ഐ.പി.എല്‍: പഞ്ചാബിനെ മാക്സ്വെല് നയിക്കും
മുംബൈ: ഐ.പി.എല്‍ പത്താം സീസണില്‍ കിങ്സ് ഇലവന് പഞ്ചാബിനെ ആസ്ത്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല് നയിക്കും. ഇന്ത്യന്‍ താരം മുരളി വിജയിയെ മാറ്റിയാണു ഓള്‍റൗണ്ടറായ മാക്സ്വെല്ലിനു നായക പദവി സമ്മാനിച്ചത്. വിവിധ ടി20 പോരാട്ടങ്ങളിലായി ഇതുവരെ 338 മത്സരങ്ങള്‍ കളിച്ച മാക്സ്വെല് ആദ്യമായാണു ഒരു ടീമിനെ നയിക്കാനായി നിയോഗിക്കപ്പെടുന്നത്. ഇംഗ്ലീഷ് ഏകദിന, ടി20 നായകന് ഇയാന്‍ മോര്ഗന്, വെസ്റ്റിന്‍ഡീസ് ടി20 ക്യാപ്റ്റനും രണ്ടു തവണ ലോകകപ്പ് വിജയത്തിലേക്കു അവരെ നയിക്കുകയും ചെയ്ത ഡാരന്‍ സമ്മി, മുതിര്‍ന്ന ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല എന്നിവരെല്ലാം പഞ്ചാബ് ടീമില്‍ ഇത്തവണയുണ്ട്. ഇവരെയെല്ലാം പന്തള്ളിയാണ് മാക്സ്വെല് നയകനാകുന്നതെന്ന പ്രത്യേകതയും തിരഞ്ഞെടുപ്പിനുണ്ട്. പഞ്ചാബ് ടീമിനെ നയിക്കുന്ന നാലാമത്തെ ഓസീസ് താരമായി ഇതോടെ മാക്സ്വെല് മാറി. നേരത്തെ ജോര്‍ജ് ബെയ്ലി, ഡേവിഡ് ഹസ്സി, ആദം ഗില്‍ക്രിസ്റ്റ് എന്നിവര്‍ പഞ്ചാബിനെ നയിച്ചിരുന്നു. 2014ലാണ് മാക്സ്വെല് പഞ്ചാബിനായി ഐ.പി.എല്‍ കളിക്കാനെത്തിയത്.
കഴിഞ്ഞ സീസണ് തുടങ്ങിയപ്പോള്‍ ഡേവിഡ് മില്ലറായിരുന്നു പഞ്ചാബിന്റെ നായകന്. എന്നാല്‍ ആദ്യ ആറു മത്സരങ്ങളില്‍ അഞ്ചിലും പഞ്ചാബ് തോറ്റതോടെ മുരളി വിജയിയെ ക്യാപ്റ്റനാക്കുകയായിരുന്നു. കഴിഞ്ഞ തവണ ഏറ്റവും അവസാന സ്ഥാനത്താണു പഞ്ചാബ് സീസണ് അവസാനിപ്പിച്ചത്.
ഐ.പി.എല്ലില്‍ ഇത്തവണ ഓസീസ് നായകത്വത്തിനു കീഴില്‍ ഇറങ്ങുന്ന ടീമുകളുടെ എണ്ണം ഇതോടെ മൂന്നായി. നേരത്തെ റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്സ് ധോണിയെ മാറ്റി സ്റ്റീവന്‍ സ്മിത്തിനെ നായകനാക്കിയിരുന്നു. നിലവിലെ ഐ.പി.എല്‍ ചാംപ്യന്മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നയിക്കുന്നത് ഓസീസ് ഓപണര്‍ ഡേവിഡ് വാര്‍ണറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."