വാട്ടര്‍ സ്കൂട്ടര്‍ മുങ്ങി യുവാവിനെ കാണാതായി
കൊച്ചി: മറൈന്‍ ഡ്രൈവില്‍ ബോള്‍ഗാട്ടി പാലസിന് സമീപം വാട്ടര്‍ സ്കൂട്ടര്‍ മുങ്ങി യുവാവിനെ കാണാതായി. സ്കൂട്ടറിലുണ്ടായിരുന്ന രണ്ടു പേരെ സ്വകാര്യ ബോട്ടിലെ തൊഴിലാളികള്‍ ചേര്‍ന്നു രക്ഷപ്പെടുത്തി. പാലക്കാട് സ്വദേശി ബിനീഷിനെയാണ് കാണാതായത്. നിസാര പരുക്കുകളോടെ രക്ഷപ്പെട്ട കണ്ണൂര്‍ ആലക്കോട് സ്വദേശിയും വടുതലയില്‍ താമസക്കാരനുമായ ജോമോന് കുര്യന്(34), സേലം സ്വദേശി ഗോവിന്ദരാജ് (32) എന്നിവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബിനീഷിനുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഫയര്‍ ആന്റ് റെസ്ക്യൂവിന്റെയും നേവിയുടെയും മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തിലാണ് തെരച്ചില്‍. സ്ഥലത്ത് ശക്തമായ അടിയൊഴുക്കുള്ളതിനാല്‍ തെരച്ചില്‍ വൈകിയും തുടരുകയാണ്.
മറൈന്‍ ഡ്രൈവിലെ ഭാമ പരസ്യ ഏജന്‍സിയിലെ ജീവനക്കാരാണ് മൂന്നുപേരും. കമ്പനിയിലെ ഡിസൈനറാണ് ബിനീഷ്. ജോമോന് സൂപ്പര്‍വൈസറും ഗോവിന്ദരാജ് വെല്‍ഡറുമാണ്. അടുത്തിടെയാണ് ബിനീഷും ഗോവിന്ദരാജും കമ്പനിയില്‍ ജോലിക്കുചേര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അപകടം. അറ്റകുറ്റപ്പണി കഴിഞ്ഞ് ടെസ്റ്റ്ഡ്രൈവ് നടത്തിയ ശേഷം കെ.ടി.ഡി.സി ജെട്ടിയില്‍ നിര്‍ത്തിയിട്ടിരുന്ന വാട്ടര്‍ സ്കൂട്ടര്‍ വീണ്ടും ഓടിക്കുമ്പോള്‍ യു ടേണ്‍ എടുക്കുന്നതിനിടെ ശക്തമായ ഓളത്തില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."