പിണറായി വിജയന് കര്‍ണാടകയില്‍ സന്ദര്‍ശനം നടത്താനായത് കോണ്‍ഗ്രസ് ഭരിക്കുന്നതിനാല്‍: യു.ടി ഖാദര്‍
ചെറുവത്തൂര്‍: കോണ്‍ഗ്രസ് ഭരിക്കുന്നതു കൊണ്ടാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടകയില്‍ സന്ദര്‍ശനം നടത്താനായതെന്നും കോണ്‍ഗ്രസിന്റെ ജനാധിപത്യ രീതിയിലുള്ള പ്രവര്‍ത്തന ശൈലിയുടെ ഭാഗമാണ് ഇതെന്നും കര്‍ണാടക ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യു.ടി ഖാദര്‍. പ്രകൃതി ചൂഷണത്തിനെതിരേ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തേജസ്വിനിക്കരയില്‍ സംഘടിപ്പിച്ച ജലരക്ഷാ ദീപ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ഭരിക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച പാര്‍ട്ടിയാണ് സി.പി.എം. അവര്‍ക്ക് ഇനിയും തിരിച്ചറിവുണ്ടാകേണ്ടതുണ്ട്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനു ക്ഷീണം സംഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ വളരെ വേഗം തിരിച്ചുവരവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പുഴയെ സാക്ഷിയാക്കി പ്രവര്‍ത്തകര്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ അധ്യക്ഷനായി. എന്‍ മഹേന്ദ്ര പ്രതാപ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരിമ്പില്‍ കൃഷ്ണന്‍, പി.കെ ഫൈസല്‍, അഡ്വ. കെ.കെ രാജേന്ദ്രന്‍, സി.പി കൃഷ്ണന്‍, വി നാരായണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."