തസ്രാക്ക് കാഴ്ച്ചകള്‍: പായല്‍ പിടിച്ച് ഉപയോഗശൂന്യമായി 'അറബിക്കുളം'
പാലക്കാട്: ഒ.വി വിജയന്‍ 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലില്‍ പരാമര്‍ശിക്കുന്നതും നോവലിലെത്തന്നെ കഥാപാത്രമായ മൈമുന നീരാടിയതുമായ അറബിക്കുളത്തിന്റെ അവസ്ഥ ഇന്ന് വളരെ ദയനീയമാണ്. നോവലിനെ ആസ്പദമാക്കിയിട്ടുള്ള തസ്രാക്ക് എന്ന ഭൂമികയിലെ താമരക്കുളം എന്നറിയപ്പെട്ടിരുന്ന അറബിക്കുളം ഇന്ന് പായലുകള്‍ നിറഞ്ഞും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളിയും മലിനമായിരിക്കുകയാണ്.
ഒരു ഗ്രാമം മുഴുവന്‍ ഉപയോഗിച്ചിരുന്ന ഈ ജലസ്രോതസ് പന്ത്രണ്ടു വര്‍ഷമായി ഇവിടത്തെ നാട്ടുകാര്‍ യാതൊരു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നില്ല. നോവലില്‍ ചിത്രീകരിച്ച ഓത്തുപളളിയോട് ചേര്‍ന്ന് ഇടതു ഭാഗത്തുളള അറബിക്കുളം 2011ല്‍ ഒ.വി വിജയന്‍ സ്മാരക സമിതി ഏറ്റെടുത്തുവെങ്കിലും ഇന്നും ശോചനീയാവസ്ഥയില്‍ തന്നെ തുടരുകയാണ്.
പിന്നീട് അറബിക്കുളത്തിന്റെ മോശമായ അവസ്ഥ കണക്കിലെടുത്ത് തസ്രാക്ക് ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വൃത്തിയാക്കുവാനുള്ള ശ്രമം നടത്തിയെങ്കിലും പാതിവഴിയില്‍ നിന്നു പോവുകയായിരുന്നു. ജില്ലാ പഞ്ചായത്തിന്റെയും ഗ്രമപഞ്ചായത്തിന്റെയും സംയുക്ത ശ്രമത്തിന്റെ ഫലമായി ഹംപിയുടെ രൂപമാതൃകയില്‍ അറബിക്കുളം പുനരാവിഷ്‌കരിക്കാന്‍ പോകുകയാണ്.
ഞാറ്റുപുരയില്‍ നിന്ന് കുറച്ചു നടന്നാല്‍ ഖസാക്കിന്റെ ശില്‍പവനം ആസ്വദിക്കാം. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞാല്‍ അവിടെ അവസാനത്തെ ശില്‍പമായി കഥാനായികയായ മൈമുന നീരാടുന്ന രൂപം കല്ലുകളില്‍ കൊത്തി വച്ചിരിക്കും. ശില്‍പത്തിന്റെ പ്രധാന ആകര്‍ഷണീയത മൈമുനയുടെ തലമുടികള്‍ അറബിക്കുളത്തിന്റെ ഓളങ്ങളോടൊപ്പം ഇളകുന്നതാണ്. ഈ ശില്‍പത്തിന്റെ തൊട്ടടുത്തായാണ് അറബിക്കുളവും അതിനപ്പുറത്ത് പള്ളിയും സ്ഥിതി ചെയ്യുന്നത്.
കേരളത്തില്‍ ഒരു പ്രമുഖ കഥാകാരന്റെ സ്മാരകത്തില്‍ ദിവസേന ധാരാളം സഞ്ചാരികള്‍ എത്തുന്ന തസ്രാക്കില്‍ നോവലിലെ ഒരു കഥാപാത്രമായ അറബിക്കുളം വൃത്തിഹീനമായി അവശേഷിക്കുന്നത് വളരെ ദുഃഖകരം തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."