HOME
DETAILS

മനുഷ്യജീവനും വിലയില്ലാതായോ?

  
backup
May 09 2018 | 21:05 PM

no-values-humans-life-spm-today-articles

'ദൈവത്തിന്റെ സ്വന്തം നാട്' എന്നു കേട്ടു വിദേശത്തുനിന്നു വന്ന വനിത കൂട്ട മാനഭംഗത്തിനും ക്രൂരമായ കൊലപാതകത്തിനും ഇരയാകുന്നു. അങ്ങകലെ സ്വന്തം കൂരകളിലെ അടുപ്പ് എരിയിക്കാന്‍ ഇവിടെ എത്തി, രാപകല്‍ അധ്വാനിക്കുന്ന അന്യസംസ്ഥാനക്കാര്‍ നിര്‍മാണ ജോലികള്‍ക്കിടയില്‍ മരണപ്പെടുന്നു. മരിക്കുന്നത് നാട്ടുകാരായാല്‍ മാത്രം നാം പ്രതികരിച്ചാല്‍ മതിയോ?
മദ്യഷാപ്പുകളുടെ ദൂരപരിധിയില്‍ വെള്ളം ചേര്‍ക്കുന്ന പണിയിലാണ് കേരളം എന്നു തോന്നുന്നു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഇതല്ലാതെ വേറെ വഴിയില്ലെന്നാണ് സര്‍ക്കാരിന്റെ നിഗമനം.
എന്നാല്‍, ഇങ്ങനെ പുറത്തുനിന്നു വരുന്നവര്‍ക്ക് സ്വര്‍ഗം തീര്‍ക്കുന്ന അവസരത്തിലും അവരുടെ സുരക്ഷിതത്വം നാം മറന്നുപോകുന്നു. കോവളത്ത് കൂട്ട ബലാല്‍സംഗത്തിനും മൃഗീയമായ കൊലക്കും ഇരയായ വിദേശ വനിതയുടെ കദനകഥയാണല്ലോ നാം കഴിഞ്ഞ ദിവസങ്ങളില്‍ കേട്ടത്. ക്രൈസ്തവ വിശ്വാസി ആയിട്ടും മൃതദേഹം അടക്കം ചെയ്യാന്‍ അനുവദിക്കാതെ ധൃതിപിടിച്ച് വിറകടുപ്പില്‍ തന്നെ ആ ലാത്വിയന്‍ യുവതിയെ ദഹിപ്പിച്ചു കളയുക തന്നെ ചെയ്തു, നാം. മരണകാരണം പൂര്‍ണമായും കണ്ടെത്താന്‍ കഴിയാതിരുന്ന ഒരു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മാത്രം കൈയിലിരിക്കെ പുനരന്വേഷണത്തിന്റെ എല്ലാ സാധ്യതകളേയും അടച്ചുകളയുംവിധമായിരുന്നു ശവം ദഹിപ്പിച്ചത്. ദഹിപ്പിക്കരുതെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുണ്ടായിട്ടും അത് നടന്നു. ഇത് കാണിക്കുന്നത് ഹീനമായ ഈ കൊലപാതകക്കുറ്റത്തില്‍ നിന്നും ആരെയൊക്കെയോ രക്ഷപ്പെടുത്താന്‍ ആരെല്ലാമോ ശ്രമിക്കുന്നുണ്ടെന്നത് തന്നെയാണെന്ന ആരോപണം തള്ളിക്കളയാവുന്നതല്ല.
വിദേശരാജ്യക്കാര്‍ക്കു മാത്രമല്ല, അയല്‍ സംസ്ഥാനക്കാര്‍ക്കും 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' രക്ഷ ഇല്ലാതായോ? കോഴിക്കോട് റാംമോഹന്‍ റോഡില്‍ ബഹുനില കെട്ടിടനിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് രണ്ടു ബിഹാര്‍ സ്വദേശികള്‍ മരണപ്പെട്ട വാര്‍ത്ത ഈ സംശയങ്ങള്‍ക്കു ആക്കം കൂട്ടുന്നു. രണ്ടു ദിവസത്തെ കനത്ത