അതേ.., പള്ളിയില്‍ പറഞ്ഞാല്‍ മതി
പലരും തമാശയായും നിഷേധാത്മകമായും ചിലപ്പോള്‍ പരിഹാസത്തോടെയും പറയുന്ന വാചകമാണ്, 'അതു പള്ളീപ്പോയി പറഞ്ഞാല്‍ മതി' എന്നത്. പള്ളിയെ പരിഹസിക്കാന്‍വേണ്ടിയായിരിക്കില്ല, തന്നോടുന്നയിച്ച ആവശ്യം നടക്കില്ലെന്ന അര്‍ഥത്തില്‍ നാടന്‍ശൈലിയായാണ് പലപ്പോഴും ഈ വാക്കുകള്‍ പറഞ്ഞുകേട്ടിട്ടുള്ളത്.
ആ ശൈലിയുടെ യഥാര്‍ഥ അര്‍ഥവും അതിന്റെ നിരുക്തിയുമൊന്നുമല്ല ഇവിടെ ചര്‍ച്ചചെയ്യാനുദ്ദേശിക്കുന്നത്. അതിവിടെ വിഷയവുമല്ല. വിഷയം മറ്റൊന്നാണ്.
മലപ്പുറം ജില്ലയിലെ രാമപുരത്തെ കോട്ടുവാട് വടക്കേത്തൊടി കോളനിയിലെ ശാന്തയോട് അയല്‍വാസികളിലൊരാള്‍ ഇതേ വാചകം പറഞ്ഞു. അതുപക്ഷേ, തമാശയായോ പരിഹാസമായോ ആയിരുന്നില്ല, ശാന്ത ഉന്നയിച്ച ആവശ്യത്തിന്റെ ഗൗരവം മനസ്സിലാക്കി തന്നെയായിരുന്നു.
അയല്‍വാസിയുടെ നിര്‍ദേശം പൂര്‍ണമായും വിശ്വസിച്ച ശാന്ത മകളുടെ കൈയും പിടിച്ചു നേരേ അടുത്തുള്ള പുഴക്കാട്ടിരി പള്ളിയിലേക്കു ചെന്നു. അവിടത്തെ മഹല്ല് കമ്മിറ്റി ഭാരവാഹികളെ കണ്ടു. അവരോടു സങ്കടവും പരാധീനതയും പറഞ്ഞു.
പിന്നെന്തു സംഭവിച്ചുവെന്നറിയണമെങ്കില്‍ ശാന്തയെക്കുറിച്ചും അവരുടെ മകളെക്കുറിച്ചും അവരുടെ മുന്നില്‍ വന്നുചേര്‍ന്ന പ്രതിസന്ധിയെക്കുറിച്ചും അതിന് അവര്‍ക്കു മറ്റു പലരില്‍നിന്നുമുണ്ടായ പ്രതികരണത്തെക്കുറിച്ചുമെല്ലാം അറിയണം.
കോട്ടുവാട് വടക്കേത്തൊടി കോളനിയിലെ പരേതനായ വി.ടി രമേശന്റെ ഭാര്യയാണു ശാന്ത. രമേശന്‍ രോഗം വന്നു കുറേനാള്‍ ചികിത്സയില്‍ കഴിഞ്ഞാണു മരിച്ചത്. രമേശന്റെയും ശാന്തയുടെയും മൂത്തമകള്‍ സത്യവാണിക്കു മംഗലാപുരത്തു നഴ്‌സിങ് കോഴ്‌സിനു പ്രവേശനം കിട്ടിയ കാലത്താണു രമേശന്‍ കിടപ്പിലായത്. മകളെ നല്ല ജോലിയിലെത്തിക്കുകയെന്നത് രമേശന്റെ ആഗ്രഹമായിരുന്നു. ആരോഗ്യത്തോടെയിരുന്നിരുന്നെങ്കില്‍ എങ്ങനെയെങ്കിലും അതിനുള്ള പോംവഴി കണ്ടെത്തുമായിരുന്നു.
