ഗുല്‍ബര്‍ഗ് റാഗിങ്: പ്രതികള്‍ റിമാന്‍ഡില്‍
കോഴിക്കോട്: ഗുല്‍ബര്‍ഗിലെ അല്ഖമാര് നഴ്സിങ് കോളജില്‍ എടപ്പാള്‍ സ്വദേശിനി അശ്വതി (19) റാഗിങ്ങിനിരയായ സംഭവത്തില്‍ അറസ്റ്റിലായ മൂന്നു സീനിയര്‍ വിദ്യാര്‍ഥിനികളെ റിമാന്‍ഡ് ചെയ്തു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ് കല്‍ബുര്‍ഗി സെഷന്‍സ് കോടതി മജിസ്ട്രേറ്റ് 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തത്. ഇതില്‍ ആതിര, ലക്ഷ്മി എന്നിവരെ കല്‍ബുര്‍ഗി സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. മൂന്നാംപ്രതി കൃഷ്ണപ്രിയയെ അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലാംപ്രതി ശില്പ ജോസ് ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും.
അശ്വതിയുടെ റൂംമേറ്റായ ചമ്രവട്ടം സ്വദേശിനി സായ് നികിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പ്രതികളെ കര്‍ണാടക പൊലിസ് അറസ്റ്റ് ചെയ്തത്.
സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലിസ് വിദ്യാര്‍ഥിനികളെ സമന്‍സയച്ചു വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് ചെയ്തത്.
അതേസമയം, കര്‍ണാടകയില്‍നിന്നെത്തിയ പൊലിസ് സംഘം ഇന്നലെയും അശ്വതിയുടെ മൊഴിയെടുത്തില്ല. ഡിവൈ.എസ്.പി ജാന്‍വി കോഴിക്കോട്ട് എത്താത്തതിനെ തുടര്‍ന്നാണ് മൊഴിയെടുക്കല്‍ മാറ്റിയത്. ഇദ്ദേഹം നാളെ കോഴിക്കോട്ടെത്തിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."