പട്ടികജാതിക്കാരന്റെ മിച്ചഭൂമി തട്ടിയെടുത്തതായി പരാതി
മാള: പാവപ്പെട്ട പട്ടികജാതിക്കാരന്റെ മിച്ചഭൂമി കൃത്രിമരേഖയുണ്ടാക്കി തട്ടിയെടുത്തതായി പരാതി. എറിയാട് പേബസാര്‍ ഏപ്പിള്ളി കോരഞ്ചിറ സുബ്രുവിനു പൊയ്യ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 2626 ലുള്ള 30 സെന്റ് ഭൂമിയാണു ഭൂമാഫിയ തട്ടിയെടുത്തത്.
ഇതിനു റവന്യൂ ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായം ലഭിച്ചിട്ടുണ്ടെന്നും പരാതിയുണ്ട്. 1978 ല്‍ 11 ഭൂരഹിത കര്‍ഷകര്‍ക്കായി പൊയ്യ വില്ലേജിലെ മാളപള്ളിപ്പുറത്തു 2626 സര്‍വ്വേ നമ്പറില്‍ പെട്ട ഭൂമി സര്‍ക്കാര്‍ പതിച്ചു നല്‍കിയിരുന്നു. പത്മനാഭപ്രഭു എന്നയാളില്‍ നിന്നും മിച്ചഭൂമി നിയമപ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണു ബി 5105187ാം നമ്പര്‍ ഫയല്‍ പ്രകാരം 11 കര്‍ഷകര്‍ക്കായി നല്‍കിയത്. അതില്‍ പെട്ടതാണു സുബ്രുവിന്റെ 30 സെന്റ് ഭൂമി. ഇതിന്റെ ഭാഗമായി തൃശൂര്‍ കലക്ടറേറ്റില്‍ നിന്നും രണ്ടു അസൈന്‍മെന്റ്് പേപ്പറുകളും നല്‍കി. പട്ടയം പിന്നീടു നല്‍കുമെന്നതിന്റെ അടിസ്ഥാനത്തിലാണീ പേപ്പറുകള്‍ നല്‍കിയത്. വെള്ളക്കെട്ടു പ്രദേശമായതിനാല്‍ 1982 ല്‍ ചെമ്മീന്‍കൃഷി ചെയ്യുന്നതിനായി ലൈസന്‍സ് ലഭിച്ചു. ഇതേതുടര്‍ന്നു കാളിയാടന്‍ ചാക്കോ എന്ന വ്യക്തിക്കു ഭൂമി ചെമ്മീന്‍കൃഷി ചെയ്യുന്നതിനായി തുച്ഛമായ സംഖ്യക്കു പാട്ടത്തിനു നല്‍കി. 2012 ല്‍ ചാക്കോ മരിച്ചതിനു ശേഷം മകന്‍ പീയൂസായിരുന്നു ഭൂമി കൈകാര്യം ചെയ്തിരുന്നത്.
ഇതിനു മുന്‍പു സ്ഥിരമായി പൊയ്യ വില്ലേജ് ഓഫിസില്‍ 2007 വരെ സുബ്രു കരം അടച്ചിരുന്നു. അവസാനമായി കരമടച്ചതു 2007 മെയ് മൂന്നിനാണ്. അടുത്ത തവണ കരമടക്കാനായി വില്ലേജ് ഓഫിസിലെത്തിയ സുബ്രുവിന്റെ പക്കല്‍ നിന്നും കരം സ്വീകരിക്കാന്‍ വില്ലേജ് ഓഫിസര്‍ തയ്യാറായില്ല. പട്ടയമില്ലാതെ കരമടക്കാനാകില്ലെന്ന നിലപാടാണു വില്ലേജ് ഓഫിസര്‍ സ്വീകരിച്ചത്. ഇതിനിടയില്‍ സുബ്രുവിന്റെ സ്ഥലമടക്കം കൊടുങ്ങല്ലൂര്‍ കോതപറമ്പിലുള്ള പറമ്പത്ത്കണ്ടി സഫറലിയുടെ കൈവശമെത്തി. ഷീറ്റും ഗ്രില്ലുമുപയോഗിച്ചു സുബ്രുവിന്റെ ഭൂമിയടക്കം മറച്ചു ഭദ്രമാക്കുകയും കൃത്രിമമായി ആധാരം ഉണ്ടാക്കുകയും ചെയ്‌തെന്നാണു സുബ്രുവിന്റെ പരാതി. ഇതേതുടര്‍ന്നു നിരവധി തവണ ജില്ലാ കലക്ടര്‍ക്കും കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ക്കും