ബലിദാനി, രക്തസാക്ഷി, അന്നദാനി
കമ്യൂണിസ്റ്റുകള്‍ക്ക് രക്തസാക്ഷി. സംഘ്പരിവാറിന് ബലിദാനി. വീട്ടുകാര്‍ക്ക് അന്നദാനി. നഷ്ടപ്പെടുവാന്‍ നമ്മള്‍ക്കൊന്നുമില്ല. കിട്ടാനുള്ളത് നെടുങ്കന്‍ സ്തൂപ സ്മാരകങ്ങളും കോടികളുടെ ഫണ്ടും. പാര്‍ട്ടിയും കൊടിയും ജാതിയും മതവുമൊക്കെ മാറുമ്പോള്‍ പല പേരിലറിയപ്പെടുമെങ്കിലും രക്തസാക്ഷികള്‍ക്ക് പവിത്രതയും പദവിയും നല്‍കി ആദരിച്ചവരാണ് നമ്മള്‍. നിര്‍ദിഷ്ട ലക്ഷ്യത്തിനുവേണ്ടി മരണം വരിക്കുന്ന ആള്‍ ആണ് രക്തസാക്ഷി. ലക്ഷ്യം മതപരമോ വര്‍ഗപരമോ രാഷ്ട്രീയമോ ആകാം എന്നൊരു വ്യാഖ്യാനമുണ്ട്.
'അവനവനു വേണ്ടിയല്ലാതെ അപരനു ചുടുരക്തമൂറ്റി കുലം വിട്ടു പോയവന്‍ രക്തസാക്ഷി'യെന്ന മുരുകന്‍ കാട്ടാക്കടയുടെ കവിത നമ്മുടെ ചെവികളില്‍ മുഴങ്ങുന്നുണ്ട്. ഓരോരോ നാട്ടിനും ഓരോരോ പ്രസ്ഥാനത്തിനും രണസ്മരണകളുയര്‍ത്തുന്ന ഒരുപാട് കഥകള്‍ പറയാനുണ്ടാവും. കൊന്നതിന്റെയും കൊല്ലിച്ചതിന്റെയുമെല്ലാം കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുകയും ആണ്ടുകളും അനുസ്മരണങ്ങളും മുറതെറ്റാതെ ആചരിക്കുന്നതിലും നാം തെല്ലും പിറകോട്ടല്ല. രക്തസാക്ഷി മരിക്കാറില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന് ആര്‍ത്തു വിളിച്ച് പോകുമ്പോള്‍ നമ്മള്‍ അവരെ കൈവിട്ടിട്ടില്ലെന്ന് വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുകയാണ്. ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യപോരാട്ടങ്ങള്‍ക്ക് അനേകമനേകം ശൂരന്‍മാരുടെ രക്തസ്മരണകള്‍ അയവിറക്കാനുണ്ട്. കൊളോണിയല്‍ സായ്പ്പന്‍മ്മാരില്‍ നിന്നു നാടിനെ മോചിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ധീരദേശാഭിമാനികളുടെ കഥകള്‍ കേട്ട് നാം കോള്‍മയിര്‍കൊള്ളാറുണ്ട്. അവരുടെ ദീപ്തമായ ജീവിതത്തെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും ആലോചിക്കാറുണ്ട്. തൊഴിലാളി വര്‍ഗസര്‍വാധിപത്യത്തിനായി മര്‍ദക ഭരണകൂടങ്ങളോടു പോരാടി വീരമൃത്യു വരിച്ച അനേകരുടെ കഥകള്‍ നമ്മെ രോമാഞ്ചം കൊളളിക്കാറുണ്ട്. ചുഷണത്തിനും മര്‍ദനത്തിനും അടിച്ചമര്‍ത്തലിനും ഏകാധിപത്യത്തിനും വംശീയതയ്ക്കുമെതിരേ പോരടിക്കുകയും മരിച്ചു വിഴുകയും ചെയ്യുന്ന അനേകര്‍ ഇന്നും നമ്മുടെ ഭൂമിലോകത്തുണ്ട്.