മഴയത്ത് മണ്ണിടിച്ചിലിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ തന്നെ തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവത്രെ. എന്നാല്‍, എന്‍ജിനിയര്‍മാര്‍ ഭീഷണിപ്പെടുത്തി അവരെക്കൊണ്ട് ആഴത്തിലിറങ്ങി ജോലി എടുപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. എട്ടു തൊഴിലാളികളാണ് ഒടുവില്‍ മണ്ണിനടിയില്‍പെട്ടത്. രണ്ടു ചെറുപ്പക്കാര്‍ക്ക് ജീവാപായം നേരിട്ടപ്പോള്‍ മറ്റുള്ളവര്‍ പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
നഗരസഭയുടെ അനുവാദത്തോടെയാണ് ഈ ബഹുനില മാളിന്റെ പണി നടന്നുകൊണ്ടിരുന്നത് എന്നാണ് വാര്‍ത്ത. മുകളിലത്തെ നിലകള്‍ക്കു സൗകര്യപ്രദമായ പാര്‍ക്കിങിനു വേണ്ടി ഭൂമിക്കടിയില്‍ കുഴിക്കുകയായിരുന്നുവത്രെ.
അതിനു നഗരസഭാധികൃതര്‍ അനുമതി നല്‍കിയിരുന്നതായും പറയപ്പെടുന്നു. നിര്‍മാണപ്രവൃത്തിയില്‍ അപാകതയുണ്ടായോ എന്നു പരിശോധിക്കുമെന്ന് അധികൃതര്‍ പറയുന്നു. നഗരഹൃദയത്തില്‍ പൊലിസ് ഓഫിസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിന്നരികെ ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ട് ചുറ്റും മറച്ചുകെട്ടി നടക്കുന്ന പണി എന്താണെന്നപ്പോഴെങ്കിലും ആരെങ്കിലും പോയി നോക്കിയിട്ടുണ്ടോ? സമീപത്തു നിന്നു തന്നെയുള്ള ബഹുനില കെട്ടിടങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് അന്വേഷിച്ചിരുന്നോ? നഗരം ഭരിക്കുന്നവര്‍ ഇപ്പോള്‍ കൈകഴുകാന്‍ ശ്രമിച്ചിട്ട് കാര്യമില്ല.
ഹതഭാഗ്യരായ കിസ്മത്ത് എന്ന 30കാരന്റേയും ജബ്ബാര്‍ എന്ന 35കാരന്റേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സംവിധാനമുണ്ടാക്കിയത്രെ. കുടുംബം പോറ്റാന്‍ നാഴികകള്‍ താണ്ടി ഇങ്ങിവിടെ ദൈവത്തിന്റെ നാട് തെരഞ്ഞെത്തിയ ആ ചെറുപ്പക്കാര്‍ രാപകല്‍ അധ്വാനിച്ചു കഷ്ടപ്പെട്ടയക്കുന്ന തുട്ടുകള്‍ കൊണ്ടു മാത്രം കുടിലുകളില്‍ എരിഞ്ഞുകൊണ്ടിരുന്ന അടുപ്പുകളില്‍ തോരാത്ത കണ്ണീരാണ് വീഴുന്നത്. മരണപ്പെട്ടവര്‍ നമ്മുടെ നാട്ടുകാരല്ലാത്തതിനാല്‍ സര്‍ക്കാരിന് ഒരു ബാധ്യതയും ഇല്ല. നഷ്ടപരിഹാരമൊക്കെ കോണ്‍ട്രാക്ടറെ കൊണ്ടു കൊടുപ്പിക്കാന്‍ ശ്രമിക്കാം.
