രോഹിംഗ്യകള്‍ ഹിന്ദുക്കളായിരുന്നെങ്കില്‍ പുറത്താക്കുമായിരുന്നോയെന്ന് രാജീവ് ധവാന്‍
ന്യൂഡല്‍ഹി: അഭയാര്‍ഥി ക്യാംപുകളുടെ സാഹചര്യങ്ങള്‍ വിവരിച്ച് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തസുപ്രിംകോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിനെതിരേ മുതിര്‍ന്ന അഭിഭാഷകര്‍ രംഗത്ത്. റിപ്പോര്‍ട്ടിലെ പല ഉള്ളടക്കത്തെയും ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ രാജീവ് ധവാനും പ്രശാന്ത് ഭൂഷണും കോളിന്‍ഗോണ്‍സാല്‍വസും ചോദ്യംചെയ്തു. അഭയാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങള്‍ ലഭിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ടെന്നും അവരും രാജ്യത്തെ പൗരന്‍മാരെ പോലെയാണല്ലോ കഴിയുന്നതെന്നും ജസ്റ്റിസ് ഡി.വൈചന്ദ്രചൂഡ് ചോദിച്ചു. ഇതിനെ രാജീവ് ധവാന്‍ എതിര്‍ത്തു. രോഹിംഗ്യകള്‍ ഹിന്ദുക്കള്‍ ആയിരുന്നുവെങ്കില്‍ ഈ രാജ്യത്തു നിന്ന് അവര്‍ ബലപ്രയോഗത്തിലൂടെ പുറത്താക്കപ്പെടുന്ന സാഹചര്യം ഉണ്ടാവുമായിരുന്നോ എന്നു ചിലപ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ചിരുന്നുവെന്ന് ധവാന്‍ പറഞ്ഞു. ക്യാംപില്‍ അഭയാര്‍ത്ഥികള്‍ക്ക് ഉറങ്ങാന്‍ മതിയായ സൗകര്യമോ കുടിക്കാന്‍ ശുദ്ധജലമോ ഇല്ലെന്ന് അനൗദ്യോഗിക സന്ദര്‍ശനം നടത്തിയ മലയാളി അഭിഭാഷകന്‍ പി.വി ദിനേശും പറഞ്ഞു. മെവാത്തില്‍ 300 കുടുംബങ്ങളിലായി 1443 പേരാണ് കഴിയുന്നതെന്നും ഇന്ത്യന്‍ പൗരന്മാര്‍ക്കു ലഭിക്കുന്നതിനു സമാനമായ ആരോഗ്യപരിരക്ഷ രോഹിംഗ്യകള്‍ക്കും ലഭിക്കുന്നുണ്ടെന്നും തുഷാര്‍ മേത്തയുടെ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."