറോണ വൈറസ് ലോക വ്യാപകമായി പടര്‍ന്ന് പിടിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ വലിയ പ്രതിസന്ധിയാണ് സാമ്പത്തിക മേഖല നേരിട്ടുകൊണ്ടിരിക്കുന്നത്. ഓഹരി വിപണി വലിയ തകര്‍ച്ചയിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. രൂപയുടെ മൂല്യവും ദിനംപ്രതി ഇടിഞ്ഞ് വരികയാണ്. ഡോളറിനെതിരെ രൂപയുടെ ബുധനാഴ്ചത്തെ മൂല്യം 76.22 രൂപയാണ്. ഡോളറിനെതിരെ 77 എന്ന ശരാശരി നിരക്കിലായിരിക്കും ഇന്ത്യന്‍ രൂപ ഈ വര്‍ഷം നിലകൊള്ളുക എന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിലവിലെ തകര്‍ച്ച തുടരുന്നതോടെ 2020 ലും രൂപ കരകയറില്ല. 80 എന്ന നിരക്കിലേക്ക് വരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞേക്കാമെന്നും രാജ്യാന്തര സാമ്പത്തിക പഠന ഏജന്‍സി, ഫിച്ച് സൊല്യൂഷന്‍സ് അഭിപ്രായപ്പെടുന്നു.
അതേ സമയം രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് പൊതുവെ നേട്ടമായി വിലയിരുത്താറുണ്ടായിരുന്നു, എന്നാല്‍ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ നിലവില്‍ പ്രവാസികള്‍ക്ക് നേട്ടം ഉണ്ടാക്കാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
വിവിധ ഗള്‍ഫ് കറന്‍സികള്‍ക്ക് ഇപ്പോള്‍ റെക്കോര്‍ഡ് മൂല്യമാണ് ഇന്ത്യന്‍ രൂപയ്ക്കെതിരെ. ഒരു ദിര്‍ഹത്തിന് 20 രൂപ 89 രൂപ പൈസവരെയാണ് കഴിഞ്ഞ ദിവസം ലഭിച്ച മികച്ച നിരക്ക്. 2018ലായിരുന്നു ഇതിന് മുമ്പ് യുഎഇ ദിര്‍ഹത്തിനെതിരെ രൂപയ്ക്ക് ഏറ്റവും ഉയര്‍ന്ന മൂല്യം ലഭിച്ചത്. 20.25 രൂപയായിരുന്നു അന്നത്തെ നിരക്ക്. നിലവിൽ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്കുകള്‍ ഇങ്ങനെ. ബഹ്റൈനി ദിനാര്‍ - 200.62, കുവൈത്തി ദിനാര്‍ - 241.82, ഒമാനി റിയാല്‍ - 196.19,ഖത്തര്‍ റിയാല്‍ - 20.72,
സഊദി റിയാല്‍ - 20.11. എന്നിട്ടും ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് പണമയക്കുന്നവരെ എണ്ണം വളരെ കുറവാണ്. ധനവിനിമയ സ്ഥാപനങ്ങളില്‍ ഒന്നും കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല.
ഗള്‍ഫില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനോടൊപ്പം അയക്കാന്‍ പണമില്ല എന്നതുമാണ് ഇതിന്‍റെ പ്രധാന കാരണം. കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ പല സ്ഥാപനങ്ങളും അടച്ച് പൂട്ടിയിട്ടുണ്ട്. കമ്പനികളില്‍ ഭൂരിപക്ഷവും പ്രവര്‍ത്തനം മന്ദഗതിയിലാക്കി. സൂപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഒഴികെ മറ്റു വിഭാഗങ്ങളിലൊന്നും കച്ചവടം നടക്കുന്നില്ല.
കമ്പനികള്‍ക്ക് പുതിയ പ്രൊജക്ടുകള്‍ ലഭിക്കാത്ത അവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇതോടെ ജീവനക്കാര്‍ക്ക് ദീര്‍ഘനാളത്തെ ശമ്പളമില്ലാത്ത അവധിയാണ് പല കമ്പനികളും നല്‍കികൊണ്ടിരിക്കുന്നത്. ഇതിന് പുറമെ തൊഴിലാളികളുടെ എണ്ണം പരിമിതിപ്പെടുത്തല്‍, വര്‍ക്ക് ഫ്രം ഹോം സംവിധാനങ്ങളും കമ്പനികള്‍ ഏര്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ശമ്പളം കൃത്യമായി ലഭിക്കുമോയെന്ന ആശങ്ക പല പ്രവാസികള്‍ക്കുമുണ്ട്. രൂപയുടെ മൂല്യം കുറയുന്നതോടെ കയ്യിലുള്ള പണം പൂര്‍ണ്ണമായും നാട്ടിലേക്ക് അയക്കാന്‍ തീരുമാനിച്ചാല്‍ അതും തിരിച്ചടിയാവുമെന്ന കാര്യം പ്രവാസികള്‍ ചിന്തിക്കണമെന്നും അത്യാവശ്യ തുക കയ്യില്‍ കരുതിയതിന് ശേഷം മാത്രമെ നാട്ടിലേക്ക് പണം അയക്കാവു എന്നു വിദഗ്ധരുടെ മുന്നറിയിപ്പ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."