കുടിനീര്‍ ചോദിക്കുന്ന ഭൂമി
ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്ന മൃതിയില്‍
നിനക്കാത്മ ശാന്തി
മരണാസന്നമായ ഭൂമിയുടെ അവസ്ഥയെക്കുറിച്ച് ക്രാന്തദര്‍ശിയായ കവി ഒ.എന്‍.വി നമ്മോടു മുന്‍പേ പറഞ്ഞുവച്ചിട്ടുണ്ട്. ആപത്കരമായ കൊടുംവരള്‍ച്ച മുന്‍പില്‍ വാപിളര്‍ന്നുനില്‍ക്കുമ്പോള്‍ തോടുകളും പുഴകളും കിണറുകളും കുളങ്ങളും വറ്റിവരണ്ട് തുള്ളിവെള്ളം കുടിക്കാനില്ലാത്ത കാലത്ത് എന്നില്‍ നിന്നുമിറങ്ങി നമ്മളിലേക്ക് പലായനം ചെയ്യേണ്ട കാലമിതാ മുന്നില്‍ വന്നെത്തിയിരിക്കുന്നു.
മീനമാസമെത്തും മുന്‍പേ കുംഭവെയിലില്‍ വരണ്ടുണങ്ങിയ ഭൂമിക്ക് ചരമഗീതം പാടാന്‍ കാതോര്‍ക്കേണ്ട കാലം അരികിലെത്തിയിട്ടുണ്ടെന്ന് അസഹ്യമായ ചൂട് നമുക്ക് മുന്നറിയിപ്പ് തരുന്നു. കേരളം വരണ്ടുണങ്ങാന്‍ ഇനി ഏതാനും ദിവസം കൂടിയെന്നു ദുരന്തനിവാരണ അതോറിറ്റിയുടെ കര്‍ശന മുന്നറിയിപ്പ് വന്നിട്ടുണ്ട്.
സൂര്യാതപത്തില്‍ വന്‍ വര്‍ധനയാണിപ്പോള്‍. ബാഷ്പീകരണത്തോത് വര്‍ധിച്ചതോടെ അന്തരീക്ഷത്തിലെ ജലാംശം പൂര്‍ണമായും നഷ്ടമായി. ഇതോടെ സൂര്യാതപം നേരിട്ടു ഭൂമിയില്‍ പതിക്കാന്‍ തുടങ്ങി. മരങ്ങള്‍ക്കു ഭൂമിയില്‍ നിന്നു ജലം കിട്ടാതായതോടെ പച്ചപ്പ് മാറി. മഴവെള്ളം ഭൂമിയിലിറങ്ങാന്‍ അനുവദിക്കാതായതോടെ ഭൂഗര്‍ഭ ജലത്തിന്റെ അളവിലും കുറവുണ്ടായി.
തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയ ഈ പ്രകൃതിയെ നാളേയ്ക്കു കൈമാറ്റം ചെയ്യപ്പെടാനാവാത്തവിധം അതിന്റെ ഞരമ്പുകളെ ഓരോന്നായി നാം അറുക്കുകയാണ്. നാം നമ്മെ മറന്നുപോവുന്ന കാലത്തെക്കുറിച്ച് വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മിപ്പിക്കുന്നത് ഇങ്ങനെയാണ്.
'...കത്തുന്ന വെയിലില്‍ വിയര്‍ത്തൊലിച്ച് പാറപൊട്ടിക്കുന്ന ഒരാള്‍. തന്നെ തളര്‍ത്തുന്ന സൂര്യനെ നോക്കി അസൂയപ്പെട്ടു. താനൊരു സൂര്യനായിരുന്നെങ്കില്‍... ദൈവം പ്രാര്‍ഥന കേള്‍ക്കുന്ന കിളിവാതില്‍ തുറന്ന സമയമായിരുന്നു അത്. അയാള്‍ സൂര്യനായി മാറി. സൂര്യനായി ജ്വലിച്ച് നില്‍ക്കെ പെട്ടെന്നയാളൊരു മേഘത്താല്‍ ആവരണം ചെയ്യപ്പെട്ടു. സൂര്യന്‍ മങ്ങി. സൂര്യനെ ജയിച്ച മേഘമായെങ്കില്‍ എന്നായി ഇപ്പോള്‍.