അനീതിക്കും അധര്‍മത്തിനുമെതിരേയുള്ള, ജീവിക്കാനുള്ള, ആശയപ്രചാരണത്തിനുള്ള പോരാട്ടത്തില്‍ ഇനിയുമേറെപ്പേര്‍ തങ്ങളുടെ ജീവരക്തം ഹോമിക്കേണ്ടിവരിക തന്നെ ചെയ്യും.അവരെല്ലാം ദൈവലോകത്തെ മഹത്തായ ആത്മാക്കളായി വാഴട്ടെയെന്നേ നാമെല്ലാം ആശിക്കാറുള്ളൂ. ഒരുമഹത്തായ കാര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്യുന്നത് പുണ്യവും പ്രശംസനീയവുമാണെന്ന് പറയാതിരിക്കാനാവുമോ. പരസ്പരവിദ്വേഷത്തിലൂന്നി കുടില രാഷ്ട്രീയ തന്ത്രങ്ങള്‍ക്കിടയില്‍ വെട്ടിമരിച്ചും കൊന്നൊടുക്കിയും കുരുതിക്കളം തീര്‍ക്കുന്ന കാട്ടാളത്തത്തിനെ എന്തു പേരു വിളിക്കണമെന്നത് ആലോചിക്കേണ്ടിവരും.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഭൂലോകത്തെ സര്‍വമാന കാര്യങ്ങളും സാകൂതം നോക്കിക്കാണുകയും അഭിപ്രായം പറയുകയും ഇടപെടുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ഉത്തമന്‍മാരാണല്ലോ നാം മലയാളികള്‍.
മനുഷ്യത്വം, മാനവികത, മതേതരത്വം, മതസൗഹാര്‍ദം, മാനിഷാദ തുടങ്ങി മകാരത്തില്‍ തുടങ്ങുന്ന പലതിലും രാപകല്‍ കണക്കെ പ്രസംഗിക്കാനും പ്രബന്ധമെഴുതാനും ഒരു മടിയുമില്ലാത്തവര്‍. കശ്മിരിലെ പിഞ്ചു ബാലികയോട് കൊടിയ പാതകം കാണിച്ച നരാധമന്‍മാരെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍ ഒറ്റയടിക്ക് നമ്മള്‍ തീര്‍പ്പാക്കിയേനെ. എന്തിന് ആ കൊടും ക്രൂരന്‍മാരെ ന്യായീകരിക്കാന്‍ ശ്രമിച്ച ഒരധമനെ നാമെത്രമാത്രം കരിവാരിത്തേച്ചുവെന്നതിന് സാമൂഹിക മുഖങ്ങള്‍ സാക്ഷി. ആരാന്റെ കുറ്റവും കുറവും ആഘോഷിക്കാനും ആക്ഷേപിക്കാനും എന്തു മിടുക്കരാണ് നമ്മള്‍.
പിന്നേ അതങ്ങനെ വേണമല്ലോ. കണ്ണൂരിലെ വെട്ടും കുത്തും കൊലയുമെല്ലാം വലിയ വിഷയങ്ങളല്ല നമ്മള്‍ക്കിപ്പോള്‍. കാരണം കണ്ണൂരെന്ന് കേള്‍ക്കുമ്പോഴേ നമ്മളറിയാതെ കുത്തും കൊലയും മനസില്‍ തെളിയും. കശ്മിരിലെ ഭീകരാക്രമണങ്ങളും സംഘര്‍ഷങ്ങളും ഒരു പതിവു വാര്‍ത്തയായതു പോലെ കണ്ണൂരിലെ ചോരക്കളികളും കേട്ടും കണ്ടും തഴമ്പിച്ച കാര്യങ്ങള്‍ മാത്രം. എപ്പോഴെങ്കിലും ചില വെട്ടുകള്‍ വലിയ വായില്‍ മുഴങ്ങിയെന്നുവരാം. പക്ഷെ അടുത്തൊരെണ്ണം വരുന്നതോടെ അതും വിസ്മൃതമാവും. തറികളുടെയും തിറകളുടെയും നാട് തെറികളുടെയും തലയറുപ്പിന്റെയും നാടായി മാറിയിട്ട് കാലമേറെയായി.
മയ്യഴിപ്പുഴയുടെ തീരങ്ങളിലേക്ക് ചോരച്ചാലുകള്‍ ഒഴുകിയെത്തുമ്പോ ള്‍ അല്പമെങ്കിലും മനുഷ്യത്വം ബാക്കിയുള്ളവര്‍ക്ക് ആകുലപ്പെടാതിരിക്കാനാവില്ല. പുരാതന പാരന്ത്രീസ് ഭൂമിയുടെ മധുരസ്മരണകള്‍ അയവിറക്കിയൊഴുകുന്ന മയ്യഴിപ്പുഴയെ മലീമസമാക്കി വിദ്വേഷത്തിന്റെ വിത്തുകള്‍ പാകാന്‍ ചിലര്‍ കാത്തിരിക്കുന്നതു പോലെ തോന്നുന്നു.