പരാതികള്‍ അയച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി, ഹരിജനക്ഷേമ വകുപ്പുമന്ത്രി, റവന്യൂ വകുപ്പുമന്ത്രി തുടങ്ങിയവര്‍ക്കു രണ്ടു തവണ പരാതികളയച്ചു. ഇതിന്റെ മറുപടിയായി കലക്ടറേറ്റിലും കൊടുങ്ങല്ലൂര്‍ താലൂക്ക് ഓഫീസിലും അന്വേഷണത്തിനുത്തരവായി. ഇതേ തുടര്‍ന്നു സുബ്രു താലൂക്ക് ഓഫീസിലെത്തുമ്പോഴെല്ലാം സഫറലിയോടു ആധാരവും കീഴാധാരവും ഹാജരാക്കുവാന്‍ പറഞ്ഞിട്ടു ഇതുവരെ ഹാജരാക്കിയിട്ടില്ലയെന്നാണു പറയുന്നത്. രണ്ടു കൊല്ലമായിതു തുടരുകയാണ്. ഇതിനിടയില്‍ പൊയ്യ വില്ലേജ് ഓഫീസില്‍ സഫറലിയുടെ പേരില്‍ ഭൂമിയുടെ പോക്കുവരവു ചെയ്തിട്ടുണ്ട്. സഫറലിയുടെ പക്കല്‍ നിന്നും 2012 മുതല്‍ കരവും സ്വീകരിക്കുന്നുണ്ട്. ഭൂമിയുടെ പട്ടയമില്ലാതെയാണു സഫറലിയുടെ പക്കല്‍ നിന്നും കരം സ്വീകരിക്കുന്നതെന്നാണു സുബ്രു പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ 2017 ജൂണ്‍ രണ്ട് മുതല്‍ ഭൂമി അളക്കാനായി താലൂക്ക് സര്‍വെയര്‍ പലവട്ടം വന്നെങ്കിലും ഭൂമി അടച്ചു കെട്ടിയതിനാല്‍ അളവു നടന്നില്ല. ഇതിനിടയിലെപ്പോഴൊ സുബ്രുവിനു പട്ടയം അയച്ചിരുന്നതായും സുബ്രു അതു കൈപ്പറ്റിയില്ലെന്നുമാണു അധികൃതഭാഷ്യം. വില്ലേജ് ഓഫിസിലും മറ്റും നിരന്തരം കയറിയിറങ്ങുന്ന സുബ്രുവിന്റെ പേരില്‍ പട്ടയം അയച്ചെങ്കിലതു എവിടെ പോയെന്നാണു ചോദ്യമുയരുന്നത്. സുബ്രുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 2016 ഫെബ്രുവരി 22 നു പട്ടികജാതിപട്ടികവര്‍ഗ്ഗ കമ്മിഷന്‍ ആര്‍.ഡി.ഒ യോടു സുബ്രുവിനു മൂന്നു മാസത്തിനകം പകരം പട്ടയം അനുവദിക്കണമെന്നു ഉത്തരവിട്ടെങ്കിലും ഒന്നും നടന്നില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ 2017 ഒക്ടോബര്‍ 20നു തഹസില്‍ദാര്‍ നല്‍കിയ മറുപടിയില്‍ പറയുന്നത് . സുബ്രുവിനു പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ കാര്യാലയത്തില്‍ സ്വീകരിച്ചു വരുകയാണെന്നാണ്. ഒടുവില്‍ 2018 ജനുവരി 24 നു കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ നല്‍കിയ മറുപടിയില്‍ സുബ്രുവിനോടു കോടതിയില്‍ പോയി പരിഹാരം കാണാമെന്നാണു പറയുന്നത്. ഇതുമായി ബന്ധപ്പെട്ടു ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സുബ്രുവിനെ കൂടാതെ മരുമകന്‍ ഷാന്‍കുമാറും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."