നിര്‍മിക്കുക; നിര്‍മാണം നമ്മെ നിര്‍മിക്കും
'ഇനി ഒന്നും പറയേണ്ട. നിങ്ങളുടെ കഴുത്തു ഞെരിച്ചു കൊല്ലാനാണു ഞാന്‍ വന്നിരിക്കുന്നത്.''
ക്രൗര്യം തുളുമ്പുന്ന മുഖഭാവത്തോടെ ക്രൂരനായ ആ മനുഷ്യന്‍ ഗുരുവിന്റെ അടുക്കല്‍ചെന്ന് ആക്രോഷിച്ചു. ഗുരുവിന് പക്ഷേ, ബേജാറുണ്ടായിരുന്നില്ല. അദ്ദേഹം ശാന്തസ്വരത്തില്‍ ഇങ്ങനെ പറഞ്ഞു:
''എന്നെ വകവരുത്താനാണു ലക്ഷ്യമെങ്കില്‍ അതിനു ഞാന്‍ നിന്നുതരാം. പക്ഷേ, എന്റെ അവസാനത്തെ ഒരാഗ്രഹം സാധിപ്പിച്ചു തന്നുകൂടേ...''
''പറഞ്ഞോളൂ, എന്താണു താങ്കളുടെ അവസാന ആഗ്രഹം?''
''അക്കാണുന്ന മരക്കൊമ്പൊന്ന് മുറിച്ചുതരണം..'' അകലെയുണ്ടായിരുന്ന ഒരു മരത്തിലേക്കു ചൂണ്ടി ഗുരു പറഞ്ഞു.
''ഓഹോ, അത്രയേ ഉള്ളോ...അതു വളരെ ലളിതമല്ലേ...''
അദ്ദേഹം വേഗം മരത്തില്‍ കയറി ഗുരു പറഞ്ഞ ആ കൊമ്പ് മുറിച്ചുമാറ്റി. ഗുരുവിന്റെ കൈയില്‍ കൊണ്ടുപോയി കൊടുത്തിട്ടു പറഞ്ഞു: ''ഇതാ നിങ്ങള്‍ പറഞ്ഞ ആ കൊമ്പ്.''
''ഇനി ഈ കൊമ്പ് തല്‍സ്ഥാനത്തുതന്നെ കൊണ്ടുപോയി സ്ഥാപിക്കണം. മുറിച്ച അടയാളം പോലും അവിടെ കാണാന്‍ പാടില്ല.'' ഗുരു.
''വിഡ്ഢിത്തം പറയുന്നോ, മുറിച്ച കൊമ്പ് പഴയപടി സ്ഥാപിക്കാന്‍ ആരെകൊണ്ടാണു സാധിക്കുക?''
''ഞാന്‍ വിഡ്ഢിത്തം പറയുകയല്ല, നീ വിഡ്ഢിത്തം ചെയ്യുകയാണ്...''
''അതെന്താ അങ്ങനെ...?''
''എന്നെ വധിക്കുന്നത് പരിഹാരമായി കാണുന്ന നീ സത്യത്തില്‍ വിഡ്ഢിയല്ലേ...തകര്‍ക്കലും പൊളിക്കലും പക്വതയെത്താത്ത കുട്ടികളുടെ സ്വഭാവമാണ്. പക്വമതികളായ മഹത്തുക്കള്‍ നിര്‍മിക്കുകയും വളര്‍ത്തുകയുമാണു ചെയ്യുക. നീ സ്വയം ചിന്തിക്കുക; ഞാന്‍ ഇതില്‍ ഏതു വിഭാഗക്കാരനാണെന്ന്...''
ഏറെ പക്വത എത്തിയിട്ടില്ലാത്ത ഒരു കുട്ടിയുടെ കൈയില്‍ ഒരു കളിപ്പാട്ടം കൊടുത്തുനോക്കൂ, രണ്ടുമൂന്നു ദിവസങ്ങള്‍ക്കകം അതിന്റെ പരിപ്പ് അവന്‍ തോണ്ടിത്തരും. എന്നാല്‍ അതുപോലൊന്ന് ഉണ്ടാക്കിത്തരാന്‍ പറഞ്ഞാല്‍ അവനെ സംബന്ധിച്ചിടത്തോളം കഴിയുന്ന കാര്യമായിരിക്കില്ല അത്. കാരണം, നിര്‍മാണത്തിന് അറിവ് വേണം, സംഹാരത്തിന് അറിവില്ലായ്മ മതി.
