കണ്ണൂരില്‍ അജ്ഞാതജീവിയുടെ ആക്രമണത്തില്‍ പശുക്കള്‍ ചത്തു പുലിയെന്നു സംശയം
കണ്ണൂര്‍: നഗരത്തിനു സമീപത്തെ ചാലാട് പള്ളിയാംമൂലയില്‍ പശുവിനെയും കിടാവിനെയും അജ്ഞാതജീവി ആക്രമിച്ചു കൊലപ്പെടുത്തി. പുലിയാണെന്ന സംശയത്തെ തുടര്‍ന്നു വനം ഉദ്യോഗസ്ഥരും പൊലിസും പരിശോധന നടത്തി.
പ്രദേശത്ത് കാണപ്പെട്ട കാല്‍പ്പാടുകള്‍ പുലിയുടേതിനു സമാനമാണെങ്കിലും പുലിയാണോയെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്തിടെ കണ്ണൂര്‍ കസാനക്കോട്ടയില്‍ പുലിയിറങ്ങിയ സാഹചര്യത്തില്‍ ഇതും പുലിയായിരിക്കുമെന്ന ഭീതിയിലാണു നാട്ടുകാര്‍.
പള്ളിയാംമൂല പള്ളിക്കു സമീപത്തെ പറമ്പില്‍ കെട്ടിയ ചാലാട്ടെ ജസീലിന്റെ പശുവും കിടാവുമാണ് ചത്തത്. വെച്ചൂര്‍ ഇനത്തില്‍പെട്ട ഇവയെ വില്‍ക്കാനായി കൊണ്ടുവന്ന് മണിക്കൂറുകള്‍ക്കകമാണു കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി11.30ഓടെ എട്ടു പശുക്കളെ ലോറിയില്‍ കൊണ്ടുവന്ന് പറമ്പില്‍ കെട്ടിയിട്ടതായിരുന്നു. രാവിലെ സമീപവാസിയാണു പശുക്കള്‍ ചത്തുകിടക്കുന്നതു കണ്ടത്. സമീപത്തെ പറമ്പുകളിലും വീടിന്റെ മുറ്റത്തും പള്ളിയുടെ പറമ്പിലും ബീച്ചിനു സമീപത്തുമാണു പുലിയുടേതെന്നു സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
ചത്ത കിടാവിന്റെ വയര്‍ മാന്തി കുടല്‍മാലകള്‍ പുറത്തിട്ട നിലയിലാണ്.
നെഞ്ചിനു സമീപത്തായി ആഴത്തിലുള്ള മുറിവുണ്ട്. രണ്ടിന്റേയും ചെവികള്‍ കടിച്ചുമുറിച്ച നിലയിലാണ്. ആഴത്തിലെ മുറിവുകള്‍ പുലിയെപോലെയുള്ള വന്യജീവിയുടെ ആക്രമണത്തിന്റെ ഭാഗമാണെന്നു പോസ്റ്റുമോര്‍ട്ടം നടത്തിയ മൃഗസംരക്ഷണ വകുപ്പ് ചീഫ് വെറ്ററിനറി സര്ജന് ഡോ. രാജന് വ്യക്തമാക്കി.
പുലിഭീതിയുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പുലിക്കൂടും കാമറകളും സ്ഥാപിച്ചു. അഴീക്കോട് വായിപ്പറമ്പില്‍ കഴിഞ്ഞദിവസം സ്ഥാപിച്ച കൂടാണ് ഇവിടേക്കു മാറ്റിയത്. വായിപ്പറമ്പിലും കാമറ സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."