ദൈവം കിളിവാതിലടച്ചിരുന്നില്ല. അയാള്‍ മേഘമായി. മേഘത്തെ കാറ്റ് നിയന്ത്രിക്കുന്നുവെന്ന് അപ്പോഴാണയാള്‍ കണ്ടത്. കാറ്റാകണേ എന്നായി അപ്പോള്‍ പ്രാര്‍ഥന. ദൈവം ഉല്ലാസവാനായിരുന്നു. അയാള്‍ കാറ്റായി. കാറ്റിന്റെ ഗതി പര്‍വതത്തില്‍ തടയപ്പെടുന്നു. ദൈവമേ എനിക്ക് പര്‍വതമായാല്‍ മതിയായിരുന്നു. ഈ കഥയുടെ പരിണാമം കാണാന്‍ ദൈവത്തിനുമുണ്ടായിരുന്നു കൗതുകം. പര്‍വതമായി ചുറ്റും കണ്ണോടിച്ചപ്പോള്‍ ഭയങ്കരമായ ഒരു കാഴ്ച അയാള്‍ കണ്ടു. ഒരാള്‍ തന്നെ പൊട്ടിച്ച് പൊട്ടിച്ച് ഇല്ലാതാക്കുന്നു. വെയിലിനെയോ മഴയെയോ കാറ്റിനെയോ കടുപ്പത്തിനെയോ അയാള്‍ ഭയപ്പെട്ടിരുന്നില്ല. എനിക്കയാളാകണം. ആയിക്കഴിഞ്ഞപ്പോഴാണ് താനായിരുന്നു അയാളെന്ന് അയാള്‍ക്കു മനസിലായത്'.
(തിരിച്ചറിവുകളെക്കുറിച്ച് ബഷീര്‍)
സ്വാതന്ത്ര്യം കിട്ടിയിട്ടും ഭരണം വെളുത്ത സായിപ്പില്‍ നിന്നു കറുത്ത സായിപ്പിലേക്കു മാറിയതല്ലാതെ കാഴ്ചപ്പാടുകള്‍ക്കും ചിന്താഗതികള്‍ക്കും മാറ്റം വന്നിട്ടില്ലെന്ന് കവി പി. കുഞ്ഞിരാമന്‍ നായര്‍ പറഞ്ഞുവച്ചിട്ടുണ്ട്. മാറേണ്ടത് നമ്മുടെ ചിന്താഗതിയാണ്. ദുരമൂത്ത് എല്ലാം വെട്ടിപ്പിടിക്കണമെന്ന ചിന്തയില്‍ കാടായ കാടെല്ലാം വെട്ടിനശിപ്പിക്കുകയാണെന്ന് കവി വിലപിക്കുന്നു.
ഹാ വനവൃക്ഷം വെട്ടിത്തേന്‍ കലകൂടും കൂട്ടം
തീവച്ചു കരിച്ചു മല്‍ഗ്രാമത്തെ മതം മാറ്റി.
കാട് നശിച്ചതോടെ നന്മയുടെ
പച്ചപ്പുകള്‍ ഓരോന്നായി അടര്‍ന്നുപോയി.
