കുണ്ടറയിലെ പെണ്‍കുട്ടിയുടെ മരണം: ആത്മഹത്യാകുറിപ്പ് ഫോറന്‍സിക് പരിശോധനക്കയച്ചു
കൊല്ലം: രണ്ടു മാസം മുമ്പ് കുണ്ടറയില്‍ വീട്ടിലെ ജനല്‍ക്കമ്പിയില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ പത്തുവയസുകാരിയുടെ മൃതദേഹത്തിനൊപ്പം കാണപ്പെട്ട കുറിപ്പ് പൊലിസ് ഫോറന്‍സിക് പരിശോധനക്കയച്ചു. കുറിപ്പിലെ കയ്യക്ഷരം കുട്ടിയുടേതല്ലെന്ന മാതാപിതാക്കളുടെ മൊഴിയെ തുടര്‍ന്നാണ് കുറിപ്പ് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്കയച്ചത്. പഴയ ലിപിയിലായിരുന്നു കുറിപ്പില്‍ എഴുതിയിരുന്നത്. ഇതു പ്രായമുള്ള ആളുകളുടെ കയ്യക്ഷരമെന്ന സംശയം നേരത്തേ ഉണ്ടായിരുന്നെങ്കിലും കുണ്ടറ പൊലിസ് ഇതു അവഗണിക്കുകയായിരുന്നു.
ജനുവരി 14 നാണ് പത്ത് വയസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് മാതാവും പിതാവും ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും. കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ പൊലിസ് ഇക്കാര്യം അവഗണിച്ചു. മാതാപിതാക്കള്‍ നല്കിയ പരാതിയും പൊലിസ് അവഗണിച്ചു. പിന്നീട് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പൊലിസ് അന്വേഷണം തുടങ്ങിയത്.
നേരത്തെ, വീടുമായി അകന്നു താമസിക്കുന്ന പിതാവിനെതിരെ മാതാവ് പൊലിസില്‍ കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് പിതാവ് 25 ദിവസത്തോളം ജയിലിലായിരുന്നു. എന്നാല്‍ കേസിലെ ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പിതാവിന് പിന്നീട് ജാമ്യം ലഭിച്ചു. അന്നു പിതാവിനെതിരെ നല്കിയ പരാതി വ്യാജമാണെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ഈ കേസ് പുനരന്വേഷിച്ചേക്കും.
അതേസമയം കുട്ടിയുടെ സഹോദരിയെ വീണ്ടും കൗണ്‍സിലിങ്ങിനു വിധേയമാക്കും. കേസില്‍ കുട്ടിയുടെ ഉറ്റബന്ധുവിനെ ഇന്നലെ പൊലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്.
അന്വേഷണത്തില്‍ ഗരുതരമായ കൃത്യവിലോപം കാട്ടിയ സി.ഐ ആര് ഷാബുവിനെ ദക്ഷിണമേഖലാ ഐ.ജി മനോജ് എബ്രഹാം ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."