മാഹിയിലെ സി.പി.എം. നേതാവ് കണ്ണീപ്പൊയില്‍ ബാബുവിന് മൂന്ന് മക്കളാണ്. മൂത്തമകള്‍ അനാമികയ്ക്ക് പന്ത്രണ്ടു വയസ്. ഇളയമകന്‍ അനുനന്ദുവിന് മൂന്നരയും. അനുനന്ദുവിന് ഒരുചേച്ചികൂടിയുണ്ട് അനുപ്രിയ. ബാബുവിന്റെ മൃതദേഹം പണിതീരാത്ത വീടിനരികില്‍ എത്തിച്ചപ്പോള്‍ അനിയത്തിയെ ചേര്‍ത്തുപിടിച്ചുനിന്നു അനാമിക. ആരും ഉറക്കെ നിലവിളിച്ചില്ല. അച്ഛന്റെ നരവീണ താടിയില്‍ തടവി ഒന്ന് ഉമ്മവയ്ക്കാന്‍ പോലുമാകാതെ അവര്‍ സ്തബ്ദരായിരുന്നു. ഇവര്‍ക്ക് ഇനി അച്ഛനില്ല. അച്ഛനെ എന്തിനിങനെ വെട്ടിനുറുക്കിയെന്ന് ഈ മക്കള്‍ ചോദിച്ചാല്‍ എന്തു മറുപടിയാണ് മയ്യഴിക്കാര്‍ക്ക് പറയാനാവുക.
ബാബുവിനെ കൊന്നതിന് പകരം വീട്ടാന്‍ പാടത്തെ പണിക്ക് വരമ്പത്ത് കൂലി. ഷമേജ് ആര്‍.എസ്.എസുകാരനായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷമായി ഓട്ടോറിക്ഷ ഓടിച്ച് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നു. ജീവതം കരുപിടിപ്പിക്കാനുള്ള ഓട്ടത്തിനിടെ ഷമേജിനെയും വെട്ടിനുറുക്കി. അനാഥമായത് എട്ടുപൊട്ടും തിരിയാത്ത നാലു വയസ്സുകാരന്‍. അച്ഛന്റെ ഓട്ടോയുടെ ശബ്ദത്തിനായി ഇനിയും അഭിനവ് കതോര്‍ത്തിരിക്കും. തിങ്കളാഴ്ച വീട്ടിലേക്ക് വരുംവഴിയാണ് ഷമേജിന് വെട്ടേറ്റത്. അച്ഛനെന്തോ പറ്റിയെന്ന് അവനറിയാമായിരുന്നു. വൈകീട്ട് കെട്ടിപ്പൊതിഞ്ഞ് വീട്ടില്‍ക്കൊണ്ടുവന്ന അച്ഛന്റെ ശരീരം അവന് കാണാനായില്ല. അമ്മയെ ചേര്‍ത്തുപിടിച്ച് അവന്‍ കരഞ്ഞു. അച്ഛനെ ഇങ്ങനെ കാണേണ്ടെന്ന് വിളിച്ചുപറഞ്ഞു. എന്തിനാണച്ഛനെ കൊന്നതെന്ന ് അവന്റെ നിഷ്‌കളങ്കമായ കണ്ണുകള്‍ മാഹിക്കാരോട് ചോദിച്ചുകൊണ്ടേയിരിക്കും.
ഇനി സമാധാന ചര്‍ച്ചയ്ക്കുള്ള സമയമാണ്. കീരിയും പാമ്പും ഒരു കസേരയ്ക്കിരുവശവുമിരുന്ന് പരസ്പരം നോക്കി പേടിപ്പിക്കും. അവസാനം ചിരിച്ച് ഹസ്തദാനം നടത്തി പിരിയും. ഓരോവീട്ടിലും ഓരോ വിധവയെയും അനേകം അനാഥരേയും ഉണ്ടാക്കാനുള്ള സമാധാനകരാറില്‍ ഒപ്പുവച്ച്.
എന്തായാലും ചര്‍ച്ചയില്‍ ഒരു അജണ്ടയുടെ സമവായത്തിനായി ഇരുകൂട്ടരും സഹകരിക്കണമെന്ന അഭ്യര്‍ഥനയുണ്ട്. കേരളത്തില്‍ തോക്ക് ലൈസന്‍സ് എളുപ്പമാക്കണമെന്ന്. കാരണം ഈ വെട്ടും കുത്തും ഒഴിവാക്കി അല്പം മാന്യമായ രീതിയില്‍ പെട്ടെന്ന് വകവരുത്താന്‍ പറ്റിയത് തോക്കുകളാണ് !
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."