പാപികള്‍ക്കു കല്ലെറിയാന്‍ എന്ത് അവകാശം
ചെന്നൈയിലെ നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍വച്ച് ഏതോ നരാധമന്‍ യുവതിയെ വെട്ടിക്കൊന്ന വാര്‍ത്ത വായിച്ചുണ്ടായ മാനസികാഘാതം തീരുംമുമ്പാണ് ഈ കുറിപ്പെഴുതുന്നത്. നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെയാണു കൊലയാളി ഒരു ജീവനെടുത്തത്. യുവതിയുടെ കഴുത്തിലും മുഖത്തുമായി പലതവണ വെട്ടി മരണം ഉറപ്പുവരുത്തി അയാള്‍ സ്ഥലംവിടുകയായിരുന്നു. ഇതിനിടയില്‍ അയാളെ തടയാനോ അടിച്ചുവീഴ്ത്തിയോ എറിഞ്ഞുവീഴ്ത്തിയോ പിടികൂടാനോ ആള്‍ക്കൂട്ടത്തിനു കഴിഞ്ഞില്ല!
നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ ആ അരുംകൊലയ്ക്കു സാക്ഷികളായവര്‍ ആധുനികസമൂഹത്തിന്റെ പരിച്ഛേദമാണ്. നാം എവിടെയും വികാരരഹിതരായ കാഴ്ചക്കാരായി മാറിയിരിക്കുന്നു. ആയുധവുമായി നില്‍ക്കുന്നവനാണെങ്കിലും ഏകനാണ് ആ കൊലയാളിയെന്നോര്‍ക്കണം. യുവതിയുടെ ജീവനൊടുങ്ങുംമുമ്പ് അയാളെ കീഴടക്കാന്‍ അവിടെ തടിച്ചുകൂടിയ ജനശതങ്ങള്‍ക്കു കഴിഞ്ഞില്ലെന്നത് അത്ഭുതമുളവാക്കുന്ന വീഴ്ചയല്ലേ.
കൈയിലുള്ള സൂട്ട്‌കേയ്‌സോ ബാഗോ റെയില്‍പ്പാളത്തിലെ കരിങ്കല്‍ചീളുകളോ ഉപയോഗിച്ച് നേരിട്ടിരുന്നെങ്കില്‍ ആ നരാധമനെ കീഴ്‌പ്പെടുത്താനുമായിരുന്നു. അതിനു കഴിഞ്ഞിരുന്നെങ്കില്‍ ഒരു ജീവന്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാമായിരുന്നില്ലേ. പക്ഷേ, നമ്മള്‍ ഇടപെടില്ല. സ്വരക്ഷമാത്രം നോക്കി ജീവിക്കുന്നവരാണു നമ്മള്‍. നാളെ ഈ അനുഭവം നമുക്കോ നമുക്കു പ്രിയപ്പെട്ടവര്‍ക്കോ സംഭവിച്ചേക്കാമെന്നു ചിന്തിക്കാന്‍ കഴിയാത്തവരായി മാറിയിരിക്കുന്നു നമ്മള്‍.
ഇനി പറയാന്‍പോകുന്നതു മറ്റൊരു സംഭവമാണ്. ജിഷ വധക്കേസിലെ പ്രതിയായ അമീറുള്‍ ഇസ്്‌ലാമിനെ കോടതിയില്‍ ഹാജരാക്കാന്‍ പൊലിസ് കൊണ്ടുപോയത് അങ്ങേയറ്റത്തെ സുരക്ഷാ ഏര്‍പ്പാടുകള്‍ ചെയ്തശേഷമായിരുന്നു. കൊലയില്‍ പ്രക്ഷുബ്ധരായ ആള്‍ക്കൂട്ടം പ്രതിയെ ആക്രമിക്കുമെന്നു ഭയന്നായിരുന്നു ഇത്രയും സുരക്ഷാസംവിധാനം. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാതെ പൊലിസിനു ലാത്തിപ്രയോഗം നടത്തേണ്ടിവന്നു. വരാനിരിക്കുന്ന ദിവസങ്ങളില്‍ പ്രതിയെ തെളിവെടുപ്പിനു കൊണ്ടുപോകുമ്പോള്‍ എന്തെല്ലാം സുരക്ഷാസംവിധാനം ഒരുക്കേണ്ടിവരുമെന്നു തലപുകഞ്ഞ് ആലോചിക്കുകയാണു പൊലിസ്.