രമേശന്റെ ചികിത്സ ആ കുടുംബത്തിന്റെ ഓര്‍ക്കാപ്പുറത്തുള്ള ബാധ്യതയായി. ചികിത്സയ്ക്കായി ബാങ്ക് ലോണുള്‍പ്പെടെ ലക്ഷങ്ങളുടെ കടം വന്നു. എന്നിട്ടും ജീവന്‍ രക്ഷിക്കാനായില്ല. രമേശന്‍ മരിക്കുമ്പോഴേയ്ക്കും ആ കുടുംബം മാനസികമായും സാമ്പത്തികമായും ആകെ തകര്‍ന്നുകഴിഞ്ഞിരുന്നു.
അപ്പോഴും മകളുടെ പഠിപ്പു മുടങ്ങരുതെന്നു ശാന്ത ആഗ്രഹിച്ചു. പഠിക്കാന്‍ മിടുക്കിയായ സത്യവാണിക്കും പഠനം പാതിവഴിയില്‍ നിന്നുപോകുന്നതിനെക്കുറിച്ചു ചിന്തിക്കാനായില്ല.
പക്ഷേ, കോളജ് നടത്തിപ്പുകാരുടെ കണ്ണുകള്‍ ആ കുടുംബത്തിന്റെ അവസ്ഥ കാണണമെന്നില്ലല്ലോ. അവരുടെ മനസ്സിനെ സത്യവാണിയുടെ കുടുംബത്തിന്റെ ദയനീയത അലിയിക്കണമെന്നില്ലല്ലോ.
ഒരു ലക്ഷം രൂപയാണു വാര്‍ഷികഫീസ്. സമയപരിധിയെല്ലാം കഴിഞ്ഞിട്ടും ഫീസടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്വാഭാവികമായും ഫീസടയ്ക്കാത്തതിനാല്‍ കോളജില്‍നിന്നു പുറത്താക്കുമെന്ന അറിയിപ്പു വന്നു. ശാന്തയും മകളും ബന്ധുക്കളുടെയും അയല്‍വാസികളുടെയും അടുത്തെല്ലാം നിവര്‍ത്തിയ കൈയുമായി ചെന്നു. സഹായിക്കാനുള്ള സന്മസ്സില്ലാത്തതുകൊണ്ടോ പണമില്ലാത്തതുകൊണ്ടോ എന്തോ ആ അഭ്യര്‍ഥന ബധിരകര്‍ണങ്ങളില്‍ പതിച്ച അവസ്ഥയിലായി.
ഇതിനിടയിലാണ് ആ അയല്‍വാസി കാര്യമായിത്തന്നെ, അവരോടിങ്ങനെ പറഞ്ഞത്, 'പള്ളീപ്പോയി പറഞ്ഞുനോക്കിന്‍. ഓര് സഹായിക്കാതിരിക്കൂല.'
ആ വാക്കുകള്‍ ശാന്തയും മകളും അവിശ്വസിച്ചില്ല. ആ വാക്കുകള്‍ അവരെ കബളിപ്പിച്ചുമില്ല. ശാന്തയുടെയും സത്യവാണിയുടെയും അവസ്ഥയറിഞ്ഞ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ ഒട്ടുമാലോചിക്കാന്‍ നില്‍ക്കാതെ ഇങ്ങനെ പറഞ്ഞു, 'ഫീസടയ്ക്കാഞ്ഞിട്ട് മോളെ പഠിപ്പു മൊടങ്ങൂല.'
മഹല്ലിലെ ഉദാരമതികള്‍ ഫീസ് നല്‍കാന്‍ തയാറായി. കഴിഞ്ഞദിവസം, മഹല്ല് പ്രസിഡന്റ് മുഹമ്മദ് മുസ്‌ല്യാരും സെക്രട്ടറി മൊയ്തിയും ട്രഷറര്‍ ഹംസയും ഖത്തീബ് അശ്‌റഫ് ഫൈസിയും മറ്റും ശാന്തയുടെ വീട്ടിലെത്തി ഒരു കടലാസ് കൈമാറി. അതു കോളജിലെ ഫീസ് തീര്‍ത്തടച്ച രശീതായിരുന്നു!!!
