രാഷ്ട്രപതി തെരഞ്ഞെടുപ്പ്: എന്‍.ഡി.എക്ക് വോട്ട് ശേഷിയില്ല
ന്യൂഡല്‍ഹി: കഴിഞ്ഞദിവസം പുറത്തുവന്ന അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പില്‍ ബി.ജെ.പി മികച്ച വിജയം നേടിയെങ്കിലും രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ട് ശേഷി എന്‍.ഡി.എ മുന്നണിക്ക് ഇനിയും ലഭിച്ചിട്ടില്ല. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 370ഓളം എം.എല്‍.എമാരെയാണ് ബി.ജെ.പിക്കു ലഭിച്ചത്. യു.പിയിലെ 403 ല്‍ 312ഉം ഉത്തരാഖണ്ഡിലെ 71ല്‍ 57 സീറ്റുകളിലാണ് ബി.ജെ.പി ജയിച്ചത്. എന്നാല്‍ എന്‍.ഡി.എ പ്രഖ്യാപിക്കുന്ന രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാന്‍ മുന്നണിക്ക് 20,000 ഇലക്ടറല്‍ വോട്ടുകളുടെ കുറവുണ്ട്. അഞ്ചുനിയമസഭകളിലെ തെരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതിനു മുമ്പ് 75,076 ഇലക്ടറല്‍ വോട്ടുകളായിരുന്നു അധികമായി എന്‍.ഡി.എക്കു വേണ്ടിയിരുന്നത്.
20,000ലേറെ ഇലക്ടറല്‍ വോട്ടിന്റെ കുറവുള്ളതിനാല്‍ എന്‍.ഡി.എ ഇതരകക്ഷികളും ബി.ജെ.പിയോട് മൃദുസമീപനം പുലര്‍ത്തുന്നതുമായ അണ്ണാ ഡി.എം.കെ, ബിജു ജനതാദള്‍ തുടങ്ങിയ കക്ഷികളുടെ സഹായം ഭരണകക്ഷിക്കു തേടേണ്ടിവരും. 117 എം.എല്‍.എമാരുള്ള ബി.ജെ.ഡിയുടെ പിന്തുണ എന്‍.ഡി.എക്കു ലഭിച്ചാല്‍ 17,433 ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പാക്കാം.
134 എം.എല്‍.എമാരുള്ള അണ്ണാ ഡി.എം.കെയുടെ പിന്തുണയും ഉറപ്പാക്കാനായാല്‍ എന്‍.ഡി.എയുടെ രാഷ്ട്രപതിസ്ഥാനാര്‍ഥിയുടെ വിജയം സുനിശ്ചിതമാകും. ജൂലൈയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."