വിദ്യാര്‍ഥികള്‍ക്ക് പനിയും ഛര്‍ദ്ദിയും വൈറല്‍ ഫീവറെന്ന് സംശയം; 75 കുട്ടികള്‍ ചികില്‍സ തേടി
കല്‍പ്പറ്റ: തളര്‍ച്ചയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 75 കുട്ടികള്‍ ചികില്‍സ തേടി. മുട്ടില്‍ ഡബ്ല്യു.എം.ഒ. യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മുട്ടില്‍ വിവേകാനന്ദ ആശുപത്രിയിലും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും ലിയോ ആശുപത്രിയിലും ചികിത്സ തേടിയത്.
കഴിഞ്ഞ ദിവസം കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്നും പാല്‍ വിതരണം ചെയ്തിരുന്നു. ഇത് കഴിച്ച കുട്ടികള്‍ക്കാണ് അവശത അനുഭവപ്പെട്ടതെന്ന് രക്ഷിതാക്കളില്‍ ചിലര്‍ ആരോപിച്ചു. എന്നാല്‍ എഴുന്നൂറോളം കുട്ടികള്‍ പാല്‍ കഴിച്ചിട്ടുണ്ട്. 25 കുട്ടികള്‍ക്ക് മാത്രമാണ് തളര്‍ച്ചയും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. ഇത് കൊണ്ട് തന്നെ പാലില്‍ നിന്നാണ് വിഷബാധയുണ്ടായതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു. ആരോഗ്യവകുപ്പ് അധികൃതരെത്തി സ്‌കൂളിലെ ഭക്ഷണപ്പുരയും പരിസരങ്ങളും പരിശോധിച്ചു. പരിശോധനയില്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
കുടിവെള്ള സ്രോതസുകളും ആരോഗ്യവകുപ്പധികൃതര്‍ പരിശോധന നടത്തിയിട്ടുണ്ട്. വൈറല്‍ ഫീവറാവാനാണ് സാധ്യതയെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍. ഇതിനായി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോനാ ഫലം വന്നാലേ യഥാര്‍ത്ഥ കാരണം വെളിവാകൂ. വെള്ളിയാഴ്ച രാവിലെയാണ് പനിയും ഛര്‍ദ്ദിയും പിടിപ്പെട്ട് മൂന്ന് കുട്ടികള്‍ മുട്ടില്‍ വിവേകാനന്ദ ആശുപത്രിയില്‍ ആദ്യം ചികിത്സ തേടിയെത്തിയത്. പിന്നീട് വൈകിട്ടോടെ 17ഓളം കുട്ടികള്‍ കൂടി പനിയും ചര്‍ദ്ദിയും മൂലം ചികിത്സതേടി ആശുപത്രിയിലെത്തി. ഇതോടെ സ്‌കൂള്‍ അധികൃതര്‍ വാഴവറ്റയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്‌കൂളില്‍ പരിശോധന നടത്തി. മാനന്തവാടിയില്‍ നിന്നെത്തിയ ആരോഗ്യ വകുപ്പ് അധികൃതരും രാത്രിതന്നെ സ്‌കൂളില്‍ പരിശോധന നടത്തിയിരുന്നു.
എന്നാല്‍ വൃത്തിഹീനമായ ഒരു സാഹചര്യവും കണ്ടെത്താനായില്ല. തുടര്‍ന്നാണ് വൈറല്‍ ഫീവറിനുള്ള സാധ്യത ആരോഗ്യവകുപ്പ് അധികൃതര്‍ ഉന്നയിച്ചത്. ഇന്നലെ റവന്യൂ, വിദ്യാഭ്യാസ, പൊലിസ്, ആരോഗ്യ അധികൃതര്‍ സ്‌കൂളില്‍ പരിശോധന നടത്തിയിരുന്നു. അതിലും അസ്വാഭാവികത ഒന്നും കണ്ടെത്താനായിട്ടില്ല.ഛര്‍ദ്ദിയും തളര്‍ച്ചയും പനിയും അനുഭവപ്പെട്ട കുട്ടികളില്‍ ഭൂരിഭാഗവും ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠിക്കുന്നവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."