ഞാന്‍ മാത്രം സന്തോഷിക്കുന്നത് സന്തോഷമാണോ?
വ്യക്തിത്വ വികസന ക്ലാസ് നടക്കുകയാണ്. മൊത്തം അന്‍പതു പേരാണ് അതില്‍ സംബന്ധിച്ചിരിക്കുന്നത്. ട്രെയിനര്‍ ക്ലാസിനിടെ ഓരോരുത്തര്‍ക്കും ഒരു ബലൂണ്‍ നല്‍കിയിട്ടു പറഞ്ഞു: ''നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.. ഓരോരുത്തരും തങ്ങള്‍ക്കു നല്‍കപ്പെട്ട ബലൂണില്‍ അവരവരുടെ പേരെഴുതി എനിക്കു തിരിച്ചു തരിക..''
പറഞ്ഞതുപോലെ എല്ലാവരും അവരവര്‍ക്കു ലഭിച്ച ബലൂണില്‍ തങ്ങളുടെ പേരെഴുതി. ശേഷം ട്രെയിനര്‍ക്ക് അതു തിരിച്ചുകൊടുത്തു. എല്ലാം സമാഹരിച്ച് അദ്ദേഹം അതെല്ലാം തൊട്ടടുത്ത റൂമില്‍ കൊണ്ടുപോയി വച്ചു.
എന്നിട്ട് അവരോട് പറഞ്ഞു: ''ഇനി ഞാന്‍ പറയുന്നതു ശ്രദ്ധിച്ചുകേള്‍ക്കണം. ശ്രദ്ധ തെറ്റിയാല്‍ നിങ്ങള്‍ക്കും തെറ്റും. എല്ലാവരും തയാറല്ലേ..''
''തീര്‍ച്ചയായും..'' അവര്‍ ഏകകണ്ഠമായി പറഞ്ഞു.
ട്രെയിനര്‍: ''വളരെ ലളിതമായ ഒരു കാര്യമാണ്.. എല്ലാവരും അടുത്ത റൂമില്‍ പോയി ബലൂണ്‍ എടുത്തുകൊണ്ടുവരിക. ആകെ അഞ്ചുമിനിറ്റു മാത്രമേ ലഭിക്കുകയുള്ളൂ..''
അഞ്ചു മിനിറ്റേയുള്ളൂ എന്നു പറഞ്ഞപ്പോഴേക്കും അവര്‍ അടുത്ത റൂമിലേക്ക് ഓടടാ ഓട്ടം.. പിന്നെ തിക്കും തിരക്കും തന്നെ. മിനിറ്റുകള്‍ ഒന്നും രണ്ടും മൂന്നും കഴിഞ്ഞു. ആര്‍ക്കും അവനവന്റെ ബലൂണ്‍ ലഭിച്ചില്ല. നാലുമിനിറ്റായപ്പോള്‍ വാണിങ് ബെല്‍ മുഴങ്ങി. തിക്കും തിരക്കും പിന്നെയും കൂടി.. അങ്ങനെ സമയം അവസാനിച്ചു. ഒടുവില്‍ ഒരാള്‍ക്കു മാത്രം തന്റെ ബലൂണ്‍ കിട്ടി. മറ്റുള്ളവരെല്ലാം വെറും കൈയോടെ തിരിച്ചുപോന്നു.
ട്രെയിനര്‍ ഒന്നു പുഞ്ചിരിച്ചിട്ടു ചോദിച്ചു: ''എന്താ, എല്ലാവരും കുഴങ്ങിയോ..''
''കുഴങ്ങുകയും ചെയ്തു. ബലൂണ്‍ കിട്ടിയതുമില്ല..'' അവര്‍ പരാതിപ്പെട്ടു.
''തുടക്കത്തിലേ ഞാന്‍ പറഞ്ഞിരുന്നു; പറയുന്നതു നന്നായി ശ്രദ്ധിച്ചു കേള്‍ക്കണമെന്ന്. ശ്രദ്ധ തെറ്റിയപ്പോള്‍ നിങ്ങള്‍ക്കും തെറ്റി..! പറഞ്ഞതു നിങ്ങള്‍ ശരിക്കു ശ്രദ്ധിച്ചില്ല. അടുത്ത റൂമില്‍ പോയി ബലൂണ്‍ എടുത്തുകൊണ്ടുവരാന്‍ മാത്രമേ നിങ്ങളോട് ഞാന്‍ പറഞ്ഞിരുന്നുള്ളൂ. അവനവന്റേതു തന്നെ എടുത്തുകൊണ്ടുവരണം എന്നു പറഞ്ഞിരുന്നോ...?''