വിനാശങ്ങളുടെ മഴുവീണ വഴികള്‍
കരിഞ്ഞുണങ്ങി
പുഴകളുടെ, നദികളുടെ ഉത്ഭവസ്ഥാനങ്ങള്‍ പോലും തേഞ്ഞു മെലിഞ്ഞറ്റു പോയിരിക്കുകയാണ്. ഓസോണ്‍ പാളികള്‍ക്കു ശക്തിക്ഷയം സംഭവിച്ചെന്നു നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. എന്നാല്‍ കേട്ടില്ലെന്ന ഭാവത്തില്‍ നിത്യേന അന്തരീക്ഷ മലിനീകരണത്തിന് ആക്കം കൂട്ടുകയാണ്. പക്ഷെ, എത്രകാലം നമുക്കിത് തുടരാനാകുമെന്നറിയില്ല. അടുത്ത തലമുറയ്ക്ക് ജീവിക്കാന്‍ ഈ കാണുന്ന ഭൂമി ഇതേപടിയുണ്ടാവില്ല. നദി മണല്‍പ്പരപ്പാകുന്നു. കാട് പീഠഭൂമിയാകുന്നു. മരുഭൂമി മലകളെ തിന്നുന്നു. വര്‍ഷം 2050 ആകുമ്പോഴേക്കും കേരളത്തിലെ അന്തരീക്ഷോത്മാവ് രണ്ടു ഡിഗ്രി കൂടുമെന്ന് ശാസ്ത്രലോകം പറയുന്നു.
മഴക്കാലത്തിന്റെ ദൈര്‍ഘ്യം കുറയും. സമുദ്ര ജലവിതാനം ഒരുമീറ്റര്‍ ഉയരും. കേരളത്തിന്റെ മനോഹര പട്ടണങ്ങളിലൊന്നായ കൊച്ചിക്കു ചുറ്റുമുള്ള 169 ചതുരശ്ര കിലോമീറ്റര്‍ ദൂരം കടലെടുത്തുപോകുമത്രെ. കോടമഞ്ഞിറങ്ങാത്ത വയനാടും ഇടുക്കിയും ചന്നംപിന്നം മഴപെയ്യുന്ന നേര്യമംഗലവും കാടില്ലാത്ത പാലക്കാടുമായിരിക്കും നമ്മെ കാത്തിരിക്കാനുള്ളത്.
കുരുമുളകും ഇഞ്ചിയും ഏലവും കാപ്പിയും അടുത്ത തലമുറയ്ക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന വെറുമൊരു വിദേശ ഉല്‍പ്പന്നമായി മാറും. നാട്ടുപൂക്കളും നാട്ടുനന്മയും അസ്തമിച്ചുപോയ കാലത്തു കല്ലെറിയാന്‍ മാവില്ലാത്ത, വേനല്‍ കുളിര് കോരിത്തരാന്‍ പുഴയില്ലാത്ത കാലത്തെക്കുറിച്ച് ഉണ്ണി എന്ന തന്റെ ആദ്യ കഥയില്‍ സക്കറിയ എഴുതുന്നു.
വൈകുന്നേരം കുഞ്ഞാപ്പുവിന്റെയൊപ്പം തോട്ടില്‍ പോകണം. കല്ലില്‍ കയറിയിരിക്കണം. വെള്ളത്തിലേക്ക് നോക്കിയിരിക്കാം. ഒട്ടലും പുല്ലാന്നിയും വീണുകിടക്കുന്ന ആ കോണില്‍ ഒരു സ്ഥലമുണ്ടായിരിക്കും. പായലും പുല്ലും നിറഞ്ഞ ഒരു സ്ഥലം. ഇരുണ്ട് പച്ച നിറത്തില്‍ ഒട്ടലുകളുടെ ഇടയില്‍, പായലിനടിയിലൂടെ വെളുത്ത മീന്‍ കുഞ്ഞുങ്ങളുമുണ്ടാവും. വെള്ളത്തിലേക്കിറങ്ങി മീനിനെപ്പോലെ കുഞ്ഞാവണം... എന്നിട്ട്... ഉണ്ണി തൂണില്‍ ചാരിയിരുന്നു ഉറങ്ങി സ്വപ്നം കണ്ടു...
നഗരഹൃദയത്തില്‍
ഒരഴുക്കുചാലിനെ പെറ്റിട്ട്
മഴ മരിച്ച രാത്രിയാണീ
കവിത കുറിക്കുന്നത്.
മരിച്ചുപോയ മഴയെക്കുറിച്ച് കവി പവിത്രന്‍ തീക്കുനി ഹൃദയം നൊന്തുപാടിയത് ഇങ്ങനെയാണ്.
