ബ്രെക്‌സ നാടിനു നല്‍കിയത് 956 സൈനികരെ
തലശ്ശേരി: ബ്രണ്ണന്‍ കോളജ് എക്‌സ് എന്‍.സി.സി അസോസിയേഷന്‍(ബ്രക്‌സ) നല്‍കിയ സൗജന്യ പരിശീലനത്തിന്റെ മികവില്‍ അന്‍പതുപേര്‍ക്കു കൂടി ഇന്ത്യന്‍ സൈന്യത്തില്‍ പ്രവേശനം ലഭിച്ചു. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ കണ്ണൂരില്‍ നടത്തിയ ശാരീരിക ക്ഷമതാ പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് കോഴിക്കോട് ഫെബ്രുവരി 26ന് സൈന്യം നടത്തിയ എഴുത്തുപരീക്ഷയിലൂടെയാണ് അന്‍പതുപേര്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ പതിനാറു ബാച്ചുകളിലായി ഇതുവരെ 956 പേരാണ് ബ്രക്‌സയുടെ പരിശീലനത്തിലൂടെ ഇന്ത്യന്‍ സൈന്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനു പുറമേ, സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, സി.ഐ.എസ്.എഫ് തുടങ്ങിയ പാരാമിലിട്ടറി വിഭാഗത്തിലേക്ക് 20 പേരെയും ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ വിഭാഗത്തിലേക്ക് പന്ത്രണ്ട് പേര്‍ക്കും ബ്രക്‌സ വഴി ജോലി ലഭിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ സാങ്കേതിക വിഭാഗത്തില്‍ ജോലി ലഭിച്ചവര്‍ക്ക് ബ്രെക്‌സയുടെ ആഭിമുഖ്യത്തില്‍ ഗവ. ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്വീകരണം നല്‍കി. കോഴിക്കോട് ഡെപ്യൂട്ടി കലക്ടറും ബ്രെക്‌സ ഉപദേശകസമിതി അംഗവുമായ ബി അബ്ദുള്‍ നാസര്‍ സ്വീകരണം ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ നജ്മാ ഹാഷിം നിയുക്ത പട്ടാളക്കാര്‍ക്ക് ഹാരാര്‍പ്പണം നല്‍കി. കെ.വി ഗോകുല്‍ദാസ് അധ്യക്ഷനായി. മേജര്‍ പി ഗോവിന്ദന്‍, നവാസ്, പൊന്ന്യം കൃഷ്ണന്‍, ഹോണററി ക്യാപ്റ്റന്‍ മോഹന്‍ ആലക്കാടന്‍, അഡ്വ.ടി.കെ രത്‌നാകരന്‍, റിട്ട.സുബേദാര്‍ എ.കെ ശ്രീനിവാസന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."