മഫ്ത സംഭവം, ക്ഷണിച്ചുകൊണ്ടുപോയി അപമാനിച്ചു: വി.പി ഫൗസിയ
തൃക്കരിപ്പൂര്‍: ലോക വനിതാ ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വനിതാ പ്രസിഡന്റുമാര്‍ക്കു സംഘടിപ്പിച്ച ക്യാംപില്‍ മഫ്ത ധരിച്ചതിന്റെ പേരില്‍ അകത്തു കടത്തിവിടാതെ മുക്കാല്‍ മണിക്കൂറോളം തടഞ്ഞുവെക്കുകയും മാനസിക പീഡനം അനുഭവിക്കേണ്ടി വരികയും ചെയ്തതു മതേതര രാജ്യത്തു നടക്കാന്‍ പാടില്ലാത്തതാണെന്നും ഇതു ക്ഷണിച്ചുകൊണ്ടുപോയി അപമാനിക്കലാണെന്നും നാട്ടിലേക്ക് തിരിച്ചെത്തിയ തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ പറഞ്ഞു.
സംസ്ഥാനത്തെ മറ്റു പ്രസിഡന്റുമാരോടൊപ്പമാണ് ആറിനു കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച സ്വച്ച് ശക്തി ക്യാംപില്‍ പങ്കെടുക്കാന്‍ ഗുജറാത്തിലെത്ത്. രണ്ടു ദിവസം പൊലിസ് സുരക്ഷയില്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. എട്ടിനു ഗാന്ധി നഗറില്‍ മഹാത്മാ മന്ദിരത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയോടെയാണ് സന്ദര്‍ശനം കഴിയുന്നത്.
പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ മഹാത്മാ മന്ദിരത്തില്‍ എത്തി എല്ലാവരും പ്രതിനിധി കാര്‍ഡ് കാണിച്ച് അകത്തു കടന്നു. എന്നാല്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റായ തന്നെയും ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീമിനെയും മഫ്ത്ത ധരിച്ചതിനാല്‍ അകത്ത് കയറ്റാന്‍ തയാറായില്ല. മഫ്ത്ത മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും ഞങ്ങള്‍ വഴങ്ങിയില്ല. ഒടുവില്‍ ഒരു ഉന്നത ഉദ്യോഗസ്ഥനെത്തി അകത്തേക്ക് കയറ്റി വിടുകയായിരുന്നു.
രണ്ടാം ഗേറ്റില്‍ വീണ്ടും തടഞ്ഞു. അകത്ത് കയറ്റി വിടാതെ മറ്റൊരു സ്ഥലത്ത് മാറ്റിനിര്‍ത്തുകയായിരുന്നു. അകത്തേക്ക് പോകുന്നവരും സുരക്ഷാ ജീവനക്കാരും ഞങ്ങളെ ഭീകരരെ പോലെ നോക്കുകയായിരുന്നു. ഇതു തങ്ങളെ മാനസികമായി തളര്‍ത്തി. തങ്ങളെ ക്ഷണിച്ചു വരുത്തിയതാണെന്നും ജനപ്രതിനിധികളാണെന്നും മറ്റും പറഞ്ഞെങ്കിലും ഒന്നും അവര്‍ ചെവിക്കൊണ്ടില്ല.
മഫ്ത ഒഴിവാക്കുന്നില്ലെങ്കില്‍ മുകളില്‍ പോയി സ്‌ക്രീനില്‍ പരിപാടികാണാനാണ് ഒരു ഓഫിസര്‍ പറഞ്ഞത്. ഒടുവില്‍ തങ്ങള്‍ കോര്‍ഡിനേറ്ററെ വിളിച്ച് വിവരം അറിയിച്ചു. കോര്‍ഡിനേറ്റര്‍ കേരളത്തിലെ മുഴുവന്‍ പ്രസിഡന്റുമാരെയും വിവരം അറിയിച്ചു. എല്ലാവരും ഒന്നിച്ച് സംഘാടകരെ കണ്ടതോടെയാണു മുക്കാല്‍ മണിക്കൂറിനു ശേഷം അകത്ത് കടക്കാന്‍ അനുവദിച്ചതെന്ന് ഫൗസിയ പറഞ്ഞു. ഇതിനിടെ ശുചി മുറിയില്‍ പോയ ഫൗസിയയെ ഒരു കൂട്ടം സുരക്ഷാ ജീവനക്കാര്‍ എത്തി ഭിഷണിപ്പെടുത്തുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട കിയാനൂര്‍ കരിന്തളം പ്രസിഡന്റ് വിധുബാലയും കണ്ണൂര്‍ ജില്ലയിലെ ഷബ്‌നവും ചോദ്യം ചെയ്തതോടെയാണ്അകത്ത് കടക്കാന്‍ അനുവദിച്ചത്.
രാജ്യത്തിന്റെ മതേതരത്വത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച ഗാന്ധിജിയുടെ നാട്ടില്‍ വിഭാഗീയത കാണിക്കുന്ന പ്രധാനമന്ത്രിക്ക് എങ്ങിനെയാണ് രാജ്യത്തെ ജനങ്ങളെ ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയുമെന്നാണ് ഫൗസിയ ചോദികുന്നത്.
ഭീകരമായ സുരക്ഷാ മുഖങ്ങളെയാണു തങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിഞ്ഞതെന്നും മതത്തിന്റെ വസ്ത്രം അണിഞ്ഞുതന്നെ പരിപാടിയില്‍ പങ്കെടുത്തതില്‍ അഭിമാനമുണ്ടെന്നും ഫൗസിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."