നേട്ടങ്ങള്‍ വാരിക്കൂട്ടുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ സ്‌കൂളിനെ അലട്ടുന്നു
കാട്ടിക്കുളം: ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാനും കൊഴിഞ്ഞ് പോക്ക് തടയാനും ലക്ഷ്യമിട്ട് ഒന്നര പതിറ്റാണ്ട് മുമ്പ് ആരംഭിച്ച തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം രണ്ടാം ഗേറ്റ് നാരങ്ങാകുന്ന് ഏകാധ്യാപക വിദ്യാലയത്തിന് നേട്ടങ്ങള്‍ ഏറെ. അതിനിടയിലും കല്ലുകടിയായി നില്‍ക്കുകയാണ് സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥ.
2001ല്‍ മണ്ണുണ്ടി കോളനിയിലാണ് അധ്യപികയായ സെലിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ വിദ്യാലയം ആരംഭിച്ചത്. 16 കുട്ടികളാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. 2006ല്‍ നാരങ്ങാകുന്ന് കോളനിയിലെ മാതന്‍ നല്‍കിയ മൂന്ന് സെന്റ് സ്ഥലത്തേക്ക് ഷെഡ് വച്ച് മാറി. അതേ വര്‍ഷം ബ്ലോക്ക് പഞ്ചായത്ത് കെട്ടിട നിര്‍മാണത്തിന് തുക അനുവദിച്ചു. 2008ല്‍ അടുക്കള, ക്ലാസ്സ് മുറി ഉള്‍പ്പെടെയുളള മനോഹരമായ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ക്ലാസ്സുകള്‍ ആരംഭിച്ചു. ഇന്ന് ഇവിടെ പഠിച്ച കുട്ടികള്‍ നേട്ടത്തിന്റെ നെറുകയിലാണ്. കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട റാണി ടി.ടി.സി പഠനം പൂര്‍ത്തിയാക്കി കഴിഞ്ഞു. കണിയാമ്പറ്റയില്‍ 10ാം ക്ലാസ്സില്‍ പഠിക്കുന്ന സജിത കായിക രംഗത്ത് സംസ്ഥാന തലത്തില്‍ നേട്ടങ്ങള്‍ കൊയ്തു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ എസ്.എസ്.എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ പ്രവീണ ഈ വിദ്യാലയത്തിന്റെ അഭിമാനമാണ്. മറ്റ് വിദ്യാര്‍ഥികളായ ശ്രീലക്ഷ്മി, സജിത, അനിത, അശ്വതി, മഞ്ജു, മനു, പ്രദീഷ് എന്നിവരും ഉന്നത വിജയം നേടി. നേട്ടങ്ങള്‍ ഏറെ ഉണ്ടെങ്കിലും അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ നൂറ്റാണ്ടുകള്‍ പിന്നിലാണ് ഈ സ്ഥാപനം.
വൈദ്യുതി, കുടിവെളളം, റോഡ് എന്നീ സൗകര്യങ്ങള്‍ ഒന്നും തന്നെ ഈ വിദ്യാലയത്തിനില്ല. കോളനിയിലേക്ക് ജലനിധി പദ്ധതി പ്രകാരം എത്തുന്ന വെള്ളമാണ് ഇവര്‍ക്കാശ്രയം. ഇതാകട്ടെ പലപ്പോഴും ലഭിക്കാറുമില്ല. ഈ സന്ദര്‍ഭങ്ങളില്‍ കോളനിയിലെ കുടിവെള്ളത്തെയാണ് ഇവര്‍ ആശ്രയിക്കുന്നത്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനായി അരി സൗജന്യമായി സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും കറി, പാല്‍, മുട്ട എന്നിവയ്ക്ക് ഒരു കുട്ടിക്ക് അഞ്ച് രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്.
ഇത് ഇന്നത്തെ സാഹചര്യത്തില്‍ അപര്യാപ്തമാണ്. വിറകിന് പോലും പണം കണ്ടത്തേണ്ട സ്ഥിതിയാണ്. ആയയ്ക്ക് ദിനംപ്രതി 350 രൂപ വേതനം ലഭിക്കുമ്പോള്‍ ടീച്ചര്‍ക്ക് പ്രതിമാസം 5000 രൂപ മാത്രമാണ് ലഭിക്കുന്നത്.
10000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. നാല് മാസമായി ലഭിച്ചുകൊണ്ടിരുന്ന വേതനവും കുടിശ്ശികയാണ്. നിലവില്‍ 18 കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്. എല്‍.പി സ്‌കൂളായി ഉയര്‍ത്തി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് പി.ടി.എയുടെ ആവശ്യം. അതല്ലെങ്കില്‍ ജീവനക്കാര്‍ക്ക് മറ്റ് സ്‌കൂളുകളില്‍ ജോലി നല്‍കാന്‍ തയ്യാറാവണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."