'ഉപതെരഞ്ഞെടുപ്പ് വര്‍ഗീയ ധ്രുവീകരണത്തിനും ദുര്‍ഭരണത്തിനും എതിരായ വിധിയെഴുത്താവും'
മഞ്ചേരി: മലപ്പുറം മണ്ഡലം ഉപതെരഞ്ഞെടുപ്പ് രാജ്യത്തെ വര്‍ഗീയ ധ്രുവീകരണത്തിനും ഇടതു ദുര്‍ഭരണത്തിനുമെതിരായ വിധിയെഴുത്താവുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാണ്ടിക്കാട് ക്രസന്റ് ഓഡിറ്റോറിയത്തില്‍ നടന്ന മുസ്‌ലിം ലീഗ് 69 ാം സ്ഥാപകദിന ആഘോഷവും മഞ്ചേരി മണ്ഡലം മുസ്‌ലിം ലീഗ് കണ്‍വന്‍ഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. രാജ്യത്ത് മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള വര്‍ഗീയ ചേരിതിരിവാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഹിജാബ് ധരിച്ച് പൊതുപരിപാടിയില്‍ സംബന്ധിക്കുന്നത് തടഞ്ഞത് ഇതിന്റെ അവസാനത്തെ ഉദാഹരണമാണ്. ശരീഅത്തിനോടുള്ള വെല്ലുവിളി ഭരണഘടനയോടുള്ള അവഹേളനം കൂടിയാണെന്ന് തങ്ങള്‍ പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. എ മജീദ് അധ്യക്ഷനായി. ദേശീയതയുടെ അകവും പുറവും എന്ന വിഷയത്തില്‍ സി. പി ജോണ്‍ ക്ലാസെടുത്തു. അഡ്വ. യു. എ ലത്തീഫ്, നാലകത്ത് സൂപ്പി, വണ്ടൂര്‍ ഹൈദരലി, പി. എ റശീദ് ,എം. പി. എം ഇസ്ഹാഖ് കുരിക്കള്‍, സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍, വല്ലാഞ്ചിറ മുഹമ്മദലി, അഡ്വ. എന്‍. സി ഫൈസല്‍, അന്‍വര്‍ മുള്ളമ്പാറ, പി. വി മുഹമ്മദ് അരീക്കോട്, കുറുക്കോളിമൊയ്തീന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."