തണ്ണീര്‍ത്തടങ്ങള്‍ ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ജൈവവ്യവസ്ഥയാണ്. ജലസംരക്ഷണത്തിനും പ്രാദേശികാഭിവൃദ്ധിക്കും നീര്‍ത്തടങ്ങളുടെ പങ്ക് അനിവാര്യമാണ്. നീര്‍ത്തടങ്ങളുടെ പ്രധാന്യത്തെ ഓര്‍മപ്പെടുത്താന്‍ എല്ലാ വര്‍ഷവും ഫെബ്രുവരി രണ്ടിനു ലോക തണ്ണീര്‍ത്തട ദിനമായി ആചരിക്കുന്നുണ്ട്.
1971ല്‍ ഇറാനിയന്‍ പട്ടണമായ റംസറില്‍ ചേര്‍ന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്ത രാജ്യങ്ങള്‍ അന്താരാഷ്ട്ര പ്രാധാന്യമുള്ള നീര്‍ത്തടങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചു. ഇങ്ങനെ ഒപ്പുവെച്ചത് ഫെബ്രുവരി രണ്ടിനാണ്. എന്നാലോ വര്‍ഷാവര്‍ഷം തണ്ണീര്‍ത്തട ദിനം വെറുമൊരു ചടങ്ങായി മാറുകയും പിറ്റേ ദിവസം തൊട്ട് നമ്മുടെ കുപ്പത്തൊട്ടിയായി ഓരോ തണ്ണീര്‍ത്തടത്തെയും നാം മാറ്റുകയും ചെയ്യുന്നു.
എവിടെയൊന്നിരിപ്പേണ്ടൂ
തലചായ്‌ക്കേണ്ടൂ
ഏതു മേഘം കുഴിക്കേണ്ടൂ
ജലം തേടേണ്ടൂ
പെരുവാനമിരങ്ങിയെന്‍ മുടി ചുറ്റുമ്പോള്‍
ഇരുള്‍ പാറയിരുപക്ഷമുരക്കുന്നല്ലോ
(മരുഭൂമയിലെ കിണര്‍, വി. മധുസൂദനന്‍ നായര്‍)
വെള്ളം തേടി നാമിനിയെങ്ങോട്ടേക്കോടേണ്ടി വരുമെന്നാണ് കവി ചോദിക്കുന്നത്. കുടവുമേന്തി കിലോമീറ്ററുകളോളം വെള്ളത്തിനായി പോകുന്ന വീട്ടമ്മമാരുടെ കാഴ്ച ഉത്തരേന്ത്യയില്‍ നിന്നു നാം നമ്മുടെ കൊച്ചുകേരളത്തിലേക്കു പറിച്ചുനട്ടിരിക്കുകയാണ്.
തുള്ളിനീരു പോലും മരീചികയായി കാണുന്ന കാലം മുന്നിലെത്തി നില്‍ക്കുന്നുവെന്ന് കൂടെക്കൂടെ ഓര്‍മപ്പെടുത്തുമ്പോഴും ഇതെന്നെ ബാധിക്കുകയില്ലെന്ന അഹംബോധം എത്രകാലം നമ്മെ നയിക്കുമെന്നറിയില്ല.
ഇനി വരുന്നൊരു തലമുറക്ക്
ഇവിടെ വാസം സാധ്യമോ
മലിനമായ ജലാശയം
അതിമലിനമായൊരു ഭൂമിയും.
കവി ഇഞ്ചക്കോട് ശ്രീധരന്‍ എഴുതിയത് പോലെയുള്ള ചിന്ത എന്നാണ് നമ്മിലോരോരുത്തരിലും കുടികൊള്ളുക? കുടികൊണ്ടേ മതിയാകൂ.
