പ്രഖ്യാപനങ്ങള്‍ തുടര്‍ക്കഥ: പ്രായോഗിക ഫലം കാണാതെ താലൂക്ക് ആശുപത്രി
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രഖ്യാപനങ്ങള്‍ക്ക് അതിരില്ല. അവസാനമായി ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് തുടങ്ങുമെന്ന പ്രഖ്യാപനമാണുണ്ടായിരിക്കുന്നത്. പ്രഖ്യാപനങ്ങള്‍ പലതും നടക്കുമ്പോളും ആശുപത്രിയില്‍ ലക്ഷങ്ങള്‍ മുടക്കി വാങ്ങി കൂട്ടിയ ഉപകരണങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ അധികൃതര്‍ തയ്യാറാവുന്നുമില്ല.
പ്രശ്‌നങ്ങള്‍ ഓരോന്നായി പൊട്ടിപ്പുറപ്പെടുമ്പോള്‍ ജനകീയ അമര്‍ഷം ഒതുക്കാന്‍ പുതിയ പ്രഖ്യാപനങ്ങള്‍ വരുന്നു എന്നല്ലാതെ തുടര്‍ പ്രവര്‍ത്തനങ്ങളൊന്നും തന്നെ നടക്കുന്നില്ല. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിക്ക് പലരും നടത്തിയ വാഗ്ദാനങ്ങളില്‍ പലതും ലഭിച്ചതുമില്ല, ലഭിച്ചതാണെങ്കില്‍ ജനത്തിന് ഉപകാ പ്രദമാവുന്നുമില്ല.
നേരത്തെ താലൂക്ക് ആശുപത്രിയില്‍ തുടങ്ങിയ രക്ത സംഭരണ കേന്ദ്രത്തിന്റെ അവസ്ഥ എന്തെന്ന് ചോദിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്ക് പോലുമറിയില്ല. നിലവില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഏറെ കുറെ നികത്തപ്പെട്ടിട്ടുണ്ടെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിലെ മെല്ലെപോക്കും, ആധുനിക ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തതയും ഡോക്ടര്‍മാരെയും കുഴക്കുകയാണ്.
മാസങ്ങള്‍ക്ക് മുമ്പ് നവജാത ശിശു പ്രാണവായു കിട്ടാതെ ആംബുലന്‍സില്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ആധുനിക മൊബൈല്‍ ഐ.സി.യു ആംബുലന്‍സ് അനുവദിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും നാളിതുവരെ ആംബുലന്‍സും എത്തിയിട്ടില്ല. സാങ്കേതിക നൂലാമാലയില്‍ കുടുങ്ങി ടെണ്ടര്‍ നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല.
ലക്ഷങ്ങള്‍ ചെലവഴിച്ച് ഇതിനോടകം താലൂക്ക് ആശുപത്രിയില്‍ വാങ്ങികൂട്ടിയ സ്‌കാനിങ്, ആധുനിക രക്ത പരിശോധന പരിശോധന സംവിധാനങ്ങള്‍ തുടങ്ങിവയൊന്നും വര്‍ഷങ്ങളായിട്ടും പ്രവര്‍ത്തന സജ്ജമായിട്ടില്ല.
ആയിരക്കണക്കിന് രോഗികളെത്തുന്ന താലൂക്ക് ആശുപത്രിയില്‍ പുതുതായി പണിത കെട്ടിടത്തിന്റെ ഉദ്ഘാടനവും അനിശ്ചിതാവസ്ഥയിലാണ്.
നിര്‍മാണം പൂര്‍ത്തിയായി മാസങ്ങളായിട്ടും വൈദ്യുതീകരണത്തിന്റെ പേരിലാണ് നിലവില്‍ കെട്ടിട സമര്‍പ്പണം വൈകുന്നത്. താലൂക്ക് ആശുപത്രിയുടെ വികസനം സംബന്ധിച്ച് ആര്‍ക്കും ഉത്തരവാദിത്വമില്ലാത്ത സ്ഥിതിയാണ് നിലവിലുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."