സ്‌പോണ്‍സറുടെ നിരന്തരമായ പീഡനത്തിനൊടുവില്‍ കണ്ണൂര്‍ സ്വദേശി നാടണഞ്ഞു
ദമാം :സ്‌പോണ്‍സറുടെ നിരന്തരമായ പീഡനത്തിനൊടുവില്‍ കണ്ണൂര്‍ സ്വദേശി നാടണഞ്ഞു. കിഴക്കന്‍ സഊദിയിലെ അല്‍ ഹസ്സയില്‍ നാലുവര്‍ഷമായി ജോലിചെയ്തിരുന്ന മുജീബാണ് പ്ലീസ് ഇന്ത്യയുടെ സഹായത്തോടെ പ്രതിസന്ധികളെ തരണം ചെയ്തു നാട്ടിലേക്ക് തിരിച്ചത്.
നാല് വര്‍ഷം മുന്‍പ് അല്‍ ഹസ്സയിലേക്ക് സ്‌പോണ്‍സറുടെ കീഴിലുള്ള ബൂഫിയയില്‍ ജോലിക്കായി വന്ന മുജീബ് രണ്ട് വര്‍ഷം കഴിഞ്ഞു നാട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 6000 സഊദി (ഒരുലക്ഷം രൂപ) നല്‍കണം എന്ന് ആവശ്യപ്പെടുകയും ഗത്യന്തരമില്ലാതെ ഒടുവില്‍ പണം നല്‍കി നാട്ടില്‍ പോയി പിന്നീട് വിവാഹം കഴിഞ്ഞു ഒരു മാസത്തിന് ശേഷം ശേഷം തിരിച്ചു വരികയുമായിരുന്നു.
വീട്ടിലെ പ്രാരാബ്ധങ്ങളായിരുന്നു മുജീബിനെ തിരിച്ചു വീണ്ടും ഇവിടെയെത്തിച്ചത്.
എന്നാല്‍, തിരിച്ചെത്തിയ ശേഷം ശാരീരികമായും മാനസികമായും സാമ്പത്തികമായും പീഡനങ്ങള്‍ തുടര്‍ന്നപ്പോള്‍ രണ്ട് വര്‍ഷം സഹിച്ച ശേഷം നാട്ടിലേക്ക് പോകാനായി സമീപിച്ചപ്പോള്‍ സ്‌പോണ്‍സര്‍ 10000 റിയാല്‍ (രണ്ട് ലക്ഷത്തോളം രൂപ) ആവശ്യപ്പെട്ടു.
ഇത് നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പ്ലീസ് ഇന്ത്യയുമായി ബന്ധപ്പെട്ടത്. പ്ലീസ് ഇന്ത്യ കിഴക്കന്‍ പ്രവിശ്യ പ്രവര്‍ത്തകന്‍ മുജീബ് റഹ്മാന്‍ ഏകരൂല്‍ സ്‌പോണ്‍സറുമായിബന്ധപ്പെട്ടെങ്കിലും ഒടുവില്‍ ലേബര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഇടപെടലിനെ തുടര്‍ന്ന് പണം നല്‍കാതെ തന്നെ മുജീബിനു എക്‌സിറ്റ് ലഭിച്ചു.
പ്ലീസ് ഇന്ത്യ പ്രവര്‍ത്തകര്‍ നല്‍കിയ നാട്ടിലേക്കുള്ള ടിക്കറ്റില്‍ കഴിഞ്ഞ ദിവസം മുജീബ് നാട്ടിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."