ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വാക്കുകളില്‍ മാത്രം: തടയണകള്‍ വെറും നോക്കുകുത്തികളാകുന്നു
സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ വരള്‍ച്ചരൂക്ഷമാകുമ്പോഴും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വാക്കുകളില്‍ ഒതുങ്ങുന്നു. ഇതിന്റെ നേര്‍സാക്ഷ്യങ്ങളാണ് ആവശ്യത്തിന് വേനല്‍മഴ ലഭിച്ചിട്ടും വറ്റിയ നിലയിലുള്ള ജില്ലയിലെ ഒട്ടുമിക്ക തോടുകളും പുഴകളും. വേനല്‍ കടുക്കും മുമ്പുതന്നെ ജില്ലയിലെ തോടുകളിലെയും പുഴകളിലെയും ചെക്ക് ഡാമുകള്‍ സംരക്ഷിച്ച് വേനല്‍മഴയില്‍ ലഭിക്കു മഴവെള്ളം തടഞ്ഞുവെക്കാന്‍ നടപടികള്‍ ഇല്ലാത്തത്താണ് ജലക്ഷാമം രൂക്ഷമാകാന്‍ കാരണം. ജില്ലയില്‍ ആയിരത്തോളം ചെക്ക് ഡാമുകളാണ് ചീപ്പ് ഇടാതെയും സംരക്ഷണമില്ലാതെയും നശിച്ചുകൊണ്ടിരിക്കുന്നത്. വേനല്‍ കടുക്കുമ്പോള്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് പദ്ധതികള്‍ പ്രഖ്യാപിക്കുകയെല്ലാതെ ചുരുക്കം ചിലത് മാത്രമാണ് നടപ്പില്‍ വരുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച വാട്ടര്‍ കിയോസ്‌കുളില്‍ ഒരു തുള്ളി വെള്ളം നിറക്കാത്തത് പോലും ഇപ്പോഴും വെയിലും മഴയുമേറ്റ് നശിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ കബനി നദിയില്‍ നിന്ന് ഉപയോഗിക്കാവുന്ന ജലം ഉപയോഗിക്കാന്‍ പോലും ഇതുവരെ പദ്ധതികളാവിഷ്‌കരിച്ചിട്ടില്ല. കുളം, പുഴ എന്നിവയുടെ ശുചീകരണം ആഘോഷമായി ഉദ്ഘാടനം നടത്തുന്നുണ്ടെങ്കിലും തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതില്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ പരാജയപ്പെടുന്നതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്.
ഓരോ വേനല്‍കാലത്തും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെ കുറിച്ച് വാതോരാതെ പ്രസംഗിക്കുകയല്ലാതെ പ്രവര്‍ത്തനങ്ങള്‍ എങ്ങും നടക്കാത്തത് കര്‍ഷകര്‍ക്കും ആദിവാസികള്‍ ഉള്‍പെടെയുള്ളവര്‍ക്കുമാണ് തിരിച്ചടിയാകുന്നത്. ഓരോ വര്‍ഷവും വരള്‍ച്ച ഉണ്ടാകുമ്പോഴും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി മുറവിളി നടത്തുന്നതല്ലാതെ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനാവശ്യമായ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
കടമാന്‍തോട്ടിലെ
തടയണകള്‍ നിര്‍മിക്കാന്‍ നടപടിയായില്ല
പുല്‍പ്പള്ളി: കുടിയേറ്റ മേഖലയിലെ വരള്‍ച്ച പ്രതിരോധിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ജലസേചനവകുപ്പ് മുഖേന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തടയണകളുടെ നിര്‍മാണം രണ്ടു വര്‍ഷമായിട്ടും ആരംഭിച്ചില്ല. അനുവദിച്ച പതിനൊന്നോളം തടയണകളുടെ നിര്‍മാണമാണ് ഇനിയും ആരംഭിക്കാത്തത്.
രണ്ട് വര്‍ഷം മുമ്പ് മേഖലയിലുണ്ടായ രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കടമാന്‍തോട്ടിലാണ് പതിനൊന്നോളം തടയണകള്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ഇറിഗേഷന്‍ വകുപ്പ് സര്‍വേ ആരംഭിക്കുകയും എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ശേഷം യാതൊരു തുടര്‍നടപടികളുമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വേനല്‍മഴ തുടര്‍ച്ചയായി മേഖലയില്‍ ലഭിച്ചുവെങ്കിലും കടമാന്‍തോട്ടില്‍ ഒരു തുള്ളി വെള്ളം പോലും ഇല്ലാത്ത അവസ്ഥയാണ്. സര്‍ക്കാരില്‍ നിന്ന് അനുവദിച്ച തടയണകള്‍ നിര്‍മിച്ചാല്‍ ജലം സംരക്ഷിക്കാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇക്കാര്യത്തില്‍ ത്രിതലപഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ നടപടികള്‍ ഇല്ലാത്തതാണ് പദ്ധതി പ്രവര്‍ത്തനം വൈകാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."