മുരുകന് ചികിത്സ നിഷേധിച്ച സംഭവം: വെന്റിലേറ്റര്‍ ഒഴിവുണ്ടായിട്ടും നല്‍കിയില്ല
തിരുവനന്തപുരം: പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ച തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവം വെന്റിലേറ്റര്‍ ഒഴിവുണ്ടായിട്ടും നല്‍കാത്തതിനാലാണെന്ന വിവരം പുറത്തുവന്നു. വെന്റിലേറ്റര്‍ ലഭ്യമല്ലെന്ന് പറഞ്ഞ് അപകടത്തില്‍ പരുക്കേറ്റ നാഗര്‍കോവില്‍ സ്വദേശി മുരുകന് മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചപ്പോള്‍ രേഖകള്‍ പ്രകാരം വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നതായി മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മനുഷ്യാവകാശ കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
മുരുകന്റെ മരണത്തില്‍ ചികിത്സാ പിഴവുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവിട്ടിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ മെഡിക്കല്‍ ബോര്‍ഡിന് ലഭ്യമാക്കിയ രേഖകള്‍ പ്രകാരം അത്യാഹിത വിഭാഗത്തിലുള്ള ഓപ്പറേഷന്‍ തിയേറ്ററില്‍ ഒരു വെന്റിലേറ്റര്‍ മറ്റൊരു രോഗിക്ക് വേണ്ടി റിസര്‍വ് ചെയ്തിരുന്നതായി പറയുന്നു.
ട്രാന്‍സ്പ്ലാന്റ് ഐ.സിയുവില്‍ മറ്റൊരു ട്രാന്‍സിറ്റ് വെന്റിലേറ്ററും ലഭ്യമായിരുന്നു. മുരുകന് ചികിത്സ നല്‍കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ ലഭ്യമല്ലായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചിരുന്നത്.
തങ്ങള്‍ വെന്റിലേറ്റര്‍ അന്വേഷിക്കുമ്പോള്‍ മുരുകനെ കൊണ്ടുവന്ന ആംബുലന്‍സ് രോഗിയുമായി പുലര്‍ച്ചെ മൂന്നരയോടെ മെഡിക്കല്‍ കോളജില്‍ നിന്നും പോയതായി മെഡിക്കല്‍ കോളജ് ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 71 വെന്റിലേറ്ററുകള്‍ ഉള്ളതില്‍ 15 എണ്ണം ഒഴിവുണ്ടായിരുന്നുവെന്നും അവ സ്റ്റാന്റ്‌ബൈ ആയി സൂക്ഷിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യം മെഡിക്കല്‍ കോളജ് സൂപ്രണ്ട് നല്‍കിയ രേഖകളില്‍ ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ഓഗസ്റ്റ് 7ന് രാത്രി ഒരു മണിക്കാണ് വാഹനാപകടത്തില്‍ അത്യാസന്ന നിലയിലായ മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചത്.
മൂന്നര വരെ ആംബുലന്‍സ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കാത്തുകിടന്നു. മുരുകന് യഥാസമയം ചികിത്സ ലഭ്യമാക്കിയിരുന്നെങ്കില്‍ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."