അതുകൊണ്ട് നഗരത്തില്‍ നിന്നു നമുക്ക് നടക്കാം, കാടായ കാടെല്ലാം കത്തിയെരിയും മുന്‍പ് തോടായ തോടെല്ലാം വറ്റിവരളും മുന്‍പ്. നമ്മളെല്ലാം നഗരത്തിലേക്കുള്ള പരക്കം പാച്ചിലിലാണല്ലോ. പരിഷ്‌കൃതനാവാന്‍ അനുദിനം മത്സരിക്കുകയാണല്ലോ. പൂര്‍വികര്‍ വളര്‍ന്ന ആ കാട്ടിലേക്ക്. തണല്‍ വിരിച്ച് ശുദ്ധവായു ശ്വസിച്ച് ആശ്വാസത്തിന്റെ കുളിരോര്‍മയുമായി ഇനിയുമൊരുപാടു കാലം ജീവിക്കണമെങ്കില്‍ മണ്ണിനെ അറിയുക, മരത്തെ സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്യുക.
നാം കാക്കുന്ന ഓരോ ഇലയും ഓരോ ചെടിയും ഭൂമിയുടെ ജീവന്റെ നിലനില്‍പ്പിനാധാരമാണെന്ന് തിരിച്ചറിയാന്‍ വൈകിയാല്‍....
മഴ എന്നത് നമുക്ക് സ്വപ്നം മാത്രം
കാണാന്‍ വിധിക്കപ്പെട്ട വസ്തുവായി
മാറുമ്പോള്‍ ഓരോ മഴ പെയ്തു തോരുമ്പോഴും
എന്നോര്‍മയില്‍ വേദനയാകുമാ ഗദ്ഗദം
ഒരു മഴ പെയ്‌തെങ്കില്‍, ഒരു മഴ പെയ്‌തെങ്കില്‍.
(അനില്‍ പനച്ചൂരാന്‍) എന്നു നമുക്ക് വിലപിക്കേണ്ടിവരും.
എം.ടി എഴുതിയ പോലെ 'ദാഹത്തിന്റെ ജ്വാലകള്‍ മീനച്ചൂടിന്റെ തീനാവുകള്‍, പുളച്ചുകയറുന്ന ജാലകത്തിനു സമീപം നിന്നാല്‍ അകലെയല്ലാതെ പൊതുനിരത്തു കാണാം. ഇടക്കുണ്ടായിരുന്ന കുടിലുകള്‍ നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു ഈ വെളിമ്പറമ്പില്‍. എന്റെ ഇത്തിരി പ്രകാശം മറച്ചുകൊണ്ട് അടുത്തുതന്നെ ഒരു കോണ്‍ക്രീറ്റ് കലാപമുയരും എന്ന വാര്‍ത്ത ഈയിടെയറിഞ്ഞു'.
അതെ, മുന്‍പില്‍ എന്തിനാണെന്നു തീരുമാനിച്ചിട്ടില്ലാത്ത ഒരു കോണ്‍ക്രീറ്റ് കോംപ്ലക്‌സ് വരുന്നു. ചെടികളും മരങ്ങളും കുടിലുകളും മാറ്റിക്കഴിഞ്ഞു.
നഗരം വളരുന്നു. നാം പുരോഗമിക്കുന്നു. വരാനിരിക്കുന്ന ഈ അത്യാപത്തിന്റെ താക്കോല്‍ ഓരോരുത്തരുടെയും കൈകളിലാണ്.
പ്രവാചകന്‍ പറഞ്ഞത് പോലെ 'നാളെ ലോകാവസാനമാണെങ്കിലും ഇന്നൊരു മരം നട്ടുപിടിപ്പിക്കൂ' എന്ന വലിയ സന്ദേശം അവനവനിലുണ്ടാവണം. പ്രകൃതിയെ അറിഞ്ഞ് അതിന്റെ പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ ആഴം മനസിലാക്കി ഇനിയെങ്കിലും ഈ ഭൂമിയെ സ്വന്തമായി കണ്ട് ഭാസുരസുരഭിലമായ നാളുകള്‍ക്കു വേണ്ടി കൈകോര്‍ത്തില്ലെങ്കില്‍ കാത്തിരിക്കുന്നത് വിനാശകരമായ ദുരന്തമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."