പെരിന്തല്‍മണ്ണ നഗരസഭ ഹൈടെക് അക്കാദമിക് സമുച്ചയം ജൂണില്‍ നിര്‍മാണമാരംഭിക്കും
പെരിന്തല്‍മണ്ണ: നഗരസഭയുടെ കീഴിലുള്ള ഇ.എം.എസ് വിദ്യഭ്യാസ സമുച്ചയത്തിലെ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഹൈടെക് മാതൃകയില്‍ നിര്‍മിക്കുന്ന അക്കാദമിക്ക് സമുച്ചയത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നഗരസഭ സമര്‍പ്പിച്ച ഡി.പി.ആര്‍ പരിഗണിച്ച് 2017-18 ബജറ്റിലാണ് പെരിന്തല്‍മണ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കിഫ്ബി ഫണ്ടിലുള്‍പ്പെടുത്തി അഞ്ചുകോടി രൂപ ഗവ. അനുവദിച്ചത്.
അത്യാധുനിക രൂപത്തില്‍ നാലു നിലകളിലായി നിര്‍രിക്കുന്നകെട്ടിടത്തില്‍ 25 ക്ലാസ് മുറികളും ലാബ്, ഓഫിസ്, ടോയ്‌ലറ്റ്, തുടങ്ങി അനുബന്ധ സൗകര്യങ്ങളും അടങ്ങുന്നതാണ്. 5.79 കോടി രൂപക്കാണ് കമ്പനി ടെന്‍ഡര്‍ എടുത്തിട്ടുള്ളത്. ഈ സംഖ്യയില്‍ അഞ്ചുകോടി രൂപ കിഫ്ബിയില്‍ നിന്നും ബാക്കി 79 ലക്ഷം രൂപ നഗരസഭയുമാണ് നല്‍കുക. സെഗുരോ കമ്പനിയുടെയും കെറ്റിന്റെയും പ്രതിനിധികള്‍ കഴിഞ്ഞദിവസം സ്ഥലം സന്ദര്‍ശിച്ച ശേഷം നഗരസഭ ചെയര്‍മാനും പി.ടി.എ ഭാരവാഹികളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ നിലവിലുള്ള കെട്ടിടം പൊളിച്ച് സൈറ്റ് ശരിപ്പെടുത്തുന്ന പ്രവൃത്തി 20നകം പൂര്‍ത്തിയാക്കാനും ജൂണ്‍ ഒന്നിന് നിര്‍മാണ പ്രവൃത്തി ആരംഭിക്കാനും തീരുമാനിച്ചു.
ഈ ധാരണ പ്രകാരം 1972 ല്‍ നിര്‍മിച്ച പഴയ കെട്ടിടം പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകൃതമായ പ്രത്യേക കമ്മിറ്റി നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലീമിന്റെ സാനിധ്യത്തില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ നഗരസഭ എന്‍ജിനീയര്‍ എന്‍.പ്രസന്നകുമാര്‍ പി.ഡബ്ല്യൂ.ഡി കെട്ടിട എന്‍ജിനീയര്‍, എ.ഇ.ഒ, കെ.എ അജിത് മോന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കിഴിശ്ശേരി മുസ്തഫ പങ്കെടുത്തു. നിലവിലെ പഴയ കെട്ടിടം പൊളിച്ചു നീക്കാന്‍ അനുമതി നല്‍കി.
പത്തിനകം നിലവിലെ കെട്ടിടത്തിലെ ഫര്‍ണിച്ചറുകള്‍ മാറ്റി സൈറ്റ് സെ ഗുരോ കമ്പനിക്ക് കൈമാറാന്‍ തീരുമാനിച്ചു. കമ്പനി തന്നെയാണ് പഴയ കെട്ടിടം പൊളിച്ച് നിക്കേണ്ടത്. നിര്‍മാണ പ്രവര്‍ത്തനം ത്വരിതഗതിയിലാക്കാനും ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനും കമ്പനിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."