വീടു നിര്‍മിക്കാനുള്ള ശാരീരികാധ്വാനവും സാമ്പത്തികച്ചെലവും കുറച്ചൊന്നുമല്ലെന്ന് ആര്‍ക്കുമറിയാം. എന്നാല്‍ ഉണ്ടാക്കിയ വീട് പൊളിച്ചുമാറ്റാനുള്ള അധ്വാനവും ചെലവും വളരെ കുറച്ചു മാത്രമേ വേണ്ടൂ. കാരണം, നിര്‍മാണം അധ്വാനമുള്ളതാണ്. സംഹാരം അധ്വാനം കുറഞ്ഞതാണ്.
സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുക ഏറെ ശ്രമകരമാണല്ലോ. എന്നാല്‍ ശാന്തമായ സമൂഹത്തില്‍ അശാന്തിയും അസമാധാനവും തീര്‍ക്കുക വേഗത്തില്‍ കഴിയുന്ന കാര്യമാണ്. കാരണം, നിര്‍മാണം കടുപ്പമേറിയതാണെങ്കില്‍ സംഹാരം എളുപ്പമേറിയതാണ്. കുഴപ്പങ്ങളുണ്ടാക്കല്‍ എളുപ്പമാണെങ്കില്‍ അടുപ്പങ്ങളുണ്ടാക്കല്‍ കടുപ്പമാണ്.
കണ്ടാലറിയാതെ കാലങ്ങളോളം അന്യരായി ജീവിച്ച ഒരാണും പെണ്ണും ഒരുനാള്‍ വിവാഹജീവിതത്തിലേക്ക് കടക്കുകയാണെങ്കില്‍ അതിനു പിന്നില്‍ ആവശ്യമായ അധ്വാനവും ചെലവും ജനപങ്കാളിത്തവും പറഞ്ഞറിയിക്കാന്‍ കഴിയില്ല. എന്നാല്‍, ആ വൈവാഹികജീവിതത്തെ തകര്‍ത്തെറിയാന്‍ ഒറ്റ വാക്യം മതി. നിര്‍മിക്കാന്‍ ആയിരം വാക്യങ്ങള്‍ മതിയാകാത്തിടത്ത് സംഹരിക്കാന്‍ ഒരു വാക്യം പോലും വേണ്ടാ, ഒറ്റ വാക്കുതന്നെ ധാരാളം എന്നതാണു കാരണം.
കിണര്‍ കുഴിക്കാനുള്ള കഴിവും അറിവുമുള്ളവര്‍ സമൂഹത്തില്‍ ചുരുക്കമേയുള്ളൂ. കുഴിച്ച കിണര്‍ തൂര്‍ത്തു കളയാന്‍ അറിയാത്തവരായി ഒരുത്തനുമുണ്ടാകില്ല. വേണമെങ്കില്‍ പിഞ്ചുകുട്ടികള്‍ പോലും അതില്‍ പങ്കുകൊള്ളും. രണ്ടു പേജ് ടൈപ് ചെയ്യാന്‍ വേണ്ട അധ്വാനത്തിന്റെ മൂന്നിലൊന്നു വേണോ ടൈപ് ചെയ്ത ഡാറ്റകള്‍ ഡിലീറ്റ് ചെയ്യാന്‍? പടക്കം നിര്‍മിക്കാനാവശ്യമായ അറിവിന്റെ നാലിലൊന്നുവേണോ നിര്‍മിച്ച പടക്കം പൊട്ടിച്ചുല്ലസിക്കാന്‍? കുട്ടിയെ തല്ലാതെ വളര്‍ത്താനാവശ്യമായ വിവേകത്തിന്റെ പത്തിലൊന്നു വേണോ കുട്ടിയെ തല്ലി'വളര്‍ത്താന്‍'? ഒരു തുണി നെയ്തുണ്ടാക്കാനാവശ്യമായ സമയത്തിന്റെ നൂറിലൊരു ഭാഗം വേണോ നെയ്തുണ്ടാക്കിയ തുണി കീറിക്കളയാന്‍? ഒരു ചിത്രം വരയ്ക്കാനാവശ്യമായ സൂക്ഷ്മതയുടെ ആയിരത്തിലൊരംശം വേണോ വരച്ച ചിത്രം ചിത്രമല്ലാതാക്കാന്‍?
