ജലാവകാശം സംരക്ഷിക്കാന്‍ അഡ്വ. എസ്. കൊച്ചുകൃഷ്ണന്‍ നിയമപോരാട്ടത്തില്‍
പാലക്കാട്: മരണാസന്നനിലയിലായ ഭാരതപുഴയെ സംരക്ഷിക്കാനും പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുതുക്കി കേരളത്തിന് അവകാശപ്പെട്ട ജലം നേടിയെടുക്കുന്നതിനായി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് അഡ്വ. എസ്. കൊച്ചുകൃഷ്ണന്‍. ജില്ലയുടെ കിഴക്കന്‍ പ്രദേശമായ കൊഴിഞ്ഞാമ്പാറ ഫര്‍ക്കയിലെ ജലാവകാശം സംരഷിക്കുന്നതിനായി കഴിഞ്ഞ മൂന്നു ദശകങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ഇപ്പോള്‍ നിയമപ്പോരാട്ടത്തോടൊപ്പം വിദ്യാര്‍ഥികളടക്കം വിവിധ മേഖലകളിലെ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍കരണം നടത്തി ജനകീയ മുന്നേറ്റത്തിനും ഒരുങ്ങുകയാണ്.
നീര്‍ച്ചാലായി മാറിയ ഭാരതപുഴയുടെ ജലപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായി കര്‍ഷകരെ സംഘടിപ്പിച്ച് ഭാരതപുഴ പുനരുജ്ജീവന കൂട്ടായ്മ രൂപീകരിച്ചിരിക്കുകയാണ്. 1958ലെ ആളിയാര്‍ കരട് കരാറില്‍ തമിഴ്‌നാടുമായി കേരളം ഒപ്പിട്ടതോടു കൂടി ഭാരതപ്പുഴയിലേക്ക് സ്വാഭാവികമായി ഒഴുകിയെത്തിയിരുന്ന ജലം കുറഞ്ഞു. ഇതു കാരണം പുഴ ദയനീയാവസ്ഥ നേരിടുകയാണ്. ആളിയാറില്‍ നിന്നും തമിഴ്‌നാട് കൊണ്ടുപോകുന്ന ജലം ദേശീയമായും അന്തര്‍ദേശീയമായും നിലനില്‍ക്കുന്ന നിയമങ്ങളെ ലംഘിക്കുന്നതാണ്. 1994ലെ ജലവിഭവ മന്ത്രി അധ്യക്ഷനായിരുന്ന നിയമസഭാ അഡ്‌ഹോക്ക് കമ്മിറ്റി ഈ ലംഘനം കണ്ടെത്തിയിരുന്നതാണ്. എന്നാല്‍ തുടര്‍നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല.
തമിഴ്‌നാടിന്റെ കരാര്‍ ലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടും അത് അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യാന്‍ പോലും കേരളാസര്‍ക്കാര്‍ തയ്യാറാവുന്നില്ല. അന്നത്തെ റിപ്പോര്‍ട്ട് തയാറാക്കിയ എം.എല്‍.എമാരില്‍ നാല് പേര്‍ ഇപ്പോഴും നിയമസഭയിലുണ്ട്. ലക്ഷങ്ങള്‍ ചിലവാക്കി തയാറാക്കിയ റിപ്പോര്‍ട്ട് ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല. ഈയൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ കേരളത്തോട് കേന്ദ്രസര്‍ക്കാരില്‍ ട്രൈബുണല്‍ ഉണ്ടാക്കാന്‍ സമ്മര്‍ദം ചെലുത്താന്‍ വേണ്ടി ഇപ്പോള്‍ ഹൈകോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി നല്‍കിയത്. അവധിക്കാലം കഴിഞ്ഞ് കേസ് കോടതി പരിഗണിക്കുമെന്നാണ് ഇപ്പോഴത്തെ വിവരം. കാവേരിക്കേസില്‍ തമിഴ്‌നാട് ഉന്നയിച്ച ആരോപണങ്ങള്‍ കേരളത്തിനും തമിഴ്‌നാടിനെതിരേ ഉന്നയിക്കാമെന്നിരിക്കെ സംസ്ഥാനം മൗനം പാലിക്കുകയാണ്
പ്രശ്‌നം പരിഹരിക്കുന്നതിനായി 1956ലെ അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക നിയമമനുസരിച്ച് ട്രൈബ്യുണല്‍ ഉണ്ടാക്കുന്നതിനായി കേരളാസര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. എന്നാല്‍ കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിഷ്‌ക്രിയ മനോഭാവം കാണിക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിനെതിരേ നിയമ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അഡ്വ. എസ്. കൊച്ചുകൃഷ്ണന്റെ നേതൃത്വത്തില്‍ ഭാരതപ്പുഴ പുനരുജ്ജീവന കൂട്ടായ്മ. കൂടാതെ സ്‌കൂള്‍-കോളജ് തലങ്ങളിലെ എന്‍.എസ്.എസ്, പരിസ്ഥിതി ക്ലബ് തുടങ്ങിയ സംഘടനകളിലെ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍കരണവും നടത്തിവരുന്നു.
കേരളത്തിന് അവകാശപ്പെട്ട ജലം നിഷേധിക്കപ്പെടുമ്പോള്‍ ഭാരതപുഴയിലെ ജലപ്രവാഹം ഇല്ലതാവുകയും ചെയ്യുന്നു. പെരിയാര്‍ ചാലക്കുടി പുഴകളിലെ വൈദ്യുതോല്‍പാദനം കുറയുകയും. ഇത് സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ്. കൂടാതെ ജില്ലയിലെ വ്യാവസായിക കാര്‍ഷിക മേഖലകളുടെ തകര്‍ച്ചക്ക് കാരണമാവുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന കേരളത്തിലെ പുഴകളിലെ ജലപ്രവാഹം തിരിച്ചുകൊണ്ടുവരുന്നതിനായി മരണം വരെയുള്ള പോരാട്ടത്തിന് ഒരുങ്ങുകയാണ് അഡ്വ. എസ്. കൊച്ചുകൃഷ്ണന്‍. ചിറ്റൂര്‍ മുന്‍ എം.എല്‍.എ കെ.എ ശിവരാമ ഭാരതിയുടെ മകനാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."