ദേശീയപാത 766 കോഴിക്കോട്-കൊല്ലഗല്‍ റോഡ് ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുന്നു
കുന്ദമംഗലം: മികച്ച ഗതാഗത സൗകര്യമൊരുക്കാനും പ്രധാന ടൗണുകളിലെ ഗതാഗതക്കുരുക്കൊഴിവാക്കുന്നതിനും ദേശീയപാത 766 കോഴിക്കോട്-കൊല്ലഗല്‍ റോഡ് ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുന്നതിന് പദ്ധതി. മലാപ്പറമ്പ് ജങ്ഷന്‍ മുതല്‍ പുതുപ്പാടി ഒടുങ്ങാക്കാട് വരെ 40 കി.മീറ്റര്‍ റോഡാണ് രാജ്യാന്തര നിലവാരത്തിലേക്ക് വികസിപ്പിക്കുന്നത്. 24മീറ്റര്‍ വീതിയില്‍ വികസിപ്പിച്ച് മികച്ച യാത്രാ സൗകര്യമൊരുക്കുന്നതാണ് പദ്ധതി.
ഡ്രൈവര്‍മാര്‍ക്ക് സുഗമമായ ദീര്‍ഘ കാഴ്ച ഉറപ്പുവരുത്തുന്നതിന് കയറ്റങ്ങളും ഇറക്കങ്ങളും ഒഴിവാക്കല്‍, വളവുകള്‍ നിവര്‍ത്തല്‍, വിസ്തൃതി കുറവുള്ള ഭാഗങ്ങളില്‍ സ്ഥലം ഏറ്റെടുത്ത് റോഡ് വിസ്തൃതി വര്‍ധിപ്പിക്കല്‍, തിരക്കേറിയ ടൗണുകളില്‍ ബൈപ്പാസ് റോഡ് നിര്‍മിക്കല്‍, ഡിവൈഡറുകളും സിഗ്‌നല്‍ സംവിധാനവും സര്‍വിസ് റോഡുകളും ഏര്‍പ്പെടുത്തല്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക.
ദേശീയപാത വിഭാഗം നേരിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് ടെന്‍ഡര്‍ നടപടികളടക്കം പൂര്‍ത്തിയായി വരുന്നുണ്ട്.
ജൂലൈയോടെ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കി അനുമതിക്ക് സമര്‍പ്പിക്കുന്നതിനാണ് പദ്ധതി.
ദേശീയപാത 766ന്റെ കര്‍ണാടകയിലെ മൈസൂരു മുതല്‍ കേരള അതിര്‍ത്തി വരെയുള്ള ഭാഗം ആധുനിക രീതിയില്‍ നവീകരിക്കുകയും സര്‍വിസ് റോഡുകളടക്കമുള്ളവ നിര്‍മിക്കുകയും മൈസൂരുവിലും മദ്ദൂരിന് സമീപവും ടോള്‍ പ്ലാസ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്.
ദേശീയപാതയില്‍ ജില്ലയില്‍ നിലവിലുള്ള റോഡില്‍ തിരക്കേറിയ സ്ഥലങ്ങളില്‍ ഒട്ടേറെ ഭാഗങ്ങള്‍ സ്ഥിരം അപകട മേഖലയാണ്. വിസ്തൃതി കുറവു കാരണം കാരന്തൂര്‍ മുതല്‍ കുന്ദമംഗലം വരേയുള്ള ഭാഗങ്ങളിലും, കൊടുവള്ളി, താമരശ്ശേരി അടക്കമുള്ള ടൗണുകളിലും പതിവായി ഗതാഗത കുരുക്കും അപകടങ്ങളും ഉണ്ടാവാറുണ്ട്. കാഴ്ച മറയും വിധമുള്ള വളവുകളും കയറ്റങ്ങളും ഇറക്കങ്ങളും മൂലം യാത്ര ദുഷ്‌കരമാണ്.
ദേശീയപാതയുടെ മികച്ച നിലവാരത്തിലുള്ള റോഡ് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഏറ്റവും തിരക്കേറിയ 40കി.മീറ്റര്‍ ദൂരം വികസിപ്പിക്കുന്നതിന് പദ്ധതിയൊരുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."