പ്രവീണയും ജിനീഷും അനാഥത്വത്തില്‍ നിന്ന് കുടുംബ ജീവിതത്തിലേക്ക്
കൊട്ടാരക്കര: പ്രവീണയും ജിനീഷും ഇനി അനാഥരല്ല. വിധി നല്‍കിയ അനാഥത്വത്തില്‍ നിന്ന് വിവാഹത്തിലൂടെ കുടുംബ ജീവിതത്തിലേക്ക് കാലെടുത്തു വച്ചിരിക്കുകയാണ് കലയപുരം ആശ്രയ ശിശുഭവനിലെ പ്രവീണയും പത്തനംതിട്ട പറന്തല്‍ ആശ്രയ ശിശുവിഹാറിലെ ജിനീഷും.
ഇന്നലെ കലയപുരം ആശ്രയ സങ്കേതത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ജനപ്രതിനിധികളായ ആര്‍. രശ്മി, ആര്‍. ചന്ദ്രകുമാരി ടീച്ചര്‍, സൂസമ്മ ബേബി, ആശ്രയ പ്രസിഡന്റ് കെ. ശാന്തശിവന്‍, ജനറല്‍ സെക്രട്ടറി കലയപുരം ജോസ്, കൃഷ്ണകുറുപ്പ്, ജനാര്‍ദ്ദനന്‍പിള്ള, ജോര്‍ജ് നാടശാലക്കല്‍, കെ. രാമചന്ദ്രന്‍ പിള്ള, രമണികുട്ടി ടീച്ചര്‍, സന്ധ്യാദേവി, മിനിജോസ് തുടങ്ങിയ ക്ഷണിക്കപ്പെട്ട അതിഥികളും ആശ്രയയിലെ അന്തേവാസികളും പങ്കെടുത്തു.
മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയ ചവറ സ്വദേശിയായി പ്രവീണ പറക്കമുറ്റാത്ത മൂന്ന് സഹോദരങ്ങള്‍ക്കൊപ്പമാണ് ആശ്രയയിലെത്തിയത്.
ജനറല്‍ നഴ്‌സിങ് കോഴ്‌സ് പഠിച്ചിറങ്ങിയ പ്രവീണ ആശ്രയയില്‍ തന്നെ നഴ്‌സായി ജോലിയില്‍ പ്രവേശിച്ചു. സഹോദരങ്ങളിലൊരാള്‍ ഡിഗ്രി അവസാനവര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നു. മറ്റു രണ്ടു സഹോദരങ്ങള്‍ ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷ എഴുതി വിജയിച്ചു.
വാളകം സ്വദേശിയായ ജിനീഷിനെയും, സഹോദരന്‍ ഗണേഷിനെയും മാതാപിതാക്കള്‍ മരണപെട്ടുപോവുകയും സംരക്ഷിക്കാന്‍ ബന്ധുക്കളാരുമില്ലാതെവരികയും ചെയ്തതോടെയാണ് ആശ്രയ ഏറ്റെടുത്തത്.
ഐ.ടി.ഐയില്‍ നിന്നും ഇലക്ട്രീഷ്യന്‍ കോഴ്‌സ് പാസായ ജിനീഷ് നിലവില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയാണ്. സഹോദരന്‍ ഗണേഷ് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കി കൊല്ലം ബീച്ച് ഹോട്ടലില്‍ ട്രെയിനിങ്ങിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."