എന്താണ് ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്. ജിഷയുടെ കൊലപാതകത്തില്‍ ഉള്ളുനീറുന്നവരുടെ അടക്കിയാല്‍ത്തീരാത്ത വികാരപ്രകടനമാണ് ഇതെന്നാണോ. പ്രതിയെ കാണാനും തരംകിട്ടിയാല്‍ ആക്രമിച്ചുപരിക്കേല്‍പ്പിക്കാനും ഓടിക്കൂടുന്നവരുടെ ഹൃദയമെല്ലാം ആ പെണ്‍കുട്ടിയുടെ ദുര്‍വിധിയില്‍ അങ്ങേയറ്റം പരിതപിക്കുന്നുവെന്നാണോ നമ്മള്‍ മനസ്സിലാക്കേണ്ടത്. ആണെന്നു വാദിക്കുന്നവരും സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുമുണ്ടാകാം. എന്നാലും, അതു സമ്മതിച്ചുകൊടുക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്.
എന്തുകൊണ്ട് എന്നല്ലേ. കാരണം പറയാം. ജിഷ കൊലചെയ്യപ്പെടുന്നതു വിജനമായ സ്ഥലത്തുവച്ചോ ആളനക്കമില്ലാ നേരത്തോ അല്ല. ഉച്ചകഴിഞ്ഞു നാലുമണിയാകുമ്പോഴാണു കൊലനടന്നത്. ഉറങ്ങിക്കിടക്കുമ്പോഴോ ഓര്‍ക്കാപ്പുറത്തോ ആയിരുന്നില്ല ആക്രമണം. ജിഷയുടെ വീട്ടിലെത്തിയ അക്രമിയുമായി ജിഷ വാഗ്വാദം നടത്തിയിരുന്നു, 'ഇതുകൊണ്ടാണു നിങ്ങളെപ്പോലുള്ളവരെ വിശ്വസിക്കരുതെന്നു പറയുന്നത്' എന്നു ജിഷ പറഞ്ഞത് അയല്‍വാസികള്‍ കേട്ടതാണ്. കൊലയാളിയുടെ അക്രമത്തില്‍നിന്നു രക്ഷപ്പെടാന്‍ ജിഷ ചെറുത്തുനില്‍പ്പു നടത്തിയിരുന്നുവെന്നും അവളുടെ കരച്ചില്‍ അയല്‍ക്കാര്‍ കേട്ടിരുന്നുവെന്നും കരച്ചില്‍കേട്ട നാട്ടുകാരില്‍ ചിലര്‍ തോട്ടുവക്കിലെത്തി എത്തിനോക്കിയിരുന്നെന്നും വാര്‍ത്തയുണ്ടായിരുന്നു.
പെരുമ്പാവൂര്‍ കൊലസംബന്ധിച്ച വാര്‍ത്തയുടെ വിശദാംശങ്ങളില്‍ ഇത്രകൂടിയുണ്ട്. ആദ്യത്തെ കരച്ചില്‍ അടങ്ങിയതിനു പിന്നാലെ ഒരു യുവാവു ജിഷയുടെ കുടിലില്‍നിന്നു പുറത്തിറങ്ങുന്നതു തോട്ടുവക്കിലെ 'കാഴ്ചക്കാര്‍' കണ്ടു. പുറത്തിങ്ങിയ യുവാവ് മുറ്റത്ത് ഉണങ്ങാനിട്ട ഷാളുമായി വീട്ടിനുള്ളിലേയ്ക്കു തിരിച്ചുകയറി. വീണ്ടും ആര്‍ത്തനാദം. അതു നേര്‍ത്തുനേര്‍ത്ത് ദയനീയമായി അടങ്ങി. കുറേക്കഴിഞ്ഞു യുവാവ് വീട്ടിനുള്ളില്‍നിന്നു പുറത്തിറങ്ങി തോട്ടില്‍നിന്നു കൈകാലുകളും മുഖവും കഴുകി നടന്നുപോയി.
