ഷൊര്‍ണൂര്‍-ചെറുവത്തൂര്‍ പാത വൈദ്യുതീകരിച്ചിട്ടും യാത്രാവണ്ടികള്‍ ഓടിക്കാന്‍ നടപടിയായില്ല
കോഴിക്കോട്: വൈദ്യുതീകരിച്ച ഷൊര്‍ണൂര്‍-ചെറുവത്തൂര്‍ റെയില്‍ പാത കമ്മിഷന്‍ ചെയ്തിട്ടും പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാന്‍ നടപടിയായില്ല. വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ പാത കഴിഞ്ഞദിവസമാണ് റെയില്‍മന്ത്രി സുരേഷ് പ്രഭു വിഡിയോ കോണ്‍ഫറന്‍സിലൂടെ കമ്മിഷന്‍ ചെയ്തത്. എന്നാല്‍ ഇതിന്റെ ഗുണം യാത്രക്കാര്‍ക്ക് ലഭിക്കാന്‍ ഇനിയും കാലതാമസമെടുക്കും. നിലവില്‍ ഗുഡ്‌സ് ട്രെയിനുകള്‍ക്ക് പുറമെ കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് മാത്രമാണ് ഇലക്ട്രിക് എന്‍ജിന്‍ ഘടിപ്പിച്ച് സര്‍വിസ് നടത്തുന്നത്. എന്നാല്‍ മറ്റു പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് വൈദ്യുതി എന്‍ജിന്‍ ഉപയോഗിച്ച് സര്‍വിസ് നടത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. പാതയില്‍ തിരൂരിലും എലത്തൂരിലുമുള്ള സബ് സ്റ്റേഷന്‍ പണി പൂര്‍ത്തിയാവാത്തതിനാലാണ് ഇലക്ട്രിക് ട്രെയിനിന് ഓടാന്‍ കഴിയാത്തത്.
സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് റെയില്‍വേക്ക് കൈമാറാന്‍ വൈകിയതാണ് തിരൂര്‍ സബ്‌സ്റ്റേഷന്റെ പണി നീളാന്‍ കാരണം. പ്രാദേശികമായ എതിര്‍പ്പാണ് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വൈകിപ്പിച്ചത്. സബ്‌സ്‌റ്റേഷന്റെ പണി വേഗത്തില്‍ നടക്കുന്നുണ്ടെന്നാണ് റെയില്‍വേയുടെ വിശദീകരണം. തിരൂര്‍ സബ്‌സ്റ്റേഷന്‍ പണി പൂര്‍ത്തിയാകാതെ പാത കമ്മിഷന്‍ ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു നേരത്തെ റെയില്‍വേയുടെ നിലപാട്. എന്നാല്‍ സബ്‌സ്റ്റേഷന്‍ പണി അനന്തമായി നീളുന്നതിനാല്‍ പാതയില്‍ ട്രയല്‍ റണ്‍ നടത്തി കമ്മിഷന്‍ ചെയ്യുകയായിരുന്നു. എലത്തൂര്‍ സബ്‌സ്‌റ്റേഷനും പൂര്‍ത്തിയായി വരുന്നതേയുള്ളൂ.
നിലവില്‍ ഷൊര്‍ണൂരില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ഗുഡ്‌സ് ട്രെയിനുകളും ജനശതാബ്ദിയും സര്‍വിസ് നടത്തുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഇലക്ട്രിക് ട്രെയിനിന് ഈ പാതയില്‍ സര്‍വിസ് നടത്താനാകുമെന്നായിരുന്നു റെയില്‍വേയുടെ കണക്കുകൂട്ടല്‍.
വൈദ്യുതീകരണം പൂര്‍ത്തിയായാല്‍ പാതയില്‍ മെമു സര്‍വിസ് ആരംഭിക്കാനുള്ള അനുമതി നല്‍കുമെന്ന് കേന്ദ്രം റെയില്‍വേയ്ക്ക് ഉറപ്പ് നല്‍കിയതാണ്. മലബാറില്‍ മെമു സര്‍വിസ് ആരംഭിച്ചാല്‍ സാമ്പത്തിക ലാഭമുണ്ടാകുമെന്നും റെയില്‍വേ പ്രതീക്ഷിക്കുന്നുണ്ട്. വൈദ്യുതീകരണം വൈകിയ വേളയില്‍ ബദല്‍ മാര്‍ഗങ്ങളുപയോഗിച്ച് മലബാറില്‍ മെമു സര്‍വിസ് നടത്തുന്നതിനെക്കുറിച്ചും റെയില്‍വേ ആലോചിച്ചിരുന്നു. ഷൊര്‍ണൂര്‍ - മംഗലാപുരം പാതയിലെ കോഴിക്കോട് വരെയുള്ള ഭാഗത്ത് ഷൊര്‍ണൂരില്‍നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് സര്‍വിസ് നടത്താനാണ് റെയില്‍വേ ആലോചിച്ചിരുന്നത്. എന്നാല്‍ ഇത് വലിയ തോതിലുള്ള നഷ്ടത്തിന് ഇടയാക്കുമെന്ന വിദഗ്ധ ഉപദേശം ലഭിച്ചതോടെ റെയില്‍വേ തീരുമാനത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."