'ആറുവരിപ്പാത നിര്‍മിക്കേണ്ടത് കരമന-കളിയിക്കാവിള മാതൃകയിലാവണം'
പള്ളിക്കല്‍: കേരളത്തിലെ ദേശീയപാത 66 നാലുവരിക്ക് പകരം ആറുവരിയില്‍ വികസിപ്പിക്കുവാന്‍ തീരുമാനമെടുത്ത സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം പറഞ്ഞു. ദേശീയപാത ഇരകള്‍ ഏറെക്കാലമായി ആവശ്യപ്പെട്ടു വരുന്നതാണിത്.
എന്നാല്‍ ഏറെ തര്‍ക്ക വിഷയമായ വീതിയുടെ കാര്യത്തിലും സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കു തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2016ല്‍ ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം നഗരത്തിലെ കരമനയില്‍ നിന്നു സംസ്ഥാന അതിര്‍ത്തിയായ കളിയക്കാവിള വരെയുള്ള ആറുവരിപ്പാതയുടെ മാതൃകയില്‍ വികസനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. 30 മീറ്റര്‍ വീതിയിലാണ് അവിടങ്ങളില്‍ റോഡ് വികസിപ്പിച്ചിട്ടുള്ളത്.
ന്യായമായ രീതിയിലുള്ള മീഡിയനും മറ്റ് അനുബന്ധ സൗകര്യങ്ങളുമടക്കമുള്ള റോഡാണിത്. 45 മീറ്റര്‍ ബി.ഒ.ടി.റോഡ് പദ്ധതി ഉപേക്ഷിച്ച് സര്‍ക്കാര്‍ ചെലവില്‍ ആറുവരിപ്പാത പദ്ധതി നടപ്പിലാക്കുവാന്‍ എണ്ണായിരം കോടി രൂപ മതി. അന്‍പതിനായിരം കോടി രൂപയുടെ ബി.ഒ.ടി പദ്ധതി ജനലക്ഷങ്ങളെ കുടിയിറക്കി വിടുക മാത്രമല്ല, ഭീമമായ ടോള്‍ ബാധ്യത ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യും.
കിഫ്ബിയില്‍ 13 വര്‍ഷം കൊണ്ട് വാഹന നികുതി, പെട്രോള്‍ സെസ്സ് ഇനത്തില്‍ ഒരു ലക്ഷം കോടിയോളം രൂപ എത്തിച്ചേരുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ നിന്ന് എണ്ണായിരം കോടി രൂപ ദേശീയപാത വികസനത്തിന് വകയിരുത്തി കരമന-കളിയക്ക വിള മാതൃകയില്‍ വികസനം പൂര്‍ത്തിയാക്കണമെന്നാണ് അബുലൈസ് ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."