ട്രെയിനറുടെ അപ്രതീക്ഷിതമായ ഈ ചോദ്യം കേട്ടപ്പോള്‍ അവര്‍ പരസ്പരം മുഖത്തോടു മുഖം നോക്കി. പുതിയൊരു ബോധോദയം വന്ന പോലെ..
ട്രെയിനര്‍ തുടര്‍ന്നു: ''വിജയിയുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് ശ്രദ്ധിച്ചുകേള്‍ക്കുക എന്നതാണ്. പറയുന്നതിലേക്കു പൂര്‍ണ ശ്രദ്ധ കൊടുക്കാതിരുന്നാല്‍ കഷ്ടപ്പെടേണ്ടിവരും. അധ്വാനനഷ്ടവും സമയനഷ്ടവുമാണ് എന്റെ വാക്കുകള്‍ക്കു പൂര്‍ണ ശ്രദ്ധ നല്‍കാതിരിക്കുകമൂലം നിങ്ങള്‍ക്കിവിടെ സംഭവിച്ചിരിക്കുന്നത്. ലക്ഷ്യം സാധിച്ചെടുക്കാന്‍ കഴിഞ്ഞതുമില്ല..''
ഇതു പറഞ്ഞശേഷം അദ്ദേഹം വീണ്ടും അവരോട് പറഞ്ഞു: ''അഞ്ചു മിനിറ്റ് സമയം തരാം. വേഗം പോയി നിങ്ങള്‍ ബലൂണ്‍ എടുത്തുകൊണ്ടുവരിക.''
ഇത്തവണ അവര്‍ക്കു പിഴച്ചില്ല. വേഗം ചെന്ന് കിട്ടിയ ബലൂണുമായി അവര്‍ തിരിച്ചുവന്നു. തിക്കും തിരക്കും ബഹളവുമൊന്നും ഉണ്ടായില്ല. ട്രെയിനര്‍ പറഞ്ഞു: ''ഓരോരുത്തര്‍ക്കും ലഭിച്ച ബലൂണില്‍ ഓരോ പേരുകളുണ്ടല്ലോ. ആ ബലൂണുകള്‍ അതിലെ പേരിന്റെ ഉടമകള്‍ക്കു കൈമാറുക...''
അവര്‍ കൈമാറി. മിനിറ്റുകള്‍ക്കുള്ളില്‍ എല്ലാം ശുഭം.''എല്ലാവര്‍ക്കും അവരവരുടെ ബലൂണ്‍ ലഭിച്ചോ..'' ട്രെയിനര്‍ ചോദിച്ചു.
''അതെ..'' അവര്‍ മറുപടി പറഞ്ഞു.
''ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ തന്നെ ബലൂണ്‍ ലഭിക്കാന്‍ വലിയ അധ്വാനം വേണ്ടിവന്നോ..?''
''ഇല്ല..''
''കൂടുതല്‍ സമയം നഷ്ടപ്പെട്ടോ..?''
''ഇല്ല.''
''എങ്കില്‍ കേട്ടോളൂ. ജീവിതത്തില്‍ സാധാരണയായി സംഭവിക്കാറുള്ള അബദ്ധവും അതിനുള്ള പരിഹാരവുമാണ് ഞാനിപ്പോള്‍ കാണിച്ചിരിക്കുന്നത്..''
അദ്ദേഹം വിശദീകരിച്ചു: ''നമ്മില്‍ ഓരോരുത്തര്‍ക്കും സുഖവും സന്തോഷവും വേണം. അതിനുവേണ്ടി പരസ്പരം തിക്കും തിരിക്കും കൂട്ടി വെറുതെ രംഗം വഷളാക്കുകയാണു നാം. അതുവഴി ഒരുപാട് അധ്വാനവും ഊര്‍ജനഷ്ടവും സഹിക്കേണ്ടിവരുന്നു. അവസാനം, തേടിനടക്കുന്ന സന്തോഷം കിട്ടുന്നുമില്ല. എനിക്ക് എന്റെ സന്തോഷം മാത്രം എന്ന സങ്കുചിത ചിന്താഗതി മാറ്റി മറ്റുള്ളവര്‍ക്കു സന്തോഷം നല്‍കിനോക്കൂ. നിങ്ങള്‍ക്കതുവഴി ലഭിക്കുന്ന സന്തോഷത്തിന് അതിരുകളുണ്ടാവില്ല.
