വിശുദ്ധ റമദാന്‍ വരവേല്‍ക്കാനായി ഇരു ഹറമുകളും ഒരുങ്ങി
റിയാദ്: വിശുദ്ധ റമദാന്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പുണ്യ കാലത്തെ വരവേല്‍ക്കാന്‍ ഇരു ഹറമുകളും ഒരുങ്ങി. മാസം കാണുകയാണെങ്കില്‍ സഊദിയില്‍ ബുധനാഴ്ചയോ അല്ലെങ്കില്‍ വ്യാഴാഴ്‌ചയയോ ആയിരിക്കും വ്രതാരംഭം. മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ വളരെ വിപുലമായ സജ്ജീകരണങ്ങളാണ് ഇരു ഹറാമുകളിലും അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ കൃത്യതക്കും തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി ഇക്കാലയളവിലേക്ക് മാത്രമായി സേവനത്തിനു പതിനായിരത്തിലധികം ആളുകളെ പ്രത്യേകം നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇരു ഹറാം മേധാവി ഡോ: ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
സ്ത്രീകളും പുരുഷന്മാരുമായി തൊഴിലാളികളെയാണ് നിയോഗിച്ചിരിക്കുന്നത്. നിലവില്‍ ഇവിടെയുള്ള ക്‌ളീനിങ് തൊഴിലാളികള്‍ക്ക് പുറമെയാണിത്. ഇരു ഹറമുകളിലും കൂടുതല്‍ സജ്ജീകരണങ്ങള്‍ കൊണ്ട് വരുന്നതിനായി ഒരു വകുപ്പുകളും തരാം തിരിച്ചാണ് പ്രവര്ത്തനങ്ങള് നടന്നു വരുന്നത്. റമദാനിലെ തീര്‍ത്ഥാടകരുടെ ബാഹുല്യം കണക്കിലെടുത്ത് ഇരു ഹറാം പള്ളികളിലെയും മുഴുവന്‍ കവാടങ്ങളും പാതകളും തുറന്നിടുമെന്നു നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മക്കയിലെ കഅബക്ക് ചുറ്റുമുള്ള മത്വാഫ് റംസാനില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്. റമദാന്‍റെ പുണ്യം നുകര്‍ന്ന് ഇരു ഹറമുകളിലും ദശലക്ഷക്കണക്കിനു വിശ്വാസികള്‍ സംഗമിക്കും. ഇതിനുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയായത്.
അതേസമയം, ചൊവ്വാഴ്ച മാസപ്പിറവി കാണുകയാണെങ്കില്‍ അറിയിക്കണമെന്ന് സഊദി സുപ്രീംകോടതി ആവശ്യപ്പെട്ടു. മാസപ്പിറവി ദര്‍ശിക്കുന്നവര്‍ തൊട്ടടുത്ത കോടതിയിലോ ഗവര്‍ണ്ണറേറ്റിലോ തങ്ങളുടെ സാക്ഷ്യം ബോധിപ്പിക്കണം. കനത്ത വേനലിലാണ് ഇത്തവണയും അറബ് മേഖലയില്‍ റമദാന്‍ വിരുന്നെത്തുന്നത്. മിക്ക സ്ഥലങ്ങളിലും പകല്‍ നാല്‍പത് ഡിഗ്രിക്ക് മുകളിലാണ് ചൂട്. സഊദിയില്‍ ചിലയിടങ്ങളില്‍ പതിനഞ്ചു മണിക്കൂറോളം സമയം വരെ ഇത്തവണ നോമ്പിന് ദൈര്‍ഘ്യമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."