ബ്രിട്ടീഷ് യുവതിയെന്ന വ്യാജേന തട്ടിപ്പ്
കൊണ്ടോട്ടി: ബ്രിട്ടീഷ് യുവതിയാണെന്ന വ്യാജേന യുവാവില്‍ നിന്നും പണം തട്ടിയ സംഘത്തിലെ കണ്ണിയായ മറ്റൊരു നൈജീരിയക്കാരനു വേണ്ടി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ പിടിയിലായ മുഖ്യപ്രതിയും നൈജീരിയക്കാരനുമായ ഡാനിയലി(40)നെ ചോദ്യം ചെയ്തതില്‍ നിന്നാണ് രണ്ടാമത്തെയാളെക്കുറിച്ച് സൂചന ലഭിച്ചത്. ഇയാള്‍ ഇന്ത്യയിലുണ്ടെന്ന് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
നാലു മാസം മുന്‍പാണ് ഫേസ്ബുക്ക് വഴി കൊണ്ടോട്ടിയിലെ യുവാവിനെ സംഘം പരിചയപ്പെടുന്നത്. ബ്രിട്ടീഷ് യുവതിയാണെന്ന വ്യാജേന വാട്‌സ് ആപ്പിലൂടെയും സംഘം യുവാവുമായി ബന്ധപ്പെടാറുണ്ടായിരുന്നു. ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും ഇവര്‍ യുവാവിനെ അറിയിച്ചു.
കണക്കില്‍പ്പെടാത്ത പണം കൈവശം വച്ചതിന് ഇന്ത്യയിലെത്തിയ സുഹൃത്ത് കസ്റ്റഡിയിലുണ്ടെന്നും പിഴയടച്ചാല്‍ പിടികൂടിയ പണമടക്കം തിരിച്ചു നല്‍കുമെന്നും സൂചിപ്പിച്ച് ഡല്‍ഹി കസ്റ്റംസില്‍ നിന്നെന്ന പേരില്‍ യുവാവിനെ സംഘം ബന്ധപ്പെട്ടിരുന്നു. ഇതനുസരിച്ച് യുവാവ് അഞ്ചര ലക്ഷം രൂപ തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലിട്ടു. നോട്ട് നിരോധന സമയത്താണ് ഇടപാട് നടന്നതെന്നതിനാല്‍ മുഴുവന്‍ പണവും സംഘത്തിന് പിന്‍വലിക്കാനായിരുന്നില്ല. പിന്നീട് തട്ടിപ്പ് മനസിലാക്കി പൊലിസില്‍ പരാതി നല്‍കി അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ യുവാവിന് നാലരലക്ഷം രൂപ നഷ്ടമായിരുന്നില്ല.
ഡല്‍ഹിയിലെ ബുരാരിയില്‍ നിന്ന് കൊണ്ടോട്ടി പൊലിസിന്റെ പിടിയിലായ ഡാനിയേല്‍ റിമാന്‍ഡിലാണ്. ഫോണ്‍കോളുകള്‍ പരിശോധിച്ച് ഒപ്പമുള്ളയാളെ പിടികൂടാനാണ് പൊലിസ് ശ്രമിക്കുന്നത്. വിദ്യാര്‍ഥി വിസയിലാണ് ഡാനിയേല്‍ ഇന്ത്യയിലെത്തിയത്. കൂട്ടുപ്രതിയും ഇത്തരത്തില്‍ തന്നെയാണ് എത്തിയതെന്നാണ് ഇയാള്‍ പൊലിസിനോട് പറഞ്ഞത്. കൊണ്ടോട്ടി എസ്. ഐ കെ. എ സാബുവാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."