വര്‍ത്തമാനസമൂഹം ആഗ്രഹിക്കുന്നത് സമസ്തയുടെ നേതൃത്വം: ആലിക്കുട്ടി മുസ്‌ലിയാര്‍
ദുബൈ : പ്രവാചകന്‍ മുഹമ്മദ് നബി (സ്വ )യും സ്വഹാബികളും അവരുടെ ജീവിതത്തിലൂടെ കാണിച്ചു തന്ന ജീവിത വിശുദ്ധിയും സത്യസന്ധതയും തഖ്‌വയും മുറുകെപ്പിടിച്ചു ജീവിക്കുകയും പ്രവര്‍ത്തിക്കുകയും അവസാനം അല്ലാഹുവിന്റെ തൃപ്തിയിലായി മരിക്കുകയും ചെയ്ത മഹാന്മാര്‍ കാണിച്ചുതന്ന മാതൃകയാണ് സമസ്തയുടെ പാതയെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ പറഞ്ഞു.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി യു.എ.യില്‍ എത്തിയ ആലിക്കുട്ടി മുസ്്‌ലിയാര്‍ക്ക് ദുബൈ സുന്നി സെന്റര്‍ ദേര ലാന്‍ഡ് മാര്‍ക്ക് ഹോട്ടല്‍ ഓഡി റ്റോറിയത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്തയുടെ നേതൃത്വമാണ് വര്‍ത്തമാന സമൂഹം ആഗ്രഹിക്കുന്നത്. മത വിദ്യാഭ്യാസ രംഗത്ത് സമസ്തയുടെ കീഴിലായി കേരളത്തിനകത്തും ഗള്‍ഫ് രാജ്യങ്ങളിലുമായി സ്ഥാപിതമായ പതിനായിരക്കണക്കിന് മദ്‌റസകളും ആയിരക്കണക്കിന് അറബിക് കോളജുകളും ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ പഠന രീതികളും ഇത്തരം സ്ഥാപനങ്ങളില്‍ നിന്നു പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന പ്രബോധന പ്രവര്‍ത്തനങ്ങളും ലോകത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അധ്യക്ഷനായി. അബ്ദുസ്സലാം ബാഖവി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ ഗഫൂര്‍ ഖാസിമി, മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ബാവ ഹാജി, ദുബൈ കെ.എം.സി.സി സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, അലി ഹസന്‍ ഹാജി, ജലീല്‍ ഹാജി, ഇസ്മാഈല്‍ ഹാജി കൂത്തുപറമ്പ് ,ശൗക്കത്തലി ഹുദവി, കെ.ടി അബ്ദുല്‍ ഖാദര്‍ മൗലവി പ്രസംഗിച്ചു. ദുബൈ സുന്നി സെന്ററിനു വേണ്ടി സയ്യിദ് ഹാമിദ് കോയമ്മ തങ്ങളും, ദുബൈ കെ.എം.സി.സി.ക്ക് വേണ്ടി ഇബ്രാഹിം മുറിച്ചാണ്ടിയും ഉപഹാര സമര്‍പ്പണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."