കര്‍ണാടക: കൊട്ടിക്കലാശം കഴിഞ്ഞു, വോട്ടെടുപ്പ് നാളെ
ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. ദേശീയ നേതാക്കള്‍ അവസാന നിമിഷംവരെ പ്രചാരണ പരിപാടികളില്‍ സജീവമായിരുന്നു.
പ്രധാനമന്ത്രി, അമിത്ഷാ അടക്കമുള്ള നേതാക്കളെ ഇറക്കി കര്‍ണാടക പിടിക്കാന്‍ ബി.ജെ.പി പതിനെട്ടടവും പയറ്റുമ്പോള്‍ വിവിധ അഭിപ്രായസര്‍വേ ഫലത്തിന്റെ ആത്മവിശ്വാസത്തിലാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്. ഇതുവരെ പുറത്തുവന്ന സര്‍വേകളിലെല്ലാം കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. ഭൂരിപക്ഷമില്ലെങ്കിലും കൂടുതല്‍ സീറ്റ് നേടുമെന്നാണ് പ്രവചനം. ഒടുവില്‍വന്ന ലോക്‌നീതി സി.എസ്.ഡി.എസ്, എ.ബി.പി സര്‍വേ കോണ്‍ഗ്രസ് 92 മുതല്‍ 102 വരെ സീറ്റ് നേടുമെന്നാണ് പറയുന്നത്. ബി.ജെ.പി.ക്ക് 79 മുതല്‍ 89 സീറ്റാണ് പ്രവചിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യാ ടുഡെ എന്നിവയുടെ സര്‍വേകളിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം.
അതേസമയം, കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് 120 സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ കര്‍ണാടകയില്‍ ഇറക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ബി ജെ പി. രാഹുല്‍ ഗാന്ധിക്കെതിരായ നരേന്ദ്ര മോദിയുടെ അഭിപ്രായങ്ങള്‍ തരംതാഴ്ന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
കോണ്‍ഗ്രസ് ഭരണത്തെയും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണം അവസാനിപ്പിച്ചത്. അവസാനഘട്ടത്തില്‍ മോദി 21 റാലികളിലാണ് പങ്കെടുത്തത്. രാഹുല്‍ഗാന്ധിയാകട്ടെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പ്രചാരണത്തിന് നേതൃത്വം നല്‍കി. ഒരു തെരഞ്ഞെടുപ്പിലും കാണാത്ത വീറും വാശിയിലുമാണ് കോണ്‍ഗ്രസും ബി.ജെ.പിയും ഇക്കുറി പ്രചാരണത്തിനിറങ്ങിയത്.
സാമൂഹിക മാധ്യമങ്ങളും പ്രചാരണവേദിയായി. ജനതാദളിനുവേണ്ടി എച്ച്.ഡി ദേവഗൗഡയും എച്ച്.ഡി കുമാരസ്വാമിയുമാണ് പ്രധാനമായും പ്രചാരണത്തിനിറങ്ങിയത്. ബി.എസ്.പി നേതാവ് മായാവതിയും മജ്‌ലിസ് പാര്‍ട്ടി നേതാവ് ഉവൈസിയും പ്രചാരണത്തിനെത്തി. 223 അംഗ നിയമസഭയിലേക്ക് നാളെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 2,654 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."