കസ്റ്റഡിയിലെടുത്തയാളുടെ വിവാഹം മുടങ്ങി; ബി.ജെ.പി പ്രവര്‍ത്തകര്‍ സ്റ്റേഷന് ഉപരോധിച്ചു
മാഹി: മാഹി പള്ളൂരില്‍ കൊല്ലപ്പെട്ട സി.പി.എം ലോക്കല്‍കമ്മിറ്റി അംഗവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ കണ്ണിപൊയില്‍ ബാബു വധക്കേസുമായി ബന്ധപ്പെട്ട് പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ വിവാഹം മുടങ്ങി. ഇതേതുടര്‍ന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ പള്ളൂര്‍ പൊലിസ് സ്റ്റേഷന് ഉപരോധിച്ചു. ബാബു വധക്കേസിലെ അന്വേഷണസംഘം ആര്.എസ്.എസ് പ്രവര്‍ത്തകനായ പാനൂര്‍ ചെണ്ടയാട്ടെ ജെറിന് സുരേഷിനെ ഇന്നലെ പുലര്‍ച്ചെയാണ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ 11.30നും 12നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ പിണറായിയിലെ യുവതിയുമായാണ് ജെറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തതറിഞ്ഞ് ബി.ജെ.പി നേതാക്കള്‍ മാഹി എസ്.പി അപൂര്‍വ ഗുപ്തയെ കണ്ട് പൊലിസ് സന്നാഹത്തോടെ ജെറിനെ വിവാഹ വേദിയില്‍ എത്തിക്കണമെന്നും വിവാഹശേഷം തിരികെ കൊണ്ടുപോകാമെന്നും ആവശ്യം ഉന്നയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ എസ്.പി തയാറായില്ല. സി.പി.എം പ്രാദേശിക നേതൃത്വം നല്കിയ പട്ടികയുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജെറിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തതെന്ന് നേതാക്കള്‍ ആരോപിച്ചു. അതേസമയം കസ്റ്റഡിയിലെടുത്ത യുവാവ് പ്രതിയാണോയെന്നു പൊലിസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് എസ്.പി അപൂര്‍വ ഗുപ്ത മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കഴിഞ്ഞ ഏഴിനു രാത്രിയാണു വീടിനുസമീപം വച്ച് ബാബു കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."