വലിയ റസ്റ്റോറന്റില്‍ കയറി രണ്ടായിരം രൂപയ്ക്ക് ഒരുനേരം ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങള്‍ക്കൊരുപക്ഷേ അല്‍പം സുഖം കിട്ടിയേക്കും. എന്നാല്‍ അതിനെക്കാള്‍ വലിയ സുഖവും സന്തോഷവും കിട്ടാന്‍ ലളിതമായൊരു മാര്‍ഗമുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിനു ചെലവിടുന്ന രണ്ടായിരത്തില്‍നിന്ന് നാല്‍പതുരൂപ മാറ്റിവച്ച് ഏതെങ്കിലും ഒരു പട്ടിണിപ്പാവത്തിന് ഒരുനേരത്തെ സാധാ ഭക്ഷണം നല്‍കുക. നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ചെലവാക്കിയ 1960ല്‍നിന്നു ലഭിക്കുന്ന സന്തോഷത്തിന്റെ ഇരട്ടിക്കിരട്ടിയായിരിക്കും പട്ടിണിപ്പാവത്തിനുവേണ്ടി നിങ്ങള്‍ ചെലവാക്കിയ നാല്‍പതു രൂപയില്‍നിന്നു ലഭിക്കുന്ന സന്തോഷം. നിങ്ങള്‍ കഴിച്ച മേത്തരം ഭക്ഷണത്തിന്റെ സുഖം അതു ദഹിച്ചുകഴിയുന്നതോടെ തീരും. എന്നാല്‍ പട്ടിണിപ്പാവത്തിന് ഒരുനേരം അന്നം കൊടുത്തതിന്റെ സുഖം മരിച്ചാലും മരിക്കില്ല.
ഇരുപത്തി അയ്യായിരം രൂപയ്ക്കുവാങ്ങിയ വസ്ത്രം ധരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരുപക്ഷേ സുഖവും സന്തോഷവും തോന്നിയേക്കും. പക്ഷേ, അതെത്ര കാലം...? പരമാവധി പോയാല്‍ മൂന്നോ നാലോ അലക്കല്‍ വരെ. അതുകഴിഞ്ഞാല്‍ അതു പഴകി. പിന്നെ ആദ്യമായി ധരിച്ച ദിവസത്തെ സന്തോഷം അതോടെ മരിച്ചു. എന്നാല്‍ ഇരുപത്തി അയ്യായിരത്തില്‍നിന്ന് ആയിരം രൂപ മാറ്റിവച്ച് അതുകൊണ്ട് ഉടുതുണിക്കു മറുതുണിയില്ലാത്ത ഒരു സാധുവിനു വസ്ത്രം വാങ്ങിക്കൊടുത്താല്‍ കിട്ടുന്ന ഒരു സന്തോഷമുണ്ട്. അത് ആ വസ്ത്രം പഴകിപ്പറിഞ്ഞാല്‍ പോലും പഴകാത്തതാണ്. അതു മരണമില്ലാത്ത സന്തോഷമാണ്.
ദരിദ്രര്‍ക്കു കൊടുക്കാന്‍ നിങ്ങള്‍ പ്രത്യേകമായ ഒരു വിഹിതം കണ്ടെത്തേണ്ടതില്ല. നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ചെലവാക്കുന്നതില്‍നിന്നു ചെറിയൊരു വിഹിതം മാറ്റിവച്ചാല്‍ മതിയാകും. ആ മാറ്റിവയ്ക്കല്‍ കൊണ്ട് നിങ്ങള്‍ക്കു കാര്യമായ ഒരു നഷ്ടവും സംഭവിക്കില്ല. രണ്ടായിരം രൂപയുടെ പേന കൊണ്ടെഴുതാന്‍ കഴിയുന്നതെല്ലാം രണ്ടു രൂപയുടെ പേന കൊണ്ടും എഴുതാന്‍ കഴിയും.
ഓര്‍ത്തോളൂ, മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിലാണു യഥാര്‍ഥ സന്തോഷം. മറ്റുള്ളവരെ ദുഃഖിപ്പിച്ച് നിങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്ന സന്തോഷം സന്തോഷമല്ല. അതു ദുഃഖം മാത്രം.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."