വിവാഹിതര്‍ക്കും പുരോഹിതരാകാമെന്ന് മാര്‍പാപ്പ
റോം: വിവാഹിതരായ പുരുഷന്മാരെ കത്തോലിക്കാ സഭയില്‍ പുരോഹിതരാക്കാമെന്നും ഇക്കാര്യം സഭയുടെ സജീവപരിഗണനയിലാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ആഗോള കത്തോലിക്കാ സഭയുടെ പൗരോഹിത്യ ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കുള്ള സൂചനയാണ് മാര്‍പാപ്പ നല്‍കിയത്.
ജര്‍മന്‍ ദിനപത്രമായ ഡെ സെയ്റ്റിന് അനുവദിച്ച അഭിമുഖത്തിലാണ് പോപ്പ് തന്റെ അഭിപ്രായം പറഞ്ഞത്. പിന്നാക്ക വിഭാഗങ്ങളിലെ വൈദികരുടെ കുറവ് പരിഹരിക്കുന്നതിനു വേണ്ടിയാണ് ഇക്കാര്യം പരിഗണിക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു.എന്നാല്‍ ഇത്തരത്തില്‍ നിയോഗിക്കപ്പെടുന്ന വൈദികര്‍ സുഖലോലുപത വെടിഞ്ഞ് ജീവിക്കണം.
സഭയിലെ പുരുഷാധിപത്യത്തെ കുറിച്ച് പഠനം നടക്കുന്നുണ്ട്. വൈദികരുടെ ബ്രഹ്മചര്യവുമായി ബന്ധപ്പെട്ട നിയമത്തിലും ചില ഇളവുകള്‍ മാര്‍പാപ്പ സൂചന നല്‍കി. നിര്‍ബന്ധിത ബ്രഹ്മചര്യം പരിഹാരമാകില്ലെന്നും മാര്‍പാപ്പ പറഞ്ഞു.
അതിനിടെ പോപ്പിന്റെ തീരുമാനത്തില്‍ പിന്തുണ അറിയിച്ച് ബ്രസീലില്‍ പുരോഹിതരും വിശ്വാസികളും രംഗത്തെത്തി.
ഭാര്യയും കുട്ടികളും ഉള്ള പുരോഹിതന് തനിക്കു ചുറ്റുമുള്ളവരുടെ പ്രശ്‌നങ്ങള്‍ പെട്ടെന്ന് മനസിലാക്കാനാകുമെന്നും അദ്ദേഹം കൂടുതല്‍ അനുഭവസമ്പത്തുള്ളയാളാകുമെന്നും റിയോഡി ജനീറോ സാന്റാ ലൂസിയോ ചര്‍ച്ചിലെ ഫാ. പോളോ ഫ്രാന്‍സ പറഞ്ഞു. കണ്‍സര്‍വേറ്റീവ് ലേണിങ് കത്തോലിക് ലീഗിന്റെ ചെയര്‍മാന്‍ ബില്‍ ഡെനോഹുവും പോപ്പിനെ പിന്തുണച്ച് രംഗത്തെത്തി.
സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള അവകാശം കന്യാസ്ത്രീകള്‍ക്ക് നല്‍കണമെന്ന് കെ. സി. ആര്‍. എം
കൊച്ചി: പെണ്‍കുട്ടികളെയും സ്ത്രീകളെയും കുമ്പസാരിപ്പിക്കാനുള്ള അവകാശം കന്യാസ്ത്രീകള്‍ക്ക് നല്‍കണമെന്ന് കേരള കത്തോലിക്ക റിഫോമേഷന്‍ മൂവ്‌മെന്റ് (കെ. സി. ആര്‍. എം) ആവശ്യപ്പെട്ടു.
കന്യാസ്ത്രീകളും ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവരാണ്, പുരോഹിതര്‍ക്ക് ലഭിക്കുന്ന സ്ഥാനം രൂപതകളില്‍ കന്യാസ്ത്രീകള്‍ക്കും നല്‍കണം. കുമ്പസാരം വഴി ഇരയുടെ ദൗര്‍ബല്യങ്ങളും മാനസികാവസ്ഥയും മനസിലാക്കുന്ന ക്രിമിനല്‍ മനസ്ഥിതിയുള്ള പുരോഹിതര്‍ അവസരം മുതലെടുക്കാന്‍ സാധ്യത കൂടുതലാണ്.
അടുത്ത കാലത്തുണ്ടായ പുരോഹിത പീഡനങ്ങള്‍ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നുവെന്ന് കെ. സി. ആര്‍. എം നിയമോപദേഷ്ടാവ് ഇന്ദുലേഖ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുരോഹിതര്‍ കുമ്പസാരിപ്പിക്കുന്നത് യഥാര്‍ഥത്തില്‍ സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടവും മനുഷ്യാവകാശ ലംഘനവുമാണ്. ഇതിനെതിരേ 19ന് രാവിലെ 11ന് എറണാകുളം ബിഷപ്പ് ഹൗസിന് മുന്നില്‍ ബൈബിള്‍ വായിച്ച് സത്യഗ്രഹം നടത്തുമെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."