ഇതു സത്യറാണിയുടെയും ശാന്തയുടെയും മാത്രം അനുഭവമല്ല. മതഭ്രാന്തു മൂത്തവര്‍ പരസ്പരം കൊന്നും ആക്രമിച്ചും മത്സരിക്കുമ്പോള്‍ നമ്മളറിയാതെ ഏതൊക്കെയോ ദേശങ്ങളില്‍ എത്രയെത്രയോ സാധാരണ മനുഷ്യര്‍ ഒരു പ്രതിഫലേച്ഛയും കൂടാതെ, ജാതി മത പരിഗണനകളൊന്നുമില്ലാതെ അന്യരെ സഹായിക്കുന്നു. മറ്റൊരാള്‍ക്ക് സഹായഹസ്തമായി സ്വയം മാറുമ്പോള്‍ പ്രപഞ്ചസ്രഷ്ടാവ് തങ്ങള്‍ക്ക് ഇഹലോകത്തും പരലോകത്തും തക്കതായ പ്രതിഫലം നല്‍കുമെന്ന് അവര്‍ വിശ്വസിക്കുന്നു.
സത്യറാണിയെന്ന പെണ്‍കുട്ടിക്ക് മഹല്ല് കമ്മിറ്റി രക്ഷയായ സന്ദേശം വായിച്ചു കൊണ്ടിരിക്കെ മനസ്സിലേയ്ക്ക് ഓടിയെത്തിയ മറ്റൊരു ചിത്രത്തെക്കിറച്ചു കൂടി പറയട്ടെ. വര്‍ഷങ്ങള്‍ക്കു മുമ്പു വായിച്ച വാര്‍ത്തയാണ്. മക്കളും ബന്ധുക്കളുമെല്ലാം ഉപേക്ഷിച്ച സാവിത്രി അന്തര്‍ജ്ജനമെന്നൊരു വൃദ്ധയായ നമ്പൂതിരി സ്ത്രീയ്ക്ക് സ്വന്തം ഭൂമിയിലൊരു തുണ്ടു സൗജന്യമായി നല്‍കുകയും അതിലൊരു കൊച്ചു വീടുണ്ടാക്കിക്കൊടുക്കയും ചെയ്ത ആഇശ എന്ന സ്‌നേഹനിധിയായ മധ്യവയസ്‌കയെക്കുറിച്ചായിരുന്നു ആ വാര്‍ത്ത.
ഇത്തരത്തിലുള്ള മഹിത മനസ്സുകള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ ഈ നാട് ഭ്രാന്താലയമായിപ്പോകില്ലായിരുന്നോ?
'നിലനില്‍ക്കട്ടേ, മനുഷ്യസ്‌നേഹവും മാനവികതയും. തുടരട്ടേ, ഇത്തരം മഹനീയ മാതൃകകള്‍' എന്ന പ്രാര്‍ഥനയോടെ ഉസ്മാന്‍ ഇരിങ്ങാട്ടിരി എന്ന മാന്യസുഹൃത്ത് അയച്ചുകൊടുത്ത വാട്‌സ് ആപ് സന്ദേശം സഹോദരതുല്യനായ ഹസ്സന്‍ ചേളാരിയാണ് എനിക്കു കൈമാറിയത്. ഈ കുറിപ്പിലൂടെ നല്ലൊരു സന്ദേശം മറ്റുള്ളവരിലെത്തിക്കാന്‍ സഹായിച്ച ഇരുവര്‍ക്കും നന്ദി.
വര്‍ഗീയവിദ്വേഷം വിഷംപോലെ മനസ്സില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന ഒരാളിലേയ്‌ക്കെങ്കിലും മനുഷ്യനന്മയുടെ സന്ദേശമെത്തിക്കാന്‍ ഈ കുറിപ്പ് ഉപകരിക്കുമെങ്കില്‍ ധന്യനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."