അട്ടിമറിക്കൂലി മുതല്‍ നോക്കുകൂലി വരെ അവകാശങ്ങളായി പ്രഖ്യാപിച്ച് നാട്ടിലെ തൊഴിലാളികള്‍ ഭീമമായി വില പേശുമ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെന്ന പോലെ ഇവിടത്തെ എല്ലാ ജോലികള്‍ക്കും നാം ആശ്രയിക്കുന്നത് ഇതരസംസ്ഥാനക്കാരെയാണ്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ആന്ധ്രയില്‍ നിന്നും ബിഹാറില്‍ നിന്നും ബംഗാളില്‍ നിന്നുമൊക്കെയുള്ള തൊഴിലാളികളെ. അവര്‍ക്കു സംഘബലമില്ല. മതിയായ താമസ സൗകര്യം പോലും ഇല്ല. അവരുടെ ആരോഗ്യരക്ഷക്ക് ഇന്‍ഷുറന്‍സ് പദ്ധതി ഉണ്ടെങ്കിലും അത് കടലാസില്‍ മാത്രം. എന്നിട്ടും അവര്‍ രാപകല്‍ ജോലി ചെയ്യുന്നു.
ദിവസക്കൂലി കൂട്ടിക്കൂട്ടി വരുന്ന കാര്യത്തിലും പ്രവൃത്തി സമയം കുറച്ചു കുറച്ചു വരുന്ന കാര്യത്തിലും നാട്ടുകാരായ തൊഴിലാളികള്‍ വില പേശുന്നതു കണ്ട് അവരും വേതനം കൂട്ടി ചോദിക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യം. എന്നാല്‍, മഴയെന്നോ വെയിലെന്നോ നോക്കാതെയുള്ള അവരുടെ വിശ്വസ്തമായ പ്രവര്‍ത്തനശൈലിയില്‍ ഒരു മാറ്റവും ഇല്ല. അപകടങ്ങള്‍ ഒന്നൊന്നായി അവരെ വലവീശിപ്പിടിക്കുമ്പോള്‍ ഒരു അനുശോചന യോഗം ചേരാന്‍ പോലും ആളില്ല.
എല്ലാ വ്യവസ്ഥകളും ലംഘിച്ച് പഴയകാല അടിമത്ത രീതിയെ ഓര്‍മിക്കുന്ന വിധം തൊഴില്‍ എടുക്കേണ്ടിവരുന്ന ഈ ഹതഭാഗ്യരെക്കുറിച്ച് അവരുടെ കുടുംബക്കാര്‍ക്കു പോലും ഒന്നും അറിയില്ല. ഇതരസംസ്ഥാനക്കാര്‍ എത്ര പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നു സര്‍ക്കാരിന്റെ കൈയിലും കണക്കില്ല.
രണ്ടു വര്‍ഷം മുമ്പ് കോഴിക്കോട്ടു തന്നെ പന്തീരാങ്കാവ് ജങ്ഷനു സമീപം കുന്നിടിക്കുന്നതിനിടയില്‍ ജീവാപായമുണ്ടായപ്പോഴാണ് മരിച്ചത് രണ്ടു ബംഗാളികള്‍ ആണെന്ന തിരിച്ചറിവുണ്ടായത്. ഒളവണ്ണ മൂര്‍ക്കനാട് പാറമ്മലില്‍ മലയിടിക്കുന്നതിനിടയില്‍ ജെ.സി.ബി ഡ്രൈവര്‍ തന്നെയാണ് കൊല്ലപ്പെട്ടത്. അതിനു പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് പന്തീരാങ്കാവ് ബസ്‌സ്റ്റോപ്പിനു സമീപം കുന്നിടിച്ച് തമിഴ്‌നാട്ടുകാരായ എട്ടു പേര്‍ക്കായിരുന്നു ജീവഹാനി. അവരുടെയൊക്കെ ഓര്‍മകള്‍ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വിധിക്കപ്പെട്ടവരായി നാമും.
ഇതരസംസ്ഥാനക്കാരാണ് അവര്‍ എന്നു സ്വയം ആശ്വസിച്ചു കഴിയുന്ന കഠിനഹൃദയരായി മലയാളികള്‍ മാറിപ്പോകുന്നത് എത്രമാത്രം പരിതാപകരം!

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago