കലക്ടര്‍ ഇടപെട്ടു കരുവന്‍തിരുത്തിയില്‍ കുടിവെള്ളമെത്തി
കോഴിക്കോട്: പ്ലാസ്റ്റിക് പാത്രങ്ങളില്‍ കുടിവെളളം നിറച്ച് ഒന്നര കിലോമീറ്ററോളം നിത്യവും ഉന്തുവണ്ടി തള്ളിക്കൊണ്ടിരുന്ന കരുവന്‍തിരുത്തി പാണ്ടിപ്പാടത്തെ വീട്ടമ്മമാര്‍ക്ക് താല്‍ക്കാലിക ആശ്വാസം. കുടിവെളളത്തിനായി വീട്ടമ്മമാര്‍ അനുഭവിക്കുന്ന പ്രയാസം നേരില്‍ കണ്ടറിഞ്ഞ ജില്ലാ കലക്ടര്‍ യു.വി.ജോസ് ഇവിടേക്ക് കുടിവെളളമെത്തിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അടിയന്തിര നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇവിടെ ഉച്ചയോടെ കുടിവെളള വിതരണം നടന്നു.
ഇന്നലെ രാവിലെ എട്ടരക്ക് കരുവന്‍തുരുത്തിയില്‍ ഭിന്നശേഷിക്കാരായ ദമ്പതികള്‍ക്ക് വീട് വെയ്ക്കുന്നതിന് സ്ഥലപരിശോധനക്കെത്തിയതായിരുന്നു ജില്ലാ കലക്ടര്‍. ഉന്തുവണ്ടിയില്‍ പ്ലാസ്റ്റിക് പാത്രവുമായി പോകുകയായിരുന്ന സ്ത്രീകളെ കണ്ട് വഴിയിലിറങ്ങിയ അദ്ദേഹം വിവരങ്ങള്‍ ആരാഞ്ഞു. ദിവസവും നൂറുരൂപ നല്‍കി ഉന്തുവണ്ടി വാടകക്കെടുത്താണ് കുടിവെളളം കൊണ്ടുപോകുന്നതെന്ന് വീട്ടമ്മമാര്‍ പറഞ്ഞു. വരള്‍ച്ച തുടങ്ങിയതോടെ ഈ പ്രദേശത്തെ അന്‍പതോളം വീടുകള്‍ കുടിവെളളത്തിന് പ്രയാസമനുഭവിക്കുകയാണെന്ന് അവര്‍ വിശദീകരിച്ചു. സ്ഥിതിഗതികള്‍ മനസ്സിലാക്കിയ കലക്ടര്‍ പ്രദേശത്ത് ഉടന്‍ കുടിവെളളമെത്തിക്കുന്നതിന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.നാലരവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദേവദാസിന് കൈവശരേഖയായി വിലയ്ക്ക് വാങ്ങിയ ഭൂമിയില്‍ വീട് വെക്കാനാവാതെ ദുരിതമനുഭവിച്ച ഭിന്നശേഷിക്കാരായ ദേവദാസ് - ശശികല ദമ്പതികള്‍ക്ക് ജില്ലാ കലക്ടര്‍ യു.വി.ജോസ് ഇടപെട്ട് ഭൂമിയുടെ കൈവശരേഖ ലഭ്യമാക്കി. ഗ്രാമപഞ്ചായത്തില്‍ നിന്നും വീട് നിര്‍മാണത്തിന് ധനസഹായം അനുവദിക്കപ്പെട്ടിട്ടും ഭൂമിയുടെ രേഖയില്ലാത്തതിനാല്‍ ദേവദാസിന് തുക ലഭ്യമായിരുന്നില്ല.
നാലര വര്‍ഷം മുന്‍പാണ് ഇരുവരും ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നത്. അരയ്ക്ക് കീഴ്ഭാഗം തളര്‍ന്ന ദേവദാസും അന്ധയായ ശശികലയും വാടക വീട്ടിലാണ് കഴിഞ്ഞു വരുന്നത്. പ്രതീക്ഷയോടെ കാത്തിരിപ്പ് തുടര്‍ന്ന ഇരുവരും മാര്‍ച്ച് 16 ന് വീണ്ടും കലക്ടറേറ്റിലെത്തി. സുഹൃത്ത് കൈകളില്‍ താങ്ങിയെടുത്താണ് ദേവദാസിനെ കലക്ടറുടെ ചേമ്പറിലെത്തിച്ചത്. ദേവദാസിന്റെ ദുഃഖകഥ കേട്ടറിഞ്ഞ കലക്ടര്‍ തൊട്ടടുത്ത ദിവസം തന്നെ സ്ഥലം സന്ദര്‍ശിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കി. ഇന്നലെ രാവിലെ കരുവന്‍തിരുത്തിയിലെത്തിയ അദ്ദേഹം ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വില്ലേജ് ഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."