രണ്ട് വര്‍ഷം മുമ്പ് അനുവദിച്ച ഇന്‍വാലിഡ് പെന്‍ഷന്‍: മൂന്നു മാസത്തിനകം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
കോട്ടയം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിച്ച ഇന്‍വാലിഡ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മൂന്നു മാസത്തിനകം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ജീവനക്കാരന്റെ സേവനപുസ്തകത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിലുണ്ടായ കാലതാമസം ആരോഗ്യവകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷിക്കണമെന്നും കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. കോട്ടയം കാഞ്ഞിരത്താനം സ്വദേശിനി മിനിറോയ് നല്‍കിയ പരാതിയിലാണ് നടപടി.പരാതിക്കാരിയുടെ ഭര്‍ത്താവ് പാലപ്പെട്ടി പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യവേ 2013 ജൂലൈ 28 നാണ് വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായത്. 2015 സെപ്റ്റംബര്‍ 19 മുതല്‍ ഇന്‍വാലിഡ് പെന്‍ഷന്‍ അനുവദിച്ച് ഉത്തരവിറങ്ങി. ആനുകൂല്യങ്ങള്‍ കിട്ടാത്തതിനാല്‍ ചികിത്സ മുടങ്ങി.
അച്ചടക്കനടപടിയും സര്‍വീസ് എന്‍ട്രികള്‍ സേവനപുസ്തകത്തില്‍ രേഖപ്പെടുത്താത്തതും കാരണമാണ് ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കാന്‍ കഴിയാതെ വന്നതെന്ന് പാലപ്പെട്ടി മെഡിക്കല്‍ ഓഫീസര്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. സേവനപുസ്തകം ് എന്‍ട്രികള്‍ വരുത്താത്ത ഓഫീസുകളിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇവ രേഖപ്പെടുത്തിയ ശേഷം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അയച്ചു. അദ്ദേഹം അത് അക്കൗണ്ടന്റ് ജനറലിന് അയച്ചെങ്കിലും തിരുത്തലുകള്‍ ഉള്ളതിനാല്‍ തിരിച്ചയച്ചു. കാലതാമസം മനപൂര്‍വ്വമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ശരീരം തളര്‍ന്ന് കിടപ്പിലായ ജീവനക്കാരനോടുള്ള സഹപ്രവര്‍ത്തകരുടെ മനോഭാവമാണ് പരാതിക്ക് ആധാരമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. സേവനപുസ്തകത്തില്‍ യഥാസമയം രേഖപ്പെടുത്തലുകള്‍ നടത്താത്തത് പരാതിക്കാരിയുടേയോ ഭര്‍ത്താവിന്റെയോ കുറ്റമല്ല. ഒരു വ്യക്തിക്ക് ഇന്‍വാലിഡ് പെന്‍ഷന്‍ അനുവദിക്കുന്ന സാഹചര്യമെങ്കിലും ബന്ധപ്പെട്ടവര്‍ ഓര്‍ക്കേണ്ടതായിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പെന്‍ഷന്‍ ലഭിക്കാത്തത് നിലവിലുള്ള കോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് കെ. മോഹന്‍കുമാര്‍ ചൂണ്ടിക്കാണിച്ചു. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ യഥാസമയം ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവര്‍ക്കുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."