കശുവണ്ടി മേഖലയില്‍ പണിമുടക്ക്
കൊല്ലം: കേരള കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസിന്റെ (ഐ.എന്‍.ടി.യു.സി)യും എ.ഐ.യു.ഡബ്ല്യു.സിയുടെയും നേതൃത്വത്തില്‍ 11ന് കശുവണ്ടി മേഖലയില്‍ പണിമുടക്ക് നടത്തുമെന്ന് കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സവിന്‍ സത്യന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കശുവണ്ടി മേഖലയിലെ സ്വകാര്യ ഫാക്ടറികളിലും കെ.എസ്.സി.ഡി.സി, കാപ്പെക്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ കീഴിലുള്ള ഫാക്ടറികളിലും പണിമുടക്ക് നടത്തും. കൊല്ലം പ്രസ് ക്ലബിന് മുന്നില്‍നിന്നു രാവിലെ 10ന് ആരംഭിക്കുന്ന പ്രകടനം കൊല്ലം പി.എഫ് ഓഫിസില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന ധര്‍ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കെ.എസ്.സി.ഡി.സിയിലും കാപ്പെക്സിലും റോസ്റ്റര്‍, ബോര്‍മ്മ, ഫില്ലിങ്, മേശിരി, കേണല്‍ വെയര്‍, കേണല്‍ ചെക്കര്‍, തൊട്ടിപ്പുരയിലെ ആയ തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുന്നവരെ റീട്ടെയിനിങ് വിഭാഗത്തില്‍നിന്നു ഒഴിവാക്കി എല്ലാ ആനുകൂല്യങ്ങളോടും കൂടിയുള്ള മാസശമ്പളക്കാരായി കണക്കാക്കുക, തുറക്കാന്‍ തയ്യാറാകാത്ത സ്വകാര്യ ഫാക്ടറികള്‍ കെ.എസ്.സി.ഡി.സി വഴി സര്‍ക്കാര്‍ ഏറ്റെടുക്കുക, തൊഴിലാളികള്‍ക്ക് പെന്‍ഷനും ചികിത്സയും നിഷേധിക്കുന്ന ഇ.എസ്.ഐ, പി.എഫ് കരിനിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. അഡ്വ. എം.ജി ജയകൃഷ്ണന്, ചിറക്കര ശശി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."