നബാര്‍ഡ്-ആര്‍.ഐ.ഡി.എഫ് പദ്ധതികള്‍ ത്വരിതപ്പെടുത്തും
കാസര്‍കോട്: ജില്ലയില്‍ നടപ്പിലാക്കുന്ന നബാര്‍ഡ്-ആര്‍.ഐ.ഡി.എഫ് പദ്ധതിയിലുള്‍പ്പെട്ട പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനു പദ്ധതി അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ആര്‍.ഐ.ഡി. എഫ് 17 സ്‌കീമില്‍ ഉള്‍പ്പെടുത്തി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലക്ക് അനുവദിച്ച പാക്കേജിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനു പ്രത്യേക പരിഗണന നല്‍കും. ബഡ്‌സ് സ്‌കൂളുകള്‍, സാമൂഹിക പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്കാശുപത്രികള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, വിവിധ കുടിവെളള പദ്ധതികള്‍, നീര്‍മറി പ്രദേശ വികസനം തുടങ്ങിയവ ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
പൂര്‍ത്തീകരിച്ച പദ്ധതിയുടെ ബില്ലുകള്‍ സമര്‍പ്പിക്കണം. പുതുതായി അനുവദിക്കുന്ന ആര്‍.ഐ.ഡി.എഫ് 22 ല്‍ സ്‌കീമുകള്‍ അനുമതിക്കു സമര്‍പ്പിക്കുന്നതിനുള്ള മുന്‍ഗണനാ പട്ടികകള്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ഉടന്‍ തയാറാക്കണമെന്നും നിര്‍ദേശിച്ചു. ചീമേനി സൈബര്‍ പാര്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനു സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് നല്‍കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.
നബാര്‍ഡ്-ആര്‍.ഐ.ഡി.എഫ് -16 ല്‍ ഉള്‍പ്പെട്ട പദ്ധതികള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം ഡിസംബറിനകം നബാഡിനു പൂര്‍ത്തീകരണ റിപ്പോര്‍ട്ടും ബില്ലും നല്‍കുന്നതിനും 17 ല്‍ ഉള്‍പ്പെട്ട പദ്ധതികള്‍ അടുത്ത വര്‍ഷം ജൂണിനകം പൂര്‍ത്തീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
ജില്ലയുടെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികള്‍ക്ക് നബാര്‍ഡ് സ്‌കീമില്‍ നിന്നു തുക ഉപയോഗപ്പെടുത്തണമെന്നു കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ നബാഡ് എ.ജി.എം ജ്യോതിസ് ജഗന്നാഥ് പദ്ധതി വിശദീകരിച്ചു. ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ അനില്‍ ബാബു, എന്‍ഡോസള്‍ഫാന്‍ സ്‌പെഷല്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ കെ അംബുജാക്ഷന്‍, വിവിധ വകുപ്പുകളുടെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."