'പട്ടിണി കിടന്നാലും വേണ്ടീല്ല, ഞങ്ങള്‍ക്കു വീട്ടില്‍ പോയാല്‍ മതി'
കോഴിക്കോട്: 'സാര്‍, പട്ടിണി കിടന്നാലും വേണ്ടീല്ല, ഞങ്ങള്‍ക്ക് വീട്ടില്‍ പോയാല്‍ മതി. ഈ പെരുന്നാളിനെങ്കിലും ഞങ്ങള്‍ക്ക് വീട്ടില്‍ പോണം. ഉമ്മയെയും ഉപ്പയെയും കാണണം. ഇനിയുള്ള കാലമെങ്കിലും സമാധാനത്തോടെ അവരോടൊപ്പം കഴിയണം'. തങ്ങളെ കാണാനെത്തിയ മനുഷ്യാവകാശ കമ്മിഷന്‍ അംഗം പി. മോഹന്‍ ദാസിന്റെ മുന്നില്‍ പീഡനത്തിനിരയായി എട്ടുവര്‍ഷമായി ജന്‍മനാട്ടില്‍ പോകാന്‍ കഴിയാതെ കോഴിക്കോട് മഹിളാ മന്ദിരത്തില്‍ കഴിയുന്ന ബംഗ്ലാദേശി പെണ്‍കുട്ടികള്‍ മനസ്തുറന്നു. വര്‍ഷങ്ങളായി ഉറ്റവരെ കാണാതെ വെള്ളിമാട്കുന്ന് ബാലികാ സദനത്തിലും മഹിളാ മന്ദിരത്തിലുമായി ജീവിതം തള്ളിനീക്കുന്നു. ഇവിടെ ഞങ്ങള്‍ക്ക് സുഖമാണ്. പക്ഷേ വീട്ടുകാരെ കാണാതെ എവിടെ കഴിഞ്ഞാലും മാനസിക സംതൃപ്തിയുണ്ടാകില്ലല്ലോ... പെണ്‍കുട്ടികള്‍ വേദനകളുടെ കെട്ടഴിച്ചു.
ദാരിദ്ര്യത്തില്‍ നിന്ന് കുടുംബത്തെ കരകയറ്റാനായി പതിമൂന്നും പതിനാലും വയസ് പ്രായമുള്ളപ്പോഴാണ് ഇവര്‍ കേരളത്തിലെത്തുന്നത്. എന്നാല്‍ ജോലി വാഗ്ദാനം ചെയ്തവര്‍ ഇവരെ വലിച്ചെറിഞ്ഞത് കുഞ്ഞു ശരീരത്തിനായി കാത്തിരിക്കുന്ന കാട്ടാളന്‍മാര്‍ക്കിടയിലേക്കായിരുന്നു. ഏറെ നാള്‍ നീണ്ട പീഡനങ്ങള്‍ക്കൊടുവില്‍ രക്ഷപ്പെട്ട് ബാലികാ സദനത്തിലെത്തിയെങ്കിലും കോടതിയില്‍ മൊഴി നല്‍കുന്നതിനായി അവരെ അവിടെത്തന്നെ താമസിപ്പിക്കുകയായിരുന്നു. എന്നാല്‍ മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും ഇവരുടെ മോചനം സാധ്യമായില്ല.
ഇടയ്ക്കിടെ വീട്ടുകാര്‍ ഫോണ്‍ ചെയ്യുന്നതു മാത്രമാണ് ഇവര്‍ക്കുള്ള ഏക ആശ്വാസം. അതിനിടെ ഇതിലൊരാളുടെ പിതാവ് കഴിഞ്ഞ മാസം മകളെ കാണാനെത്തുകയും ചെയ്തിരുന്നു. ഇതോടെ വീട്ടിലെത്താനുള്ള കുട്ടികളുടെ മോഹം വര്‍ധിച്ചു. വേണ്ട സമയത്ത് വിദ്യാഭ്യാസം ലഭിക്കാതെ, ഭാവിയും ജീവിതവും നഷ്ടപ്പെട്ട് എല്ലാരുമുണ്ടായിട്ടും ആരുമില്ലാതെ കഴിയേണ്ടി വന്ന ഈ കുട്ടികളെ തിരിച്ച് നാട്ടിലെത്തിക്കുന്നതിനായി ആം ഓഫ് ജോയ് എന്ന സംഘടന കഴിഞ്ഞ ജനുവരിയില്‍ ബംഗ്ലാദേശ് സര്‍ക്കാരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ട്രാവല്‍ പെര്‍മിറ്റ് അനുവദിച്ചുവെങ്കിലും ഇവിടെ നിന്നുള്ള തടസങ്ങളെ തുടര്‍ന്ന് പെര്‍മിറ്റ് ഏപ്രില്‍ 24ന് അവസാനിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടികളെ തിരിച്ചയക്കാന്‍ സാധിച്ചില്ല.
കേസിലെ പ്രതികള്‍ ഒളിവിലുണ്ടെന്നും അവരെ ഏതെങ്കിലും പിടിച്ചാല്‍ തിരിച്ചറിയാന്‍ ഇരകള്‍ ഇവിടെ വേണ്ടേയെന്നാണ് പൊലിസും ഉദ്യോഗസ്ഥരും ചോദിക്കുന്നത്. പെണ്‍കുട്ടികളെ അനിശ്ചിതമായി ഇവിടെ പിടിച്ചു വയ്ക്കുന്നതിന് പകരം അവരെ നാട്ടിലേക്ക് തിരിച്ചയച്ച് കേസ് നടപടികളുടെ സമയത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി അവരെ ഹാജരാക്കാമെന്ന നിര്‍ദേശം തങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അനൂപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."