ഭ്രാന്തന്മാര്‍ നിര്‍മാണം നടത്തുന്നത് അപൂര്‍വമാണ്. സംഹരിക്കുന്നത് ധാരാളം. കുട്ടികള്‍ നിര്‍മാണത്തെക്കാള്‍ സംഹാരത്തിനാണ് താല്‍പര്യം കാണിക്കുക. അറിവും കഴിവും പക്വതയും പാകതയും അധ്വാനവും ആസൂത്രണവും ആവശ്യമായ മേഖലയാണ് നിര്‍മാണം. എന്നാല്‍, സംഹാരത്തിന് അറിവില്ലായ്മയും കഴിവില്ലായ്മയും മതി. ആലസ്യവും അവിവേകവും ധാരാളം. അതിനു പ്രത്യേകമായ രീതികളോ വഴികളോ ഇല്ല. തോന്നിയത് ചെയ്തുകൂട്ടലാണതിന്റെ വഴി.
ജീവിതത്തില്‍ വിജയം മോഹിക്കുന്നവര്‍ സംഹാരകര്‍ത്താക്കളല്ല, നിര്‍മാതാക്കളാണാകേണ്ടത്. നിര്‍മാതാക്കള്‍ മാത്രമേ ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുള്ളൂ. വിമാനം കണ്ടുപിടിച്ചതാരാണെന്നാണ് ക്വിസില്‍ ചോദിക്കുന്നത്. അല്ലാതെ, വിമാനം എന്ന സ്വപ്നം തകര്‍ത്തതാരാണെന്നല്ല. നൂറ്റാണ്ടുകളേറെ പിന്നിട്ടിട്ടും താജ്മഹല്‍ നിര്‍മിച്ചതാരാണെന്ന ചോദ്യം ഇപ്പോഴും ഉന്നയിക്കപ്പെടുന്നു. ശരിയായ ഉത്തരം പറയുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനവും നല്‍കപ്പെടുന്നു. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ നിര്‍മാണഫലം ഓരോ തലമുറയും മുടങ്ങാതെ അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നല്ലേ അതിനര്‍ഥം.
ഉപകാരപ്രദമാകുന്ന എന്തെങ്കിലുമൊന്ന് നിര്‍മിക്കണമെന്ന തീരുമാനം ശ്ലാഘനീയമാണ്. നിര്‍മിക്കുമ്പോള്‍ നാം നമ്മെ നിര്‍മിക്കുകയാണു സത്യത്തില്‍ ചെയ്യുന്നത്.
നമ്മുടെ വ്യക്തിത്വം തെളിഞ്ഞുവരുന്നതും നാം ആരാണെന്ന കാര്യം മറ്റുള്ളവര്‍ അറിയുന്നതും നിര്‍മാണം വഴിയാണ്. സംഹാരത്തിലൂടെ നമ്മുടെ സംഹാരമാണു നടക്കുക. സംഹാരത്തിന്റെ മൂര്‍ത്തീമദ്ഭാവമായിരുന്ന അബൂലഹബിനെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത് അവന്‍ നാശമടയുക തന്നെ ചെയ്തു എന്നാണ്. സംഹാരകര്‍ത്താക്കളായിരുന്ന നംറൂദിനെയും ഫറോവയേയും അബൂജഹ്‌ലിനെയും സംഹരിച്ചുകളഞ്ഞത് അവരവരുടെ സംഹാരക്രിയകള്‍ തന്നെയായിരുന്നുവെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍നിന്ന് വ്യക്തമാകും. ശൂറാ സൂറയുടെ മുപ്പതാം സൂക്തത്തില്‍ ഖുര്‍ആന്‍ പറഞ്ഞല്ലോ: ''നിങ്ങളുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിന്റെ ഫലമായിട്ടുതന്നെയാണ് ഏതൊരാപത്തും നിങ്ങളെ ബാധിച്ചിട്ടുള്ളത്.''
അറിയുക: നാമാവശേഷമായാലും നാമം അവശേഷിപ്പിക്കുന്ന സ്മാരകമാണ് നിര്‍മാണം. നാമാവശേഷമാകുംമുന്‍പേ നാമം നശിപ്പിക്കുന്ന വിസ്മാരകമാണ് സംഹാരം. വിജയിച്ചിട്ടുള്ളവര്‍ മുഴുവന്‍ നിര്‍മാതാക്കളായിരുന്നു. നിര്‍മാണാത്മകമായി ചിന്തിച്ചവരുമായിരുന്നു. പരാജയമടഞ്ഞവരാകട്ടെ, സംഹാരകര്‍ത്താക്കളായിരുന്നു. സംഹാരാത്മകമായി ചിന്തിച്ചവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."