സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ 'എട്ടിന്റെ പണി' വകുപ്പ് സെക്രട്ടറിക്ക് നടപടിയെടുക്കാം
തിരുവനന്തപുരം: കെ.എ.എസുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ എട്ടിന്റെ പണി. ജീവനക്കാര്‍ക്ക് മൈനര്‍ പണിഷ്‌മെന്റ് നല്‍കാനുള്ള അധികാരം വകുപ്പ് സെക്രട്ടറി നല്‍കിക്കൊണ്ടുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറത്തിറക്കി.
ജീവനക്കാര്‍ക്കെതിരേ ഇതുവരെ നടപടി സ്വീകരിച്ചിരുന്നത് പൊതുഭരണ വകുപ്പ് സെക്രട്ടറിയോ പൊതുഭരണ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയോ ആയിരുന്നു. ഇതാണ് സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുത്തിയത്.
താക്കീത് ചെയ്യുക, ഉദ്യോഗസ്ഥരെ അധിക്ഷേപിച്ച് സര്‍വിസ് ബുക്കില്‍ എഴുതുക, മൂന്നുമാസം മുതല്‍ രണ്ടുവര്‍ഷം വരെയുള്ള ഇന്‍ക്രിമെന്റ് തടയുക തുടങ്ങിയ നടപടി സ്വീകരിക്കാനുള്ള അധികാരമാണ് വകുപ്പ് സെക്രട്ടറിമാര്‍ക്ക് നല്‍കിയത്.
ഉദ്യോഗസ്ഥര്‍ക്ക് മൈനര്‍ പണിഷ്‌മെന്റ് നല്‍കാന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ഡെപ്യൂട്ടി സെക്രട്ടറിമാര്‍ തുടങ്ങി വകുപ്പ് മേധാവികളായി ഇരിക്കുന്ന ആര്‍ക്കും അധികാരം ഉണ്ടായിരിക്കും. കേരള സെക്രട്ടേറിയറ്റ് സര്‍വിസ്, കേരള സെക്രട്ടേറിയറ്റ് സബോര്‍ഡിനേറ്റ് സര്‍വിസ്, താല്‍ക്കാലിക ജീവനക്കാര്‍, ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ തുടങ്ങി 4,500 ജീവനക്കാര്‍ക്ക് ഇത് ബാധകമായിരിക്കും.
ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതോടൊപ്പം നടപടി സര്‍വിസ് ബുക്കില്‍ രേഖപ്പെടുത്തുന്ന ചുമതലയും വകുപ്പ് മേലധികാരികള്‍ക്കായിരിക്കും. ഇപ്പോള്‍ സര്‍വിസ് ബുക്ക് ഡിജിറ്റലൈസ് ആയതിനാല്‍ നടപടി രേഖപ്പെടുത്താന്‍ വകുപ്പ് മേലധികാരികള്‍ക്ക് എളുപ്പം സാധിക്കും. ഇതോടെ വകുപ്പ് ചുമതലയുള്ള സെക്രട്ടറിമാര്‍ക്ക് ഉദ്യോഗസ്ഥരുടെമേല്‍ കൂടുതല്‍ അധികാരം ഉണ്ടാകും. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മുതല്‍ സ്‌പെഷല്‍ സെക്രട്ടറി വരെയുള്ളവര്‍ക്ക് ബാധകമാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാനുള്ള ചുമതല പൊതുഭരണ വകുപ്പ് സെക്രട്ടറിക്കും വകുപ്പിന്റെ ചുമതലയുള്ള മന്ത്രിക്കുമായിരിക്കും. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുക, തരംതാഴ്ത്തുക, രണ്ടുവര്‍ഷം മുതല്‍ മേല്‍പ്പോട്ടുള്ള ഇന്‍ക്രിമെന്റ് തടയുക, സര്‍വിസില്‍ നിന്ന് പുറത്താക്കുക എന്നിവയാണ് മേജര്‍ പണിഷ്‌മെന്റില്‍ ഉള്‍പ്പെടുന്നത്. മൈനര്‍ പണിഷ്‌മെന്റിന്റെ ഭാഗമായി സര്‍വിസ് ബുക്കില്‍ അധിക്ഷേപിച്ച് എഴുതാനുള്ള അനുമതി വകുപ്പ് സെക്രട്ടറിമാര്‍ക്ക് നല്‍കിയതോടെ ചെറിയ കുറ്റവും സര്‍വിസ് ബുക്കില്‍ രേഖപ്പെടുത്തും. ഇത് ഉദ്യോഗസ്ഥരുടെ പ്രൊമോഷനെയും ഇന്‍ക്രിമെന്റിനെയും ബാധിക്കും. നേരത്തേ നടപടി എടുക്കുന്നതിനുമുന്‍പ് അന്വേഷണംനടത്തി ഉദ്യോഗസ്ഥരുടെ ഭാഗംകേള്‍ക്കുമായിരുന്നു.
നിലവില്‍ നിയമ, ധന വകുപ്പ് ഒഴികെയുള്ള 40 വകുപ്പുകള്‍ പൊതുഭരണ വകുപ്പിന് കീഴിലാണ്. ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് പുതിയ ഉത്തരവ് ബാധകമാകുക. നിയമ, ധന വകുപ്പ് ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സെക്രട്ടറിക്കോ വകുപ്പ് മന്ത്രിമാര്‍ക്കോ മാത്രമേ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."