കരിങ്ങാച്ചിറ റഗുലേറ്റര്‍ കം ബ്രിഡ്ജ്: വഖഫ് ഭൂമിക്ക് പകരം പഞ്ചായത്ത് അധീനതയിലുള്ള ഭൂമി കൈമാറും
പുത്തന്‍ചിറ: നിര്‍മാണം തുടങ്ങി ഏഴ് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കാത്ത കരിങ്ങാച്ചിറ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനായി ആവശ്യമായ ഭൂമി വിട്ട് നല്‍കാന്‍ പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് ഭരണ സമിതി ഐക്യകണ്‌ഠേന തീരുമാനിച്ചു.
പാലം നിര്‍മാണം പൂര്‍ത്തീകരിക്കാനും അപ്രോച്ച് റോഡ് നിര്‍മാണത്തിനുമായി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്ന വഖഫ് ഭൂമിക്ക് പകരം പഞ്ചായത്ത് അധീനതയിലുള്ള ഭൂമി കൈമാറാന്‍ പുത്തന്‍ചിറ പഞ്ചായത്ത് ഭരണ സമിതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും കരിങ്ങാച്ചിറ കൂട്ടായ്മയും. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഭൂമി വഖഫ് ബോര്‍ഡിന് കൈമാറുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനമെടുക്കുന്നതിനായി കൂടിയ പഞ്ചായത്ത് മെമ്പര്‍മാരുടെ യോഗത്തിലാണ് ഭൂമി വിട്ട് നല്‍കാന്‍ ഐക്യകണ്‌ഠേന തീരുമാനിച്ചത്.
പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്ന വഖഫ് ഭൂമിക്ക് പകരം പഞ്ചായത്ത് അധീനതയിലുള്ള ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് കരിങ്ങാച്ചിറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആയിരം ആളുകള്‍ ഒപ്പിട്ട നിവേദനം കഴിഞ്ഞ ദിവസം പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് ചേര്‍ന്ന അടിയന്തിര പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് വളരെ ഗൗരവമുള്ള വിഷയത്തെ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി തിങ്കളാഴ്ച യോഗം ചേരാന്‍ തീരുമാനിച്ചത്. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ അപേക്ഷ പരിഗണിച്ച് ഭൂമി വിട്ട് നല്‍കാന്‍ തീരുമാനിക്കണമെന്ന് ഭരണ സമിതിയിലെ കോണ്‍ഗ്രസ്, ലീഗ്, ബി.ജെ.പി അംഗങ്ങള്‍ ആവശ്യപ്പെട്ടു.
എം.എല്‍.എയുടെ അധ്യക്ഷതയില്‍ സര്‍വ്വ കക്ഷി യോഗം വിളിച്ച് തീരുമാനമെടുക്കണമെന്നാണ് സി.പി.എം അംഗം ആവശ്യപ്പെട്ടത്. ഇത് പഞ്ചായത്ത് ഭരണ-പ്രതിപക്ഷ മെമ്പര്‍മാര്‍ തമ്മില്‍ തുറന്ന വാഗ്വാദത്തിന് കാരണമായി. ചര്‍ച്ചകള്‍ക്കൊടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുജിത് ലാല്‍ മുന്നോട്ട് വച്ച സമവായ നിര്‍ദേശമാണ് ഐക്യകണ്ഡ തീരുമാനത്തിലെത്താന്‍ സഹായിച്ചത്. പഞ്ചായത്തിന് ലഭിച്ച അപേക്ഷ പരിഗണിച്ച് ഭൂമി വിട്ട് നല്‍കാന്‍ തീരുമാനിക്കാനും അത് എം.എല്‍എയുടെ സാനിധ്യത്തില്‍ ചേരുന്ന സര്‍വ്വ കക്ഷി യോഗത്തില്‍ പ്രഖ്യാപിക്കാനുമാണ് പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചത്. ഈ തീരുമാനം അറിയിച്ചതിനെ തുടര്‍ന്ന് പ്രശനത്തിന്റെ ഗൗരവം പരിഗണിച്ച് ഉടന്‍ യോഗ സ്ഥലത്ത് എത്താമെന്ന് എം.എല്‍.എ ഉറപ്പ് നല്‍കി. ഒരു മണിക്കൂറിനുള്ളില്‍ എം.എല്‍.എ വി.ആര്‍ സുനില്‍കുമാര്‍ പുത്തന്‍ചിറ പഞ്ചായത്ത് ഹാളില്‍ എത്തി സര്‍വ്വ കക്ഷി യോഗം ചേര്‍ന്നു. പുത്തന്‍ചിറ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ എം.എല്‍.എ പഞ്ചായത്ത് തീരുമാനം പ്രഖ്യാപിച്ചത് നാട്ടുകാര്‍ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."