വൈകുന്നേരം നാലുമണിക്കാണു സംഭവം. വിജനമായ സ്ഥലമല്ലെന്നും കരച്ചില്‍കേട്ട് അയല്‍ക്കാര്‍ തോട്ടുവക്കില്‍ എത്തിയിരുന്നു. വാര്‍ത്തയില്‍ പറഞ്ഞ ഇക്കാര്യങ്ങളൊക്കെ ശരിയാണെങ്കില്‍ ജിഷയുടെ വീട്ടില്‍നിന്ന് അവസാനത്തെ ആര്‍ത്തനാദവും അടങ്ങിയപ്പോള്‍ കാഴ്ചക്കാരെല്ലാം സ്വന്തം പാര്‍പ്പിടങ്ങളിലേയ്ക്കു തിരിച്ചുപോയെന്നുവേണം വിശ്വസിക്കാന്‍. അതുകൊണ്ടാണല്ലോ കൊലയാളിയുടെ തിരിച്ചുപോക്ക് അവരുടെയൊന്നും ശ്രദ്ധയില്‍പ്പെടാതിരുന്നത്. അയല്‍ക്കാരില്‍ ഒരു സ്ത്രീമാത്രമാണ് അയാള്‍ തിരിച്ചുപോകുന്നതു കണ്ടത്. എന്നുവച്ചാല്‍, അവിടെ നടന്ന ബഹളത്തിന് അത്ര പരിഗണനയേ നാട്ടുകാര്‍ നല്‍കിയിരുന്നുള്ളു.
ജിഷയുടെ അയല്‍വാസികളെ കുറ്റപ്പെടുത്താനല്ല ഇത്രയും വിശദീകരിച്ചത്. നമ്മുടെയൊക്കെ പൊതുമനോഭാവമെന്തെന്നു സൂചിപ്പിക്കാനാണ്. നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനിലെ കൊലപാതകക്കാഴ്ചക്കാരെപ്പോലെയാണ് ഒട്ടുമിക്കവരും. ഉണരേണ്ട സമയത്ത് ഉണര്‍ന്നുപ്രവര്‍ത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്ന ജീവിതമാണ് ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ പൊലിഞ്ഞുപോകുന്നത്.
ചില ഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയണമെന്നില്ല. എന്നാലും കുറ്റവാളിയെ അപ്പോള്‍ത്തന്നെ പിടികൂടാനോ അപ്പോള്‍ കിട്ടിയില്ലെങ്കില്‍ പിന്നീടു പിടികൂടി ശിക്ഷയുറപ്പുവരുത്താനാവശ്യമായ വ്യക്തമായ തെളിവുകളുണ്ടാക്കാനോ പൊതുജനത്തിന്റെ സമയോചിതമായ ഇടപെടല്‍ സഹായിക്കുമായിരുന്നു. ജിഷയെ കൊലപ്പെടുത്തി നടന്നുപോകുന്ന വ്യക്തിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്താനെങ്കിലും അവിടെയൊരു ശ്രമമുണ്ടായിരുന്നെങ്കില്‍ തെളിവുകള്‍ക്കുവേണ്ടി പൊലിസ് ഇത്രയും നെട്ടോട്ടമോടേണ്ടിവരില്ലായിരുന്നു. നുങ്കമ്പാക്കത്തും പട്ടാപ്പകല്‍ അരുംകൊല നടത്തിയ പ്രതിയാരെന്നു തിരിച്ചറിയാനായിട്ടില്ലെന്ന് ഓര്‍ക്കണം.
അവനവന്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടിടത്തു കൂര്‍ക്കംവലിച്ചുള്ള ഉറക്കം നടിക്കുന്നവര്‍ക്കു പൊലിസ് പിടികൂടിയ പ്രതിയുടെ നേരേ ധാര്‍മികരോഷം പ്രകടിപ്പിക്കാന്‍ അവകാശമില്ല. അതു കേവലം 'പ്രകടനം' മാത്രമായേ പരിണമിക്കൂ. സ്വന്തം കര്‍ത്തവ്യം നിര്‍വഹിക്കാത്തവരാണു പാപികള്‍. പാപികള്‍ക്കു കല്ലെറിയാന